- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇലക്ട്രിക്കൽ സാധനങ്ങളുടെ കയറ്റിറക്കുമതി ചുമട്ട് തൊഴിലാളികളുടെ അവകാശമല്ല; കൂടുതൽ സൂക്ഷ്മത വേണമെന്നും ഇതിനു പരിശീലനം ലഭിച്ചവർ വേണ്ടിവരുമെന്നുമെന്നും ഹൈക്കോടതി; കോടതി വിധി ആലപ്പുഴ സ്വദേശിയുടെ ഹർജിയിൽ
കൊച്ചി: ടെലിവിഷൻ, റെഫ്രിജറേറ്റർ തുടങ്ങിയ ഇലക്ട്രിക്കൽ സാധനങ്ങളുടെ കയറ്റിറക്കു ജോലി തങ്ങൾക്കു വേണമെന്ന് ചുമട്ടു തൊഴിലാളികൾക്ക് നിർബന്ധം പിടിക്കാനാവില്ലെന്ന് ഹൈക്കോടതി. ഇലക്ട്രിക്കൽ സാധനങ്ങളുടെ കയറ്റിറക്കിൽ കൂടുതൽ സൂക്ഷ്മത വേണമെന്നും ഇതിനു പരിശീലനം ലഭിച്ചവർ വേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
ആലപ്പുഴയിൽ ഇലക്ട്രിക്കൽ സാധനങ്ങളുടെ കച്ചവടം നടത്തുന്ന എ ബാലകൃഷ്ണൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. തന്റെ കടയിലേക്കുള്ള ഇലക്ട്രിക്കൽ സാധനങ്ങൾ കയറ്റിറക്കു നടത്തുന്ന, സ്വന്തം തൊഴിലാളികൾക്കു പൊലീസ് സുരക്ഷ ആവശ്യപ്പെട്ടാണ് ബാലകൃഷ്ണൻ കോടതിയെ സമീപിച്ചത്.
ഇലക്ട്രോണിക്, ഇലക്ട്രിക് വീട്ടുപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ചുമട്ടു തൊഴിലാളികൾക്കു പരിശീലനം ലഭിച്ചിട്ടില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. വിലപിടിപ്പിക്കുള്ള ഉപകരണങ്ങൾ തൊഴിലാളികൾ വേണ്ടത്ര സൂക്ഷ്മതയില്ലാതെ കൈകാര്യം ചെയ്താൽ തനിക്കു നഷ്ടം സംഭവിക്കും. അതുകൊണ്ട് പരിശീലനം നേടിയ സ്വന്തം തൊഴിലാളികളാണ് അവ കൈകാര്യം ചെയ്യുന്നത്. അവർക്കു സുരക്ഷ വേണമൈന്നായിരുന്നു ഹർജിയിലെ ആവശ്യം.
ഇലക്ട്രോണിക് സാധനങ്ങൾ കൈകാര്യം ചെയ്യാൻ പരിശീലനം നേടാത്ത തൊഴിലാളികൾക്ക് അവ കയറ്റിറക്കു നടത്തുന്നതിൽ അവകാശവാദം ഉന്നയിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സ്മാർട്ട് ടിവി, റഫ്രിജറേറ്റർ, ഫുഡ് പ്രൊസസർ, മൈക്രോവേവ് അവൻ, വാട്ടർ ്പ്യൂരിഫയർ തുടങ്ങിയവയിൽ എല്ലാം സങ്കീർണമായ സർക്യൂട്ടുകൾ ഉണ്ടെന്ന് കോടതി പറഞ്ഞു. ഇവയ്ക്കു കേടുപാടു പറ്റുന്നത് ഉടമയ്ക്കു നഷ്ടമുണ്ടാക്കുമെന്ന വാദം കോടതി അംഗീകരിച്ചു.
മറുനാടന് മലയാളി ബ്യൂറോ