- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല വ്യാജ ചെമ്പോല കേസിൽ ആർ.ശ്രീകണ്ഠൻ നായർക്ക് ഹൈക്കോടതി നോട്ടീസ്; കോടതിയിൽ ഹാജരായി വിശദീകരണം നൽകണം; കേസിൽ സഹിൻ ആന്റണിക്കും മോൺസൺ മാവുങ്കലിനും പുറമേ സർക്കാരിനും നോട്ടീസ്; നടപടി അഡ്വ.ശങ്കു.ടി.ദാസിന്റെ പരാതിയിൽ
കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് 24 ന്യൂസ് ചാനൽ അവതരിപ്പിച്ച ചെമ്പോല വ്യാജമാണെന്നും അന്ന് പുറത്തുവിട്ടത് വ്യാജവാർത്ത ആയിരുന്നുവെന്നും മോൻസൻ പിടിയിലായതോടെ തെളിഞ്ഞിരുന്നു. 24 ന്യൂസിന്റെ കൊച്ചി ബ്യൂറോ സീനിയർ റിപ്പോർട്ടർ സഹിൻ ആന്റണി അവതരിപ്പിച്ച വ്യാജ വാർത്തയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് അഡ്വ. ശങ്കു ടി. ദാസ് ഫേസ്ബുക്കിലൂടെ നടത്തിയ പരാതി ക്യാംപെയ്ൻ മലയാളി സമൂഹം ഏറ്റെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ ശങ്കു ടി ദാസ് ഫയൽ ചെയ്ത ക്രിമിനൽ കേസ് ഹൈക്കോടതി സ്വീകരിച്ചു. ആർ.ശ്രീകണ്ഠൻ നായർക്കും മറ്റ് എതിർകക്ഷികൾക്കും ഹാജരാകാൻ നോട്ടീസ് അയച്ചു. ഒക്ടോബർ രണ്ടിനാണ് വ്യാജ ചെമ്പോല ഉപയോഗിച്ച് തെറ്റായ വാർത്ത പ്രചരിപ്പിച്ച് ഹിന്ദു സമൂഹത്തിൽ ജാതീയമായ ഭിന്നിപ്പും സ്പർദ്ധയും സൃഷ്ടിക്കാൻ ശ്രമിച്ച 24 ന്യൂസ് ചാനലിന് എതിരെ ശങ്കു ടി ദാസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി കൊടുക്കുന്നത്. എന്നാൽ, എഫ്ഐആർ എടുക്കുവാൻ പൊലീസ് തയ്യാറായില്ല.
തുടർന്ന് പൊന്നാനി കോടതിയെ സമീപിച്ചെങ്കിലും തങ്ങളുടെ പരിധിയിൽ അല്ലാത്തതുകൊണ്ട് ഇവിടെ കേസ് എടുക്കാനാവില്ലെന്ന കാരണം ഉന്നയിച്ച് പരാതി മടക്കുകയാണ് ചെയ്തത്. ഇതിനെതിരെയാണ് ശങ്കു ടി ദാസ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി സർക്കാരിനും നോട്ടീസ് അയച്ചിട്ടുണ്ട്. സർക്കാരും നിലപാട് വ്യക്തമാക്കണം. ഇത്രയും വലിയൊരു കുറ്റം ചെയ്തിട്ടും അതിന്റെ പേരിൽ ഒരു എഫ്.ഐ.ആർ എങ്കിലും ഞങ്ങളുടെ പേരിൽ നിലവിലുണ്ടോ എന്ന് പൊതുസമൂഹത്തെ പരിഹസിക്കാനുള്ള അവസരം 24 ന്യൂസുകാർക്ക് കൊടുക്കില്ല എന്ന് ശങ്കു ടി ദാസ് ഫേസ്ബുക്കിൽ കുറിച്ചു.
അഡ്വ.ശങ്കു ടി ദാസിന്റെ ഫേസ്ബുക്ക് കുറിപ്പ്
വ്യാജ ചെമ്പോല കേസ് അപ്ഡേറ്റ്:
ഞാൻ ഫയൽ ചെയ്ത ക്രിമിനൽ എം.സി ബഹുമാനപ്പെട്ട ഹൈക്കോടതി അഡ്മിറ്റ് ചെയ്തു. ആർ. ശ്രീകണ്ഠൻ നായർക്കും മറ്റ് എതിർകക്ഷികൾക്കും ഹാജരാവാൻ നോട്ടീസ് അയച്ചു. ഒക്ടോബർ രണ്ടിനാണ് വ്യാജ ചെമ്പോല ഉപയോഗിച്ച് തെറ്റായ വാർത്ത പ്രചരിപ്പിച്ച് ഹിന്ദു സമൂഹത്തിൽ ജാതീയമായ ഭിന്നിപ്പും സ്പർദ്ധയും സൃഷ്ടിക്കാൻ ശ്രമിച്ച 24 ന്യൂസ് ചാനലിന് എതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് ഞാൻ പരാതി കൊടുക്കുന്നത്.
പരാതി സ്പെഷ്യൽ ബ്രാഞ്ച് പരിശോധിച്ച ശേഷം തുടർ നടപടിക്കായി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ഫോർവേഡ് ചെയ്തു.
അവിടെ നിന്ന് തിരൂർ ഡി.വൈ.എസ്പിക്ക് ഫോർവേഡ് ചെയ്തു. തിരൂർ ഡി.വൈ.എസ്പിയുടെ ഓഫീസിൽ ഞാൻ നേരിട്ട് ഹാജർ ആവുകയും മൊഴി കൊടുക്കുകയും ചെയ്തു. അതിന് ശേഷം അത് വീണ്ടും പൊന്നാനി സർക്കിൾ ഇൻസ്പെക്ടർക്ക് അയക്കുകയും അവിടെ നിന്ന് വിളിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഞാൻ പൊന്നാനി സ്റ്റേഷനിലും ഹാജർ ആയി വീണ്ടും മൊഴി കൊടുക്കുകയും ചെയ്തു.
ഇത്രയും ആയപ്പോളേക്കും മാസം ഒന്ന് കഴിഞ്ഞു. എന്നിട്ടും പരാതിയിൽ എഫ്.ഐ.ആർ ഇട്ടു കിട്ടിയില്ല.ഞങ്ങൾ മുകളിൽ നിന്ന് താഴേക്കും വീണ്ടും താഴെ നിന്ന് മുകളിലേക്കും ആലോചിച്ചിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള കുറ്റകൃത്യം ഒന്നും കണ്ടെത്താൻ ആയില്ലെന്നതായിരുന്നു പൊലീസിന്റെ നിലപാട്.പൊലീസ് കേസ് എടുക്കില്ലെന്ന് ബോധ്യപ്പെട്ടപ്പോൾ ഞാൻ പ്രൈവറ്റ് കംപ്ലയിന്റ് ആയി പൊന്നാനി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു.
Cr.PC 190 (1) (a) പ്രകാരം CMP ഫയൽ ചെയ്തു. നവംബർ 29ന് ബഹുമാനപ്പെട്ട പൊന്നാനി മജിസ്ട്രേറ്റ് കോടതി എന്റെ വാദം കേട്ടു.എന്നാൽ പരാതിയിൽ ഞാൻ പരാമർശിക്കുന്ന IPC 468, 473 വകുപ്പുകൾ പ്രകാരമുള്ള Forgery നടന്നത് പൊന്നാനി കോടതിയുടെ പരിധിയിൽ അല്ലാത്തതുകൊണ്ട് ഇവിടെ കേസ് എടുക്കാനാവില്ലെന്ന കാരണം ഉന്നയിച്ച് പരാതി മടക്കുകയാണ് ചെയ്തത്. അത് തെറ്റായതും നിയമ വിരോധമായതും നിലനിൽക്കാത്തതുമായ വിധിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അതിനെതിരെ ഞാൻ ഹൈക്കോടതിയെ സമീപിച്ചത്.
Forgery നടന്നത് എവിടെയാണെന്ന് അറിയണമെങ്കിൽ ആദ്യം അന്വേഷണം ഉണ്ടാവണം. എവിടെയെങ്കിലും ഒരു FIR ഇട്ട്, പ്രതികളെ ചോദ്യം ചെയ്ത്, തെളിവെടുപ്പ് നടത്തണം. എന്നാൽ സംസ്ഥാന പൊലീസ് മേധാവി മുതൽ താഴോട്ടുള്ള സകല ഉദ്യോഗസ്ഥരുടെയും കൈകളിലൂടെ സഞ്ചരിച്ചിട്ടും ഇവിടെയൊരു അന്വേഷണം പോലും ഉണ്ടായിട്ടില്ല. പിന്നെങ്ങനെയാണ് Forgery നടന്ന സ്ഥലവും ആ പരിധിയിൽ അധികാരമുള്ള കോടതിയും ഏതാണെന്ന് സാധാരണക്കാരനായ പരാതിക്കാരൻ അറിയുന്നത്?
അതുകൊണ്ട് കേസിൽ ആദ്യം വേണ്ടത് FIR രജിസ്റ്റർ ചെയ്തുള്ള അന്വേഷണമാണ്. കേരളം മുഴുവൻ പ്രക്ഷേപണം ചെയ്യപ്പെട്ട ഒരു വാർത്തയുടെ വിഷയത്തിൽ എവിടെ FIR ഇടാനും നിയമപരമായി ഒരു തടസ്സവുമില്ല. ഇക്കാര്യം ഉന്നയിച്ചാണ് ബഹുമാനപ്പെട്ട ഹൈക്കോടതി മുൻപാകെ സീനിയർ അഭിഭാഷകൻ ആയ അഡ്വ. പി. വേണുഗോപാൽ മുഖാന്തിരം ഞാൻ Criminal MC ഫയൽ ചെയ്തത്.
ഇന്നലെ അഡ്മിഷന് വന്ന കേസ് പ്രൈമറി ഹിയറിങ്ങിനു ശേഷം ബഹു ഹൈക്കോടതി അഡ്മിറ്റ് ചെയ്യുകയും എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കുകയും ചെയ്യുകയുണ്ടായി. ഇനിയവർ ഹാജരായി എന്തുകൊണ്ട് തങ്ങൾക്കെതിരെ അന്വേഷണം ആവശ്യമില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തണം. നാലാം എതിർകക്ഷിയായ കേരള സർക്കാരിനും നോട്ടീസ് നൽകിയിട്ടുണ്ട്. സർക്കാരിന്റെ നിലപാടും കോടതിയെ അറിയിക്കണം.
വ്യാജ ചെമ്പോലയുടെ കാര്യത്തിൽ വെറുതെയൊരു പരാതി കൊടുത്തു കടം കഴിക്കുക മാത്രമല്ല, അതിൽ ഏതറ്റം വരെ പോയിട്ടായാലും നടപടി ഉറപ്പ് വരുത്തും എന്ന് ആദ്യ ദിവസമേ ഞാൻ പറഞ്ഞിരുന്നതാണ്.ആ പറഞ്ഞതിൽ ഇപ്പോഴും ഞാൻ ഉറച്ചു നിൽക്കുന്നു. ഇത്രയും വലിയൊരു കുറ്റം ചെയ്തിട്ടും അതിന്റെ പേരിൽ ഒരു എഫ്.ഐ.ആർ എങ്കിലും ഞങ്ങളുടെ പേരിൽ നിലവിലുണ്ടോ എന്ന് പൊതുസമൂഹത്തെ പരിഹസിക്കാനുള്ള അവസരം 24 ന്യൂസുകാർക്ക് കൊടുക്കില്ല.
കേസ് എടുപ്പിക്കുന്നത് വരെ പിറകിൽ തന്നെയുണ്ടാവും.
ബാക്കി കാര്യങ്ങൾ വഴിയേ.
ഈ വിഷയത്തിൽ ശങ്കു ടി.ദാസ് നേരത്തേ ഡിജിപിക്ക് പരാതി നൽകിയിരുന്നു. 2018 ഡിസംബർ 10ന് സഹിൻ ആന്റണി നൽകിയ വാർത്തക്കെതിരെയാണ് പരാതി. ശബരിമല ക്ഷേത്രത്തെ സംബന്ധിക്കുന്ന 400 വർഷം പഴക്കമുള്ള ആധികാരിക രേഖ എന്നവകാശപ്പെട്ടാണ് പന്തളം കൊട്ടാരം വക ചെമ്പോല തിട്ടൂരത്തിന്റെ മാതൃകയിൽ വ്യാജമായി നിർമ്മിച്ച കൃത്രിമ രേഖ ഉയർത്തി കാട്ടി 24 ന്യൂസ് തെറ്റായ വാർത്ത അവതരിപ്പിച്ചതെന്ന് പരാതിയിൽ പറഞ്ഞിരുന്നു. പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള മോൻസൺ മാവുങ്കൽ എന്നയാളുടെ വ്യാജ പുരാവസ്തു ശേഖരത്തിന്റെ ഭാഗമായിരുന്നു ചെമ്പോല തിട്ടൂരവും. കൊല്ലം വർഷം 843ൽ പുറപ്പെടുവിച്ചതും രാജ മുദ്രയുള്ളതും പ്രാചീന കോലെഴുത്ത് മലയാളത്തിൽ ചെമ്പ് തകിടിൽ എഴുതപ്പെട്ടതുമായ ആ രേഖ പ്രകാരം ശബരിമല ക്ഷേത്രത്തിൽ ബ്രാഹ്മണ പൂജാരികൾക്ക് യാതൊരു അധികാരവും ഇല്ലെന്ന് 24 ന്യൂസ് റിപ്പോർട്ടിൽ ആരോപിച്ചതായും പരാതിയിൽ പറഞ്ഞിരുന്നു.
ശബരിമല ക്ഷേത്രത്തിൽ ഈഴവർക്കും മലയരയർക്കും മാത്രമേ ആരാധനയ്ക്കും ആചാരങ്ങൾക്കും അധികാരമുള്ളൂ എന്നും അങ്ങനെയിരിക്കെ താഴ്മൺ മഠം എന്ന തന്ത്രി കുടുംബം ക്ഷേത്രത്തിലെ സുപ്രധാന സ്ഥാനത്ത് എത്തിയതിൽ ദുരൂഹത ഉണ്ടെന്നും മറ്റുമുള്ള ദുരുദ്ദേശ്യപരമായ പരാമർശങ്ങളാണ്റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരുന്നത്. ഈ വാർത്ത പിന്നീട് മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തു.
ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിനായി ഹൈന്ദവ വിശ്വാസി സമൂഹം ഒറ്റക്കെട്ടായി മുന്നേറിയിരുന്ന കാലത്ത് ബോധപൂർവ്വം സമാജത്തിൽ ജാതിയുടെ പേരിലുള്ള ഭിന്നിപ്പും സ്പർദ്ധയും സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ള ഗൂഢാലോചന ആയിരുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ തെളിയിക്കുന്നത്. സഹിൻ ആന്റണിക്ക് മോൻസൺ മാവുങ്കലുമായുള്ള അടുപ്പം ഇതിനകം വാർത്തയായിട്ടുണ്ട്. മോൻസണിന് പല ഉന്നതരെയും പരിചയപ്പെടുത്തി കൊടുത്തതും, അയാളുടെ പല ഇടപാടുകളുടെയും മധ്യസ്ഥൻനായതും, പല പരാതികളും സ്വാധീനം ഉപയോഗിച്ച് ഒതുക്കി തീർത്തു കൊടുക്കാൻ ഇടപെട്ടതുമെല്ലാം ഇതേ സഹിൻ ആന്റണി ആണെന്ന് പലരും വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ടെന്നും പരാതിയിൽ ശങ്കു പറയുന്നു.
കൃത്യമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ ഇതിന്റെ യാഥാർഥ്യം പുറത്തു കൊണ്ടു വരാൻ സാധിക്കൂ, എന്നും പരാതിയിൽ പറയുന്നു. എന്നാൽ ആ പരാതിയിൽ യാതൊരു നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അത്തരമൊരു സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.
മറുനാടന് മലയാളി ബ്യൂറോ