കൊച്ചി: സ്വർണക്കടത്ത് ഭീകര വിരുദ്ധ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി. അതല്ലെങ്കിൽ സ്വർണം കടത്തിയത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നതിന് തെളിവു വേണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിൽ പ്രതികൾക്കു ജാമ്യം അനുവദിച്ചതിനെതിരെ ദേശീയ അന്വേഷണ ഏജൻസി നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ്, ജസ്റ്റിസുമാരായ എ ഹരിപ്രസാദ്, എംആർ അനിത എന്നിവരുടെ നിരീക്ഷണം.

സ്വർണക്കള്ളക്കടത്ത് കസ്റ്റംസ് നിയമത്തിന്റെ പരിധിയിലാണ്, നിർവചനപ്രകാരം വരിക. അത് ഭീകര വിരുദ്ധ നിയമത്തിന്റെ പരിധിയിൽ വരണമെങ്കിൽ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ അട്ടിമറിക്കുകയെന്ന ലക്ഷ്യം ഉണ്ടായിരുന്നു എന്നതിനു തെളിവു വേണം. കള്ളനോട്ടു നിർമ്മിക്കുക, കടത്തുക തുടങ്ങിയവയൊക്കെയാണ് യുഎപിഎ 15-1 വകുപ്പിനു കീഴിൽ വരികയെന്ന് കോടതി ചൂണ്ടിക്കാട്ടി.

സ്വർണക്കടത്തു കേസിൽ ജാമ്യം ലഭിച്ചവർക്കു രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ അട്ടിമറിക്കുക എന്ന ലക്ഷ്യം ഉണ്ടായിരുന്നു എന്നു കരുതാനാവില്ലെന്ന എൻഐഎ കോടതി വിധി ഹൈക്കോടതി ശരിവച്ചു. പിടിക്കപ്പെട്ടവരിൽ പലരും ബിസിനസുകാരാണ്. സാമ്പത്തികമായി നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യമാണ് സ്വർണക്കടത്തിൽ അവർക്കുണ്ടായിരുന്നത് എന്നാണ് ഇതുവരെയുള്ള വിവരമെന്ന് കോടതി പറഞ്ഞു.