കൊച്ചി: ശബരിമലയിലെ നിയന്ത്രണങ്ങളിൽ ഹൈക്കോടതിയുടെ ഇടപെടൽ. വാവര് നടയിലേതടക്കം ബാരിക്കേഡുകൾ നീക്കണം. ശരംകുത്തിയിൽ രാത്രി തീർത്ഥാടകരെ തടയരുത്. തീർത്ഥാടകരെ തടയുന്നതിലെ വിശദീകരണം തൃപ്തികരമല്ല. സാഹചര്യം പരിശോധിച്ച് നിയന്ത്രണങ്ങൾ നീക്കാൻ കോടതി ഡിജിപിക്ക് നിർദ്ദേശം നൽകി. നിയന്ത്രണങ്ങൾ നീക്കില്ലെന്ന് നിലപാടെടുത്ത എൽഡിഎഫ് സർക്കാരിന് കോടതി ഉത്തരവ് തിരിച്ചടിയായി. ശബരിമലയിലെ നിയന്ത്രണങ്ങൾ നീക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞത്.

വാവര് നട, മഹാകാണിക്ക, ലോവർ തിരുമുറ്റം, വലിയ നടപ്പന്തൽ, അടക്കമുള്ള സ്ഥലങ്ങളിലെ ബാരിക്കേഡ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നീക്കാൻ കോടതി ഉത്തരവിട്ടു. ശബരിമലയിൽ രാത്രി 11 ന് ശേഷം തീർത്ഥാടകരെ തടയരുതെന്നും കെ.എസ്.ആർ.ടി.സി ടൂ വേ ടിക്കറ്റിന് നിർബന്ധിക്കരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. കലാകാരന്മാർക്ക് ശബരിമലയിൽ അവരുടെ കലാപരിപാടികൾ അവതരിപ്പിക്കുന്നതിൽ നിയന്ത്രണമുണ്ടോ എന്നും കോടതി ചോദിച്ചു. ശിവമണിക്ക് നടപന്തലിൽ പരിപാടി അവതരിപ്പിക്കാൻ അനുമതി നിഷേധിച്ച സംഭവം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ ചോദ്യം. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് വിശദീകരണം നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

നിരോധനാജ്ഞ മൂലം ഭക്തർക്ക് ദർശനത്തിന് തടസമുണ്ടാകുന്നില്ലെന്നും നിയന്ത്രണം നീക്കണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ ക്രമസമാധാനം നിലനിർത്തുന്നതിനാണ് നിരോധനാജ്ഞയും ക്രമീകരണങ്ങളും ഏർപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ക്രമസമാധാന പ്രശ്‌നങ്ങൾ സംബന്ധിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റും സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടിയത്. നിരോധനാജ്ഞ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. ക്രമീകരണം നീക്കാൻ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിട്ടില്ല. ശബരിമലയിൽ തീർത്ഥാടകരെന്ന വ്യാജേന എത്തുന്നവർ നടത്തുന്ന സമരങ്ങൾ നിയന്ത്രിക്കാൻ പൊലീസ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിവിധ ചോദ്യങ്ങൾക്കായി മറുപടി നൽകി.

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വി എസ് ശിവകുമാർ, പാറക്കൽ അബ്ദുല്ല, എൻ ജയരാജ് എന്നീ എംഎ‍ൽഎമാരാണ് സഭാകവാടത്തിൽ സത്യഗ്രഹം നടത്തുന്നത്. അതേസമയം, ശബരിമലയിൽ നിരോധനാജ്ഞ തുടരണമെന്ന് നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരുടെ റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാകും ഇക്കാര്യത്തിൽ കളക്ടർ അന്തിമ തീരുമാനമെടുക്കുക.

നാലിടങ്ങളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അർധ രാത്രിയാണ് അവസാനിക്കുക. സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങളിൽ അയവു വരുത്തിയെങ്കിലും വാവര് നട ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ബാരിക്കേടുകൾ മാറ്റിയിരുന്നില്ല. വാവർ നടയ്ക്ക് മുന്നിലെ ബാരിക്കേഡുകൾ നീക്കണമെന്ന ദേവസ്വം ബോർഡിന്റെ ആവശ്യം സർക്കാർ നേരത്തെ തള്ളിയിരുന്നു. പൊലീസിന്റെ ക്രമീകരണങ്ങൾ തുടരുമെന്ന് ഡിസംബർ ഒന്നിന് ചേർന്്‌ന യോഗത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. 

ദേവസ്വം മന്ത്രി വിളിച്ച അവലോകന യോഗത്തിൽ ദേവസ്വം കമ്മീഷണറാണ് വാവർ നടയ്ക്ക് മുന്നിലുള്ള ബാരിക്കേഡുകൾ പൂർണമായും നീക്കണമെന്ന് ആവശ്യപ്പെട്ടത്. നിലവിലെ സാഹചര്യത്തിൽ ഇതിന് കഴിയില്ലെന്നായിരുന്നു പൊലീസ് നിലപാട്. ഭക്തർക്ക് ഇത് മൂലം യാതൊരു അസൗകര്യവുമില്ലെന്ന് ദേവസ്വം മന്ത്രി കൂടി നിലപാട് എടുത്തതോടെ നിയന്ത്രണം നിലനിർത്തണമെന്ന പൊലീസ് ആവശ്യം അംഗീകരിക്കപ്പെട്ടു.

ശബരിമലയുടെ മതസൗഹാർദത്തിന്റെ പ്രതീകമാണ് വാവർ നട. എന്നാൽ പൊലീസ് നിയന്ത്രണങ്ങളെത്തുടർന്ന് വാവർ നടയിൽ തിരക്കൊഴിഞ്ഞ മണ്ഡലക്കാലമാണ് ഉണ്ടായത്. 144 പ്രഖ്യാപിച്ചതിനെ തുടർന്ന് വാവരുനടയുടെ ചുറ്റും കമ്പിവേലി നിർമ്മിച്ച് ഭക്തരെ തടഞ്ഞു ശത്രുപക്ഷത്തായിരുന്ന വാവരെ കൂടെ കൂട്ടി കൂട്ടുകാരനാക്കിയ അയ്യപ്പൻ തന്റെ ടുത്ത് തന്നെ വാവർക്ക് സ്ഥാനം നൽകി എന്നാണ് ഐതീഹ്യം. നാൽപത്തൊന്നു ദിവസം വ്രതമെടുത്ത് ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർ വാവരെ വണങ്ങണമെന്നാണ് പറയുന്നത്. എന്നാൽ വാവർ നടക്കു ചുറ്റും പൊലീസ് ബാരിക്കേഡ് തീർത്ത് ഭക്തരെ തടസ്സപ്പെടുത്തിയതിതിൽ ദേവസ്വം ബോർഡിന് കടുത്ത അതൃപ്തിയായിരുന്നു.