കൊച്ചി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തതിൽ സർക്കാരിന് രൂക്ഷവിമർശനവുമായി ഹൈക്കോടതി. സർക്കാർ ഗ്യാലറികൾക്ക് വേണ്ടി കളിക്കരുത്. അക്രമങ്ങളിൽ നേരിട്ട് പങ്കെടുത്തവരെ മാത്രമേ അറസ്റ്റ് ചെയ്യാവൂ. തെറ്റ് ചെയ്യാത്തവരെ അറസ്റ്റ് ചെയ്താൽ കനത്ത വില നൽകേണ്ടി വരുമെന്നും കോടതി താക്കീത് നൽകി. എന്നാൽ ശബരിമലയിൽ ഭക്തർ മാത്രമാണോ എത്തിയതെന്ന കാര്യം പൊലീസ് അന്വേഷിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ സർക്കാർ വിശദീകരണം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ശബരിമല വിഷയത്തിൽ നടക്കുന്ന അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് ആരോപിച്ച് പത്തനംതിട്ട സ്വദേശികളായ സുരേഷ് രാജ് , അനോജ് രാജ് തുടങ്ങിയവർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജി കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

അതേസമയം, ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ സംസ്ഥാനത്ത് ഇതുവരെ 2,061 പേർ അറസ്റ്റിലായി. ആകെ 452 കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തവരെ റിമാന്റ് ചെയ്തു. 1500 പേരെ ജാമ്യത്തിൽ വിട്ടു. ഇന്നലെ 1,410 പേരെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് ശേഖരിച്ച ചിത്രങ്ങളിലുള്ളവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്ന നടപടി തുടരുകയാണ്.

യുവതീപ്രവേശത്തെ എതിർത്തു നടന്ന പ്രക്ഷോഭങ്ങളെത്തുടർന്നുണ്ടായ സംഘർഷങ്ങളിലും അക്രമങ്ങളിലും പങ്കാളികളായവർക്കു മേൽ ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പൊലീസ് വാഹനങ്ങളും കെഎസ്ആർടിസി ബസുകളും മറ്റും തകർത്ത കേസിൽ അറസ്റ്റിലായവർക്കു ജാമ്യം ലഭിക്കണമെങ്കിൽ 10,000 രൂപ മുതൽ 13 ലക്ഷം രൂപ വരെ കെട്ടിവയ്ക്കണം. നിലയ്ക്കലിൽ സന്നിധാനം സ്‌പെഷൽ ഓഫിസറായ എസ്‌പി അജിത്തിന്റെ വാഹനം കൊക്കയിലിട്ടവർക്കാണു 13 ലക്ഷം കെട്ടിവയ്‌ക്കേണ്ടത്. ആകെ 9 പ്രതികളാണ് ഈ കേസിലുള്ളത്.

നിലയ്ക്കൽ സംഘർഷങ്ങളിൽ പൊലീസിന്റെയും സർക്കാരിന്റെയും മാധ്യമങ്ങളുടെയും വാഹനങ്ങൾ വ്യാപകമായി തകർക്കപ്പെട്ടിരുന്നു. ഈ കേസുകളിലെ പ്രതികളും എട്ടും ഒൻപതും ലക്ഷം രൂപ കെട്ടിവയ്‌ക്കേണ്ടി വരും. കോടതിയാണ് ഇവരുടെ ജാമ്യത്തുക നിശ്ചയിക്കുക. അറസ്റ്റിലായതിൽ 1500 ഓളം പേർക്കു സ്റ്റേഷനിൽനിന്നു ജാമ്യം ലഭിച്ചു. എന്നാൽ നിലയ്ക്കൽ സംഘർഷങ്ങളിലും വിവിധയിടങ്ങളിൽ വാഹനം നശിപ്പിച്ച കേസുകളിലും പ്രതികളായവർക്കു കോടതി വഴിയാണു നടപടികൾ. ഇത്തരത്തിലുള്ളവർക്കാണു ജാമ്യം ലഭിക്കാനായി പതിനായിരം മുതൽ ലക്ഷങ്ങൾ വരെ ജാമ്യത്തുക അടയ്‌ക്കേണ്ടി വരിക. മുന്നൂറിലേറെപ്പേറെ റിമാൻഡ് ചെയ്തു.

അറസ്റ്റിലായവർക്കെതിരെ ജാമ്യം ലഭിക്കാത്തത് ഉൾപ്പടെ വിവിധ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ആയുധങ്ങളുമായി സംഘം ചേർന്നു, പൊതുമുതൽ നശിപ്പിച്ചു, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി, പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ചു, ശരണപാതയിൽ യുവതികളെ തടഞ്ഞത്, ഹർത്താലിന്റെ ഭാഗമായുള്ള ആക്രമണം, മാധ്യമപ്രവർത്തകരെ ആക്രമിച്ചു എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ഏറ്റവുമധികം പേർ അറസ്റ്റിലായത് എറണാകുളത്താണ്. പത്തനംതിട്ടയിൽ 120 പേരും മലപ്പുറത്ത് 133 പേരും ആലപ്പുഴയിൽ 191 പേരും വയനാട്ടിൽ 100 പേരും അറസ്റ്റിലായി. പത്തനംതിട്ടയിൽ അറസ്റ്റിലായ പകുതിയോളം പേർക്ക് ജാമ്യം ലഭിച്ചില്ല. നിലയ്ക്കലിലും പരിസരങ്ങളിലും സംഘർഷമുണ്ടാക്കിയതിന് 310 പേർക്കെതിരെ കേസെടുത്തു.

അറസ്റ്റിലായതിൽ ഭൂരിഭാഗവും സംഘപരിവാർ സംഘടനകളിൽപ്പെട്ടവരാണ്. അറസ്റ്റിലാകുന്ന പലർക്കും പൊലീസ് സ്റ്റേഷൻ ജാമ്യം നൽകുന്നുണ്ട്. ജയിലുകൾ നിറഞ്ഞു കവിയാതിരിക്കാനാണ് ഇത്. അതിനിടെ, പൊലീസ് പുറത്തുവിട്ട ചിത്രങ്ങളിൽ ഒരു പൊലീസ് ഡ്രൈവറും ഉൾപ്പെട്ടതു വിവാദമായി. ക്രൈംമെമോയിലെ 167-ാം പേരുകാരനായാണ് പത്തനംതിട്ട എ.ആർ. ക്യാമ്പിലെ ഡ്രൈവർ ഇബ്രാഹിം കുട്ടിയെ ഉൾപ്പെടുത്തിയത്. വിശ്വാസികൾക്കിടയിൽ പൊലീസുകാരെ കടത്തിവിട്ടാണ് അക്രമം നടത്തിയതെന്ന് ബിജെപി. ആരോപിച്ചു.

എന്നാൽ അബദ്ധം പറ്റിയതാണെന്നാണ് ഔദ്യോഗിക നിലപാട്. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായവരെ പാർപ്പിക്കാൻ ജയിലിൽ ഇടമില്ലെന്ന നിലയായി. ഇതേപ്പറ്റി ജയിൽ മേധാവി ആർ. ശ്രീലേഖ റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്. അറസ്റ്റിലാകുന്നവരുടെ എണ്ണം കൂടുകയാണെങ്കിൽ മറ്റേതെങ്കിലും സ്ഥലം ജയിലായി വിജ്ഞാപനം ചെയ്തശേഷം അവിടേക്കു മാറ്റും. പത്തനംതിട്ട, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നിരോധനാജ്ഞ ലംഘിച്ചവരും പിടിയിലായവരിൽ ഉൾപ്പെടുന്നു. ഐ.ജി. മനോജ് ഏബ്രഹാമിനെ സാമൂഹിക മാധ്യമങ്ങളിലൂടെ തേജോവധം ചെയ്തവരെ കണ്ടെത്താനും നടപടി തുടങ്ങിയിട്ടുണ്ട്.