മുംബൈ: ബാങ്കിലെത്തുന്ന ഉപയോക്താക്കളെ സ്വീകരിച്ച് സേവനം ആവശ്യമായ കൗണ്ടറിലേക്ക് എത്തിക്കാൻ റോബോട്ടുകൾ. മുംബൈയിലാണ് രാജ്യത്താദ്യമായി റോബോട്ടുകളുടെ സേവനം ബാങ്കിൽ ഉപയോഗപ്പെടുത്തിയത്.

രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സിയാണ് മുംബൈയിലെ കമല ഹിൽസ് ശാഖയിൽ ഇന്റലിജന്റ് റോബോട്ടിക് അസിസ്റ്റന്റ് (ഐ.ആർ.എ) എന്ന ഇന്ററാക്റ്റീവ് ഹ്യൂമനോയിഡ് സംവിധാനം അവതരിപ്പിച്ചത്. കൊച്ചി ആസ്ഥാനമായുള്ള അസിമോവ് റോബോട്ടിക്‌സ് എന്ന സ്റ്റാർട്ടപ്പിന്റെ സഹായത്തോടെയാണ് എച്ച്.ഡി.എഫ്.സി ബാങ്ക് ഐ.ആർ.എ സംവിധാനം വികസിപ്പിച്ചത്.

ശാഖയിലെത്തുന്ന ഉപഭോക്താവിനു മുന്നിൽ ബാങ്ക് ലഭ്യമാക്കുന്ന സേവനങ്ങൾ റോബോട്ട് പ്രദർശിപ്പിക്കും. തുടർന്ന്, ഉപഭോക്താവിന് സേവനം ആവശ്യമായ കൗണ്ടറിലേക്ക് അദ്ദേഹത്തെ നയിക്കും. ഉപഭോക്താവിനെ തിരിച്ചറിയാനുള്ള വോയിസ് റെക്കഗ്‌നീഷൻ സംവിധാനം, ബാലൻസ് എൻക്വയറി, ചെക്ക് ഡെപ്പോസിറ്റ് തുടങ്ങിയ ഫീച്ചറുകളും വൈകാതെ റോബോട്ടിലൂടെ ലഭ്യമാക്കുമെന്ന് എച്ച്.ഡി.എഫ്.സി ബാങ്ക് ഡിജിറ്റൽ ബാങ്കിങ് മേധാവി നിതിൻ ചഗ് പറഞ്ഞു. അടുത്ത രണ്ടു വർഷത്തിനകം 20 ഐ.ആർ.എ സംവിധാനങ്ങൾ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.