- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടിയൊഴിപ്പിക്കാൻ അധികാരികൾ എത്തിയ ദിവസം തന്നെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി; രാജൻ പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത് സ്റ്റേ ഓർഡറിന്റെ പകർപ്പ് കിട്ടും വരെ പൊലീസിനെ തടഞ്ഞു നിർത്താനും; രണ്ട് ജീവനുകൾ പൊലിഞ്ഞത് സ്റ്റേ ഓർഡർ എത്തും മുമ്പ് കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കാനുള്ള അധികാരികളുടെ തിടുക്കം കാരണം
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ രാജന്റെയും ഭാര്യ അമ്പിളിയുടെയും മരണത്തിന് പിന്നാലെ നിർണായക വെളിപ്പെടുത്തലുമായി കുടുംബം. ഒഴിപ്പിക്കലിന് ഹൈക്കോടതി സ്റ്റേ പുറപ്പെടുവിച്ചിരുന്നു എന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. രാജനേയും കുടുംബത്തേയും കുടിയൊഴിപ്പിക്കാൻ അധികാരികൾ എത്തിയ ദിവസം തന്നെയാണ് ഹൈക്കോടതി നടപടികൾ സ്റ്റേ ചെയ്തതെന്നും ഇവർ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.
തങ്ങളെ ഒഴിപ്പിക്കാൻ സ്ഥലം ഉടമ കോടതിവിധി നേടിയെന്നറിഞ്ഞതിന് പിന്നാലെ രാജൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലീസ് ഒഴിപ്പിക്കാൻ വരുന്ന അതേദിവസം തന്നെ സ്റ്റേ ഓർഡർ എത്തുമെന്നും രാജന് അറിയാമായിരുന്നു. സ്റ്റേ ഓർഡറിന്റെ പകർപ്പ് കിട്ടും വരെ പൊലീസിനെ തടഞ്ഞു നിർത്താനാണ് രാജൻ പെട്രോളൊഴിച്ച് പ്രതിഷേധിക്കാൻ തുനിഞ്ഞതെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. എന്നാൽ ഒഴിപ്പിക്കൽ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചതറിഞ്ഞ സ്ഥലമുടമകൾ പൊലീസിനെ സ്വാധീനിച്ച് അതിനു മുൻപേ രാജനേയും കുടുംബത്തയും ഒഴിപ്പിക്കാൻ നീക്കം നടത്തിയതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നും ബന്ധുക്കൾ പറയുന്നു.
ഇക്കഴിഞ്ഞ 22നാണ് സംഭവം. സ്ഥലം ഒഴിപ്പിക്കൽ നടപടിക്കിടെയാണ് രാജനും അമ്പിളിയും സ്വയം തീ കൊളുത്തിയത്. തിരുവനന്തപുരം നെയ്യാറ്റിൻകര പോങ്ങയിൽ സ്വദേശികളാണ് മരിച്ചത്. പൊള്ളലേറ്റ രാജന്റെ ഇരു വൃക്കകളും തകരാറിലായിരുന്നു. സ്ഥലം ഒഴിപ്പിക്കൽ നടപടിക്കിടെ ദമ്പതികൾ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രാജനെ ഉടൻ തന്നെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കോടതി ഉത്തരവ് പ്രകാരം ഒഴിപ്പിക്കൽ നടപടി നടക്കുന്നതിനിടെയാണ് ദമ്പതിമാരായ രാജനും ഭാര്യ അമ്പിളിയും പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്.
ഒരു വർഷം മുമ്പ് അയൽവാസി വസന്ത തന്റെ മൂന്ന് സെന്റ് പുരയിടം രാജൻ കയ്യേറിയതിനെതിരെ നെയ്യാറ്റിൻകര മുൻസിഫ് കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചിരുന്നു. എന്നാൽ രാജൻ ഈ പുരയിടത്തിൽ നിർമ്മാണ പ്രവർത്തനം നടത്തി. കഴിഞ്ഞ ജൂണിൽ കോടതി കമ്മിഷനെ നിയോഗിച്ച് ഒഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് രാജൻ തടസപ്പെടുത്തി. തുടർന്ന് പൊലീസ് സഹായത്തോടെ ഒഴിപ്പിക്കാൻ എത്തിയപ്പോഴാണ് ഇരുവരും ആത്മഹത്യാശ്രമം നടത്തിയത്.
75 ശതമാനം പൊള്ളലേറ്റ് വൃക്കകളുടെ പ്രവർത്തനം നിന്നതോടെ രാജൻ ഇന്ന് പുലർച്ചെ മരിച്ചു. വൈകുന്നേരം നെയ്യാറ്റിൻകരയിലെ തർക്കഭൂമിയിൽ സംസ്കാരം ചടങ്ങുകൾ നടക്കുന്നതിനിടെയാണ് ഭാര്യ അമ്പിളിയുടെ മരണവാർത്തയും സ്ഥിരീകരിച്ചത്. ഇതോടെ രാജൻ - അമ്പിളി ദമ്പതികളുടെ മക്കളായ രാഹുലും രജ്ഞിത്തും അനാഥരായി.
മറുനാടന് ഡെസ്ക്