കൊച്ചി: വിവാദ ഭൂമി വിൽപന വിവാദം കോടതിയിൽ എത്തിയതോടെ സീറോ മലബാർ സഭ പരമാധ്യക്ഷൻ മാർ ആലഞ്ചേരിക്ക് എതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. തനിക്കെതിരെ നടപടിയെടുക്കാൻ അധികാരം പോപ്പിനെന്ന് കർദ്ദിനാൾ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കോടതിയുടെ വിമർശനം ഉണ്ടായത്. രാജ്യത്തെ നിയമം കർദ്ദിനാളിന് ബാധകമല്ലേയെന്ന് ചോദിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിമർശനം. വിലകുറച്ച് ഭൂമി വിൽപന നടത്താൻ കർദ്ദിനാളിന് അധികാരമുണ്ടോയെന്നും കോടതി ചോദിച്ചു.

അങ്കമാലി അതിരൂപതയുടെ ഭൂമി വിവാദത്തിൽ കർദിനാൾ മാർ ആലഞ്ചേരിക്കെതിരെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ വാദം തുടരുന്നതിനിടെയാണ് ഇത്തരമൊരു വിമർശനം ഉണ്ടായത്. തനിക്കെതിരെ നടപടിയെടുക്കാൻ പോപ്പിനാണ് അധികാരമെന്നും പോപ്പ് തനിക്കെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നുമായിരുന്നു കർദ്ദിനാളിന്റെ വാദം. കാനോൻ നിയമം അതാണ് പറയുന്നതെന്നും കർദ്ദിനാളിന് വേണ്ടി വാദം നടന്നു. ഇതോടെയാണ് കോടതിയുടെ വിമർശനം ഉണ്ടായത്. ബിഷപ്പ് എന്നാൽ രൂപത അല്ലെന്നും രാജ്യത്തെ നിയമം കർദ്ദിനാളിന് ബാധകമല്ലേ എന്നും കോടതി ചോദിച്ചു.

സഭയുടെ സ്വത്ത് സ്വകാര്യ സ്വത്താണെന്നും അത് കൈകാര്യം ചെയ്യാനുള്ള അധികാരം തനിക്കാണെന്നും മാർ ആലഞ്ചേരി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഭൂമി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വിശദീകരണം നൽകവെ ആയിരുന്നു ആലഞ്ചേരി ഈയൊരു നിലപാട് സ്വീകരിച്ചത്. ഭൂമി കൈമാറ്റം ചെയ്തപ്പോൾ പണം ലഭിച്ചോ ഇല്ലയോ എന്ന് മൂന്നാം കക്ഷി അന്വേഷിക്കേണ്ടതില്ലെന്നായിരുന്നു ആലഞ്ചേരിയുടെ വാദം. എന്നാൽ സഭയുടെ സ്വത്ത് ട്രസ്റ്റിന്റേതാണെന്നും സ്വകാര്യ സ്വത്തല്ലെന്നും മറുവാദം ഉയർത്തിയാണ് കർദ്ദിനാളിനെ എതിർക്കുന്നവർ കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. ഈ ഹർജിയിൽ വാദം തുടരുന്നതിനിടെയാണ് ഇന്ന് കോടതിയുടെ വിമർശം ഉണ്ടായത്.

കഴിഞ്ഞദിവസവും കർദ്ദിനാളിന്റെ നിലപാടിനെതിരെ അതിരൂപതാ ആസ്ഥാനത്ത് പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി അതിരൂപതാ ആസ്ഥാനം വിശ്വാസികൾ ഉപരോധിക്കുകയായിരുന്നു. ഭൂമി ഇടപാട് വിവാദത്തിലെ കേസ് നടത്തിപ്പിന് രൂപതയുടെ പണം ഉപയോഗിക്കരുത്, കർദിനാൾ സ്ഥാനത്യാഗം ചെയ്യണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. വായമൂടിക്കെട്ടി പ്ലക്കാർഡുകൾ പിടിച്ചാണ് പ്രതിഷേധം നടത്തിയത്.