- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈലേജ് ഇല്ലെങ്കിൽ തുരുമ്പെടുത്ത് നശിക്കാൻ വിടുകയാണോ വേണ്ടത്? വാഹനം ഓടിക്കാൻ കഴിയില്ലെങ്കിൽ വിൽക്കണം; കെഎസ്ആർടിസിക്ക് എതിരെ ഹൈക്കോടതി
കൊച്ചി: ബസുകൾ തുരുമ്പെടുക്കുന്നത് തടയാൻ കെഎസ്ആർടിസി ഒന്നും ചെയ്യാത്തതിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മൈലേജില്ലെങ്കിൽ ബസുകൾ വെറുതേയിട്ട് നശിപ്പിച്ച് സ്ക്രാപ്പാക്കി വിൽക്കുകയാണോ ചെയ്യേണ്ടതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
മൈലേജ് ഇല്ലാത്ത വാഹനം എന്നതിന്റെ പേരിൽ ബസുകൾ ഓടിക്കാതെ തുരുമ്പെടുത്ത് നശിക്കുന്ന സാഹചര്യം ഉണ്ട്. മൈലേജ് ഇല്ല, വാഹനങ്ങൾ ഓടിക്കാൻ കഴിയില്ല എങ്കിൽ വിറ്റു കൂടെ എന്നാണ് ഹൈക്കോടതിയുടെ ചോദ്യം. സമയത്ത് വിൽക്കാതെ വെറുതെ ഇട്ടാൽ എങ്ങനെ വില കിട്ടും. എന്തിനാണ് ബസുകൾ ഇങ്ങനെ കൂട്ടിയിടുന്നതെന്നും കോടതി ചോദിച്ചു. ശമ്പളം ലഭിക്കാത്തതിനാൽ ജീവനക്കാർ ഇന്നു സമരം ചെയ്യുകയാണെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഓർമിപ്പിച്ചു.
കെഎസ്ആർടിസിയുടെ സ്വത്തുക്കൾ സംരക്ഷിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കാനും കോടതി നിർദ്ദേശം നൽകി. കാര്യക്ഷമത വർധിക്കാനുള്ള നിർദേശങ്ങളും അറിയിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ബസുകൾ ഉപയോഗിക്കാതെ കണ്ടം ചെയ്യുന്നത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ആയിരുന്നു കോടതിയുടെ ചോദ്യങ്ങൾ.
നിലവിൽ കാലാവധി കഴിഞ്ഞ 920 ബസുകളാണ് കണ്ടം ചെയ്യാനുള്ളതെന്ന് കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതിൽ 681 സാധാരണ ബസുകളും 239 ജനറം ബസുകളുമാണ്. 10 വർഷം മുതൽ 19 വർഷം വരെ സർവീസ് നടത്തിയ ബസുകളാണ് കണ്ടം ചെയ്യുന്നത്. ഇതിന്റെ വിശദാംശങ്ങളും കൈമാറിയിട്ടുണ്ട്. കണ്ടം ചെയ്യുന്ന ബസുകളുടെ വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കാസർകോട് സ്വദേശിയായ എൻ രവീന്ദ്രൻ നൽകിയ പൊതുതാത്പര്യ ഹർജിയിലായിരുന്നു കോടതി വിശദാംശങ്ങൾ തേടിയത്.
മറുനാടന് മലയാളി ബ്യൂറോ