- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്നാഥ് ബെഹ്റയും മനോജ് എബ്രഹാമും എന്തിനാണ് മോൻസന്റെ വീട്ടിൽ പോയത്? തട്ടിപ്പിൽ ആർക്കാണ് ആദ്യം സംശയം തോന്നിയത്? മനോജ് എബ്രഹാം അന്വേഷണത്തിന് കത്ത് നൽകി എന്ന വാദം തെറ്റല്ലേ? സർക്കാർ ഹാജരാക്കിയ രേഖയെ എന്താണ് വിളിക്കേണ്ടത്? ഉരുണ്ടുകളിച്ച സർക്കാരിനെ എടുത്ത് കുടഞ്ഞ് ഹൈക്കോടതി
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ മുൻ ഡി ജി പി ലോക്നാഥ് ബെഹ്റയ്ക്കും, എ ഡി ജി പി മനോജ് എബ്രഹാമിനും ഹൈക്കോടതിയുടെ വിമർശനം. ബെഹ്റ എന്തിനാണ് മോൻസണിന്റെ വീട്ടിൽ പോയതെന്ന് ഹൈക്കോടതി ചോദിച്ചു.മനോജ് എബ്രഹാം അന്വേഷണത്തിന് കത്ത് നൽകിയെന്ന വാദം തെറ്റല്ലേയെന്നും കോടതി ആരാഞ്ഞു. പൊലീസ് മേധാവിയും എ ഡി ജി പിയും വെറുതെ മോൻസണിന്റെ വീട്ടിൽ പോകുമോയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. മോൻസണിനെക്കുറിച്ച് ആർക്കാണ് സംശയം തോന്നിയത്. എ ഡി ജി പി മനോജ് എബ്രഹാമിനാണോ തോന്നിയതെന്ന് വ്യക്തമാക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
സർക്കാർ സമർപ്പിച്ച രേഖകളിൽ പൊരുത്തക്കേടുണ്ടെന്ന് കോടതി പറഞ്ഞു. ഡിജിപിയുടെ സത്യവാങ്മൂലവും കോടതിക്ക് നൽകിയ രേഖകളും തമ്മിൽ പൊരുത്തക്കേടുണ്ട്. എഡിജിപി മനോജ് എബ്രഹാം അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകിയെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. കത്തല്ല, നോട്ട് ഫയൽ ആണെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ പറയുന്നു. സത്യവാങ്മൂലം വായിച്ചുനോക്കാൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനോട് കോടതി ആവശ്യപ്പെട്ടു.
പൊലീസ് മേധാവിയും എ ഡി ജി പിയും വെറുതെ മോൻസന്റെ വീട്ടിൽ പോകുമോയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. അനിത പുല്ലയിൽ ക്ഷണിച്ചിട്ടാണ് ബെഹ്റയും മനോജ് എബ്രഹാമും പുരാവസ്തുക്കൾ കാണാൻ പോയത്. ഇക്കാര്യം ബെഹ്റ ക്രൈംബ്രാഞ്ചിനോട് വിശദീകരിച്ചിട്ടുണ്ട്. അനിത പുല്ലയിലും ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു.
ഇതിൽ അന്വേഷണം നടത്തിയിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയതായി പ്രോസിക്യൂഷൻ അറിയിച്ചു. ഒരാൾ ക്ഷണിക്കുന്നു, പുരാവസ്തുക്കൾ കാണിക്കുന്നു. അതിന് ശേഷം ദിവസങ്ങളോളം മിണ്ടാതിരിക്കുന്നു. പിന്നീട് അന്വേഷണം നടത്തുന്നു ഇതെന്ത് അവസ്ഥയെന്ന് കോടതി ചോദിച്ചു. മോൻസനെക്കുറിച്ച് ആർക്കാണ് സംശയം തോന്നിയത്?. എ ഡി ജി പി മനോജ് എബ്രഹാമിനാണോ തോന്നിയതെന്ന് വ്യക്തമാക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
കോടതിയിൽ സർക്കാർ ഹാജരാക്കിയ രേഖയെ എന്താണ് വിളിക്കേണ്ടതെന്ന് കോടതി ചോദിച്ചു. എന്ത് രഹസ്യസ്വഭാവമാണുള്ളത്?. ഏഴുമാസമെടുത്ത് ഇന്റലിജൻസ് നടത്തിയ അന്വേഷണത്തിൽ എന്താണുള്ളതെന്നും കോടതി ചോദിച്ചു. മോൻസന്റെ വീട്ടിൽ പോയ ഒരാൾ ഇപ്പോഴും സർവീസിലുണ്ടല്ലോ, അയാൾ പിന്നീട് എന്ത് നടപടി എടുത്തു?. അന്ന് അന്വേഷിച്ചിരുന്നെങ്കിൽ ഇത്ര വലിയ തട്ടിപ്പ് ഉണ്ടാകുമായിരുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
പുരാവസ്തു രജിസ്ട്രേഷൻ ഉണ്ടോ എന്നതാണ് ഒരു ഉന്നത ഉദ്യോഗസ്ഥൻ ആദ്യം അന്വേഷിക്കേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സോഴ്സ് റിപ്പോർട്ട് അനുസരിച്ചാണ് ഇന്റലിജൻസ് അന്വേഷണം നടന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ആരാണ് സോഴ്സ് എന്ന് വ്യക്തമാക്കണം. ചോദ്യം ഉന്നയിക്കുന്നതിന് വ്യക്തമായ കാരണമുണ്ടെന്നും, ഇക്കാര്യത്തിൽ ഉരുണ്ടു കളിക്കരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ