കോട്ടയം: സർവീസ് ചട്ടം കാറ്റിൽ പറത്തി ജില്ലാ ജിയോളജിസ്റ്റ് തസ്തികയിൽ സ്ഥാനക്കയറ്റം നേടിയ ഇടിക്കു ജില്ലാ ജിയോളജിസ്റ്റ് ബി അജയകുമാറിന്റെ നിയമനം പരിശോധിക്കാൻ സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. സംസ്ഥാന എൻ.ജി.ഒ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടഖി ബെന്നി സെബാറ്റിയന്റെ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. ജില്ലാ ജിയോളജിസ്റ്റ് ഈ പദവിയിൽ ഇരിക്കാൻ യോഗ്യതയില്ലാത്ത വ്യക്തിയാണെന്ന് ചൂണ്ടിക്കാണിച്ച് ബെന്നി സെബാാസ്റ്റ്യൻ കഴിഞ്ഞ ഒക്ടോബർ ആറിനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെ ഒരുമാസത്തിന് ശേഷം അജയകുമാറിന്റെ നിയമനത്തെ കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് സി,വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടത്. മുൻപ് ഇതേ വിഷയുമായി ബന്ധപ്പെട്ട് വ്യവസമായ മന്ത്രി ഇ,പി ജയരാജന് പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇതോടെയാണ് വിഷയം കോടതിയിലെത്തിയത്.

നിലവിൽ ഇടുക്കി ജില്ലാ ജിയോളജിസ്റ്റ് ആയ അജയകുമാറിന് എതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ജില്ലാ ജിയോളജിസ്റ്റായി സേവനമനുഷ്ടിക്കാനുള്ള നിർദിഷ്ട യോഗ്യത ബി അജയകുമാറിനില്ലെന്നാണ് ആക്ഷേപം. ലോവർ അപ്പർ പരീക്ഷകൾ പാസാവാതെ അനധികൃത സ്ഥനക്കയറ്റമാണ് നടന്നത്. കോട്ടയത്ത് അസിസ്റ്റന്റ് ജിയോളജിസ്റ്റായി തുടരുമ്പോഴാണ് ഇയാൾക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. എന്നാൽ സ്ഥാനക്കയറ്റം നൽകുമ്പോൾ ഇയാൾ നിർബന്ധമായും പാസാകേണ്ട ഡിപ്പാർട്ട്‌മെന്റ് ടെസ്റ്റുകൾ ഇയാൾ പാസായിട്ടില്ലെന്ന് ബെന്നി സെബാസ്റ്റ്യൻ പരാതിയിൽ ആരോപിക്കുന്നത്. . നിശ്ചിത കാലയളവിൽ പ്രമോഷൻ ടെസ്റ്റ് പാസായിരിക്കേണ്ടതാണ്. അങ്ങനെ പാസാകാൻ കഴിഞ്ഞില്ലെങ്കിൽ ഡീ പ്രമോട്ട് ചെയ്യണം എന്നതാണ് ചട്ടം.

ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് എഴുതാതിരുന്നിട്ടും അജയകുമാർ ഇതേ തസ്തികയിൽ തുടരുകയാണ്. അജയകുമാർ ഇപ്പോൾ ജില്ലാ ജിയോളജിസ്റ്റ് തസ്തികയിൽ തുടരുന്നത് കേരളാ സർവീസ് റൂൾസിന്റെ നഗ്നമായ ലംഘനമാണെന്നാണ് ഹർജിക്കാരനായ ബെന്നി സെബാസ്റ്റ്യാൻ ആരോപിച്ചത്. കേരളാ സർവീസ് ചട്ടപ്രകാരം യോഗ്യയില്ലാത്ത ആൾ തൽസ്ഥാനത്ത് ഇരിക്കുന്നത് അഭിലഷണീയവും കുറ്റകരവുമാണ്. നിയമത്തെ കാറ്റിൽ പറത്തിയാണ് അജയകുമാറിന്റെ ചട്ടവിരുദ്ധമായ നിയമനം നടക്കുന്നത്.

അജയകുമാറിനെ ഡീ പ്രമോട്ട് ചെയ്യണമെന്നും അജയകുമാർ കോട്ടയം ജില്ലയിൽ നൽകിയിട്ടുള്ള ലീസ്, ഖനനാനുമതി ശുപാർശകൾ റദ്ദ് ചെയ്യണം എന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അജയകുമാർ കോട്ടയം ജില്ലാ മൈനിങ് ആൻഡ് ജിയോളജിസ്റ്റ് ആയി തുടരവേ ഒട്ടനവധി അനധികൃത ഖനനങ്ങൾക്ക് ഒത്താശ ചെയ്യുന്നതായും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.മുൻപ് ഇത് വ്യവസായ മന്ത്രിക്ക് സമർപിച്ച പരാതിയിലും ചൂണ്ടിക്കാട്ടിയിരുന്നു.

അജയകുമാറിന്റെ സീനിയർ ആയിരുന്ന ഇപ്പോൾ വിരമിച്ച എ.ജി.കോരയും പൂഞ്ഞാറിലെ രാഷ്ട്രീയ നേതാവിന്റെ മകനും ചേർന്ന് പൂഞ്ഞാർ പെരിങ്ങളത്ത് ക്വാറി നടത്തുന്നതിനായി നിയമങ്ങൾ കാറ്റിൽപ്പറത്തി ശ്രമം നടത്തുന്നു എന്നണ് ഹർജിക്കാരന്റെ ആരോപണം. ഏതു വിധേനയും ഈ ക്വാറിക്ക് അനുമതി നൽകാൻ ശ്രമം നടത്തുന്നു. വസ്തുതകൾ മറച്ച് വച്ചാണ് ക്വാറിക്ക് അനുമതി നൽകാൻ ശ്രമം നടക്കുന്നത്. ഉരുൾപൊട്ടൽ നടക്കുന്ന മലയോര മേഖലയാണിത്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഇവിടെ പതിവ് പരിപാടിയാണ്. പല തവണ ഇവിടെ ജീവഹാനിയും സംഭവിച്ചിട്ടുണ്ട്. ഈ സംഭവങ്ങൾ അജയ് കുമാറിനും കോരയ്ക്കും അറിവ് ഉള്ളതാണ്. കോര ഇപ്പോൾ മൈനിങ് പ്ലാൻ തയ്യാറാക്കി നൽകുന്ന വ്യക്തിയുടെ എജന്റ്റ് ആയി പ്രവർത്തിക്കുകയാണ്.- ബെന്നി മറുനാടനോട് പ്രതികരിച്ചു.

അജയകുമാർ ഇടുക്കി ജില്ലാ ജിയോളജിസ്റ്റ് ആയി പ്രവർത്തിക്കുന്ന സമയത്തും കോരയും പൂഞ്ഞാറിലെ രാഷ്ട്രീയ നേതാവിന്റെ മകനുമായി ചേർന്ന് നിയമവിരുദ്ധമായി മൈനിങ് പ്ലാനുകൾ ശുപാർശ ചെയ്ത് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർക്ക് നൽകിയിട്ടുണ്ട്. ഇടുക്കി തൊടുപുഴ അഴികണ്ണിക്കൽ തോമസ് എന്നയാളുടെ പേരിലും സെന്റ് മാർട്ടിൻ ഗ്രാനൈറ്റിന്റെ പേരിലും കരിങ്കുന്നം-കാരിക്കോട് ആരംഭിച്ച ക്വാറികൾക്കും ആലക്കോട്, ഉപ്പുതറ, ശാന്തൻപാറ ഉൾപ്പെടെയുള്ള ക്വാറികൾക്കും ലൈസൻസും അനധികൃതമായി പ്രവർത്തനാനുമതിയും നൽകിയിട്ടുണ്ട്. മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ റിട്ടയർ ചെയ്ത കോര കോട്ടയം ഇടുക്കി ജില്ലാ ഓഫീസുകളിൽ സ്ഥിരം സന്ദർശകനാണ് ഇതും പരിശോധനിക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.

ഓഫീസിലെ വിവരങ്ങൾ ശേഖരിച്ച് ആളുകളെ വിളിച്ച് തന്റെ കമ്പനിയിൽ നിന്ന് മൈനിങ് പ്ലാൻ തയ്യാറാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യം നിരാകരിച്ചാൽ അജയകുമാർ ഫയൽ മുന്നോട്ട് നീക്കല്ലെന്ന് പറയാറുണ്ട്. അതിനാൽ അജയകുമാറിനെ ഡീ പ്രമോട്ട് ചെയ്യണമെന്നും അദ്ദേഹം അനുമതി നൽകിയ ലീസ് ശുപാർശകളും മൈനിങ് പ്ലാൻ അംഗീകാര ശുപാർശകളും റദ്ദ് ചെയ്യുകയും കോരയുടെത് അടക്കമുള്ള അവിഹിത ഇടപെടലുകൾ അവസാനിപ്പിക്കുകയും വേണം-പരാതിയിൽ പറയുന്നു. മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ പ്രവർത്തനം സുതാര്യമല്ല. അതുകൊണ്ടാണ് ക്രമക്കേടുകളും അജയകുമാർ പ്രശ്നവും ചൂണ്ടിക്കാട്ടി പരാതി നൽകിയത്- ബെന്നി സെബാസ്റ്റ്യൻ പ്രതികരിക്കുന്നു.