നുഷ്യന്റെ ചില അവയവങ്ങൾ ഇക്കാലത്തിനിടെ വിജയകരമായി മാറ്റി വച്ചിട്ടുണ്ടെങ്കിലും തല മാറ്റി വയ്ക്കൽ നടന്നിട്ടില്ല. അത് യാഥാർത്ഥ്യമാക്കുന്നതിനുള്ള പരീക്ഷണങ്ങൾ വിജയകരമായി പുരോഗതിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. എലിയിൽ ഇതുമായി ബന്ധപ്പെട്ട് നടത്തിയ രണ്ടാമത്തെ പരീക്ഷണം വിജയകരമായിരിക്കുകയാണ്. ഇതോടെ തലമാറ്റി വയ്ക്കൽ ശസ്ത്രക്രിയയോട് കൂടുതൽ അടുത്തിരിക്കുകയാണ് മെഡിക്കൽ ലോകം. ഇതിനെ തുടർന്ന് ഈ വർഷം അവസാനം റഷ്യൻ യുവാവിന്റെ തലമാറ്റിവയ്ക്കാൻ ഒരുങ്ങുകയാണ് ഡോക്ടർമാർ. ഇത് വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തിലെ തന്നെ വഴിത്തിരിവാകുമെന്നുറപ്പാണ്.

ചൈനയിലെ ഗവേഷകർ ഏറ്റവും പുതിയ പരീക്ഷണത്തിന്റെ ഭാഗമായി ചെറിയ എലിയിലെ തല വലിയ എലിയിൽ കൂട്ടിച്ചേർക്കുകയായിരുന്നു. ഇതിലൂടെ രണ്ട് തലയുള്ള എലിയെ സൃഷ്ടിക്കുകയും അത് 36 മണിക്കൂർ ജീവിക്കുകയും ചെയ്തു. ഈ ടീമിനൊപ്പം ഇറ്റാലിയൻ ന്യൂറോസർജനും ഭാഗഭാക്കായിരുന്നു. വിവാദമായ ഈ പരീക്ഷണം മനുഷ്യനിൽ പരീക്ഷിക്കാൻ നിയോഗിച്ചിരിക്കുന്നതും ഇദ്ദേഹത്തെയാണ്. ചൈനയിലെ ഹാർബിൻ മെഡിക്കൽ യൂണിവേഴ്സ്റ്റിയിലെ ഗവേഷകരാണിതിന് നേതൃത്വം നൽകിയത്. ഇവർക്കൊപ്പം വിവാദനായകനായ ന്യൂറോ സർജൻ സെർജിയോ കാനവെറോയും ഈ വിപ്ലവത്തിനായി അണിനിരക്കുകയാണ്.

ഇതിന് മുമ്പ് ഇവർ ഹെഡ് ഗ്രാഫ്റ്റിങ് പരീക്ഷണം നടത്തി വിജയിച്ചിരുന്നു. ഇതിലൂടെ ഓപ്പറേഷനിടെ ബ്രെയിൻ ടിഷ്യൂകൾക്കുണ്ടാകുന്ന തകരാറും ദീർഘസമയം പ്രതിരോധ സംവിധാനം നിരസിക്കപ്പെടുന്നതും എങ്ങനെ ഒഴിവാക്കാമെന്നും അവർക്ക് തെളിയിക്കാൻ സാധിച്ചിരുന്നു. ഇതിന് മുമ്പ് ഗവേഷകർ ഈ പരീക്ഷണം നായകളിലും കുരങ്ങുകളിലും നടത്തിയിരുന്നു.എലികളിൽ നടത്തിയ പരീക്ഷണത്തിനായി ഒരു ചെറിയ എലി, രണ്ട് വലിയ എലികൾ എന്നിവയെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ ചെറിയ എലിയായിരുന്നു ഡോണർ. രണ്ടാമത്തെ വലിയ എലികളിലൊന്നിന് തല പിടിപ്പിക്കുകയും മറ്റൊരു വലിയ എലി രക്തദാതാവായി വർത്തിക്കുകയുമായിരുന്നു.

ഇതിന് മുമ്പ് കഴിഞ്ഞ വർഷം ഡിസംബറിൽ മനുഷ്യനിൽ തലമാറ്റിവയ്ക്കൽ നടക്കുമെന്നായിരുന്നു ഡോ. സെർജിയോ കാനവെറോ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ നിരവധി വിദഗ്ദ്ധർ ഇതിനെ എതിർത്തതിനെ തുടർന്ന് നീട്ടി വയ്ക്കുകയായിരുന്നു. ഇത് നിരവധി വട്ടം മൃഗങ്ങളിൽ പരീക്ഷിച്ച് വിജയിച്ചാൽ മാത്രമേ മനുഷ്യനിൽ പരീക്ഷിക്കാവൂ എന്നാണ് അവർ മുന്നറിയിപ്പേകുന്നത്. പക്ഷാഘാതം മൂലം കഴുത്തൊടിഞ്ഞ് തല താഴോട്ട് കിടക്കുന്നവർക്ക് ഇത്തരം ശസ്ത്രക്രിയയിലൂടെ സാധാരണ ജീവിതം നയിക്കാനാകുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. റഷ്യയിൽ വിൽ ചെയറിൽ ജീവിക്കുന്ന വലേറി സ്പിരിഡോണോവിനെയാണ് ഇത്തരത്തിലുള്ള ആദ്യ ശസ്ത്രക്രിയക്ക് വിധേയനാക്കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ കാനവെറോയുടെ തലമാറ്റി വയ്ക്കൽ പദ്ധതികൾ വെറും ഫാന്റസിയാണെന്നാണ് വിമർശകർ മുന്നറിയിപ്പേകുന്നത്.