കൊച്ചി: മുൻ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിയിലേക്കു നയിച്ച അശ്ലീല ഓഡിയോ സംപ്രേഷണം ചെയ്ത കേസിലെ പ്രതികളായ മംഗളം ചാനൽ മാധ്യമപ്രവർത്തകർക്കു ജാമ്യമില്ല. ചാനൽ സിഇഒ എ. അജിത് കുമാർ, റിപ്പോർട്ടർ കെ. ജയചന്ദ്രൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. അതേസമയം മൂന്നും നാലും പ്രതികൾക്കു ജാമ്യവും ആറുമുതൽ ഒമ്പതു വരെയുള്ള പ്രതികൾക്കുമുൻകൂർ ജാമ്യവും ഹൈക്കോടതി അനുവദിച്ചു.

ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകരായ എം.ബി. സന്തോഷ്, ഫിറോസ് സാലി മുഹമ്മദ്, എസ്.വി. പ്രദീപ് എന്നിവർക്കാണു മുൻകൂർ ജാമ്യം ലഭിച്ചിരിക്കുന്നത്. ഏപ്രിൽ നാലിന് രാവിലെ ചോദ്യം ചെയ്യലിനു ഹാജരായ ഒമ്പതു പ്രതികളിൽ അഞ്ചുപേരെ 12 മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷമാണു ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

സംഭാഷണം എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്തത് ദുരുദ്ദേശപരമാണെന്നും ലാപ്ടോപ്പും പെൻഡ്രൈവും മോഷണം പോയെന്ന പ്രതികളുടെ വാദം വിശ്വസിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഒന്നും രണ്ടും പ്രതികൾക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. എഡിറ്റ് ചെയ്യാത്ത ഫോൺ റെക്കോർഡ് കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും കോടതി വ്യക്തമാക്കി. ഫോൺ റെക്കോർഡ് കണ്ടെടുക്കാത്തതുകൊണ്ടാണ് ഒന്നും രണ്ടും പ്രതികൾക്ക് ജാമ്യം ലഭിക്കാതിരുന്നതെന്നും കോടതി കൂട്ടിച്ചേർത്തു.

കേസിൽ തെളിവെടുക്കുന്നതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം ചാനലിന്റെ ഓഫീസിൽ പരിശോധന നടത്തി രജിസ്ട്രേഷൻ രേഖകളും വാർത്ത സംപ്രേഷണം ചെയ്തതിന്റെ ഹാർഡ് ഡിസ്‌കുകളും പിടിച്ചെടുത്തിരുന്നു. അതേസമയം തന്റെ ലാപ്ടോപ്പും മൊബൈൽഫോണും കാണാനില്ലെന്ന് കാട്ടി ചാനൽ മേധാവി പരാതി നൽകി.

കേസിൽ ക്രിമിനൽ ഗൂഢാലോചന, ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ തുടങ്ങിയവയാണു പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്.

മംഗളം ചാനൽ ലോഞ്ചിനോട് അനുബന്ധിച്ച് പുറത്തുവിട്ട വാർത്തയെത്തുടർന്ന് മണിക്കൂറുകൾക്കകമാണ് എ.കെ. ശശീന്ദ്രന് ഗതാഗത മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നത്. മന്ത്രിയുടെ അടുക്കൽ സഹായം അഭ്യർത്ഥിച്ചെത്തിയ വീട്ടമ്മയോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതിന്റെ റെക്കോഡിങ്ങ് എന്ന് അവകാശപ്പെട്ടായിരുന്നു ചാനൽ വാർത്ത പുറത്തുവിട്ടത്.

വാർത്ത ഹണി ട്രാപ്പിലൂടെ സൃഷ്ടിച്ചെടുത്തതാണെന്ന് ആരോപണമുയർന്നു. ഇതിനെത്തുടർന്ന് ചനലിനെതിരെ രൂക്ഷമായ വിമർശനങ്ങളുണ്ടായി. ഫോൺ സംഭാഷണം ഹണി ട്രാപ്പിലൂടെ സൃഷ്ടിച്ചതല്ലെന്നാണ് ചാനൽ സിഇഒ അജിത്ത് കുമാർ ആവർത്തിച്ചു കൊണ്ടിരുന്നത്. പരാതിക്കാരി സമയമാകുമ്പോൾ പുറത്തുവരുമെന്നും ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും സിഇഒ പറഞ്ഞിരുന്നു. എന്നാൽ മംഗളത്തിലെ മാധ്യമപ്രവർത്തകയെ ഉപയോഗിച്ചാണ് ഫോൺ സംഭാഷണം ശേഖരിച്ചതെന്ന് അജിത്ത് കുമാർ പിന്നീട് കുറ്റസമ്മതം നടത്തി.