കൊച്ചി: പ്രേമിച്ച പെൺകുട്ടിയെ വിവാഹംചെയ്യുംമുമ്പ് യുവാവിനെതിരേ ബലാത്സംഗക്കുറ്റത്തിന് രജിസ്റ്റർചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. യുവാവ് പെൺകുട്ടിയോടൊപ്പം ഒളിച്ചോടിയ സമയത്ത് രജിസ്റ്റർചെയ്ത കേസാണ് അസാധുവാക്കിയത്.

കേസിനെതിരേ യുവാവ് നൽകിയ ഹർജി അനുവദിച്ചാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. പെൺകുട്ടിയെ കാണാതായപ്പോൾ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസായിരുന്നു കോടതി റദ്ദാക്കിയത്. അന്ന് പെൺകുട്ടിക്ക് പതിനേഴും യുവാവിന് ഇരുപതും വയസ്സായിരുന്നു. വിവാഹപ്രായമെത്തിയശേഷം 2015 അവസാനം ഇരുവരും വിവാഹിതരായി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം ജില്ലക്കാരനായ യുവാവ് കേസ് റദ്ദാക്കാൻ ഹർജി നൽകിയത്.

ഭാര്യക്കൊപ്പം ജീവിതം മുന്നോട്ടുകൊണ്ടുപോകുകയാണെന്നും കോടതി നടപടികളുടെ ദുരുപയോഗമാണ് കേസെന്നും യുവാവ് ബോധിപ്പിച്ചു. ഇത്തരം ഹർജികളിൽ ഓരോ കേസിലെയും സാഹചര്യം വിലയിരുത്തിയാണ് തീർപ്പുകല്പിക്കേണ്ടതെന്ന് കോടതി വിലയിരുത്തി. ബലാത്സംഗം, കൊലപാതകം, കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഇരയോ വീട്ടുകാരോ ഒത്തുതീർപ്പാക്കിയാലും കേസ് റദ്ദാക്കരുതെന്നാണ് വ്യവസ്ഥ. അത്തരം കുറ്റകൃത്യങ്ങൾ ഒരു വ്യക്തിക്കെതിരായത് എന്നതിലുപരി സമൂഹത്തിനെതിരായതാണ് എന്നതിനാലാണത്.

ഇരയെ സമ്മർദത്തിലാക്കി പ്രതി ഒത്തുതീർപ്പിന് ശ്രമിക്കാനുള്ള സാധ്യത മുൻനിർത്തിയാണ് ആ കരുതൽ. ഈ കേസിൽ ഇരയോട് കടുത്ത ക്രൂരത കാട്ടിയതായി പറയാനാവില്ല. സമൂഹത്തിൽ കടുത്ത പ്രത്യാഘാതമുണ്ടാക്കുന്ന കേസുകളുടെ ഗണത്തിലും വരില്ല. സ്നേഹിച്ചവർ ഒന്നിച്ച് വീടുവിട്ടുപോകുകയും പിന്നീട് വിവാഹിതരാകുകയും ചെയ്ത സംഭവമാണിത്-കോടതി വിശദീകരിച്ചു.

കേസ് നടപടി തുടരുന്നത് ഇരയുടെ സ്ഥാനത്തുള്ള പെൺകുട്ടിക്ക് കടുത്ത അസൗകര്യമുണ്ടാക്കും. ഭർത്താവിനെതിരേ കേസ് തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് ഭാര്യ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങൾ വിലയിരുത്തിയാണ് ഹർജിക്കാരനെതിരേ വർക്കല പൊലീസ് സ്റ്റേഷനിലെ കേസ് കോടതി റദ്ദാക്കിയത്.