നുഷ്യശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളും മാറ്റിവയ്ക്കുന്നത് ഇപ്പോൾ സർവസാധാരണമായിരിക്കുകയാണ്. ഇനി തല മാത്രം മാറ്റി വച്ചാൽ മതിയെന്ന് തമാശയ്ക്കു പറയുമെങ്കിലും അതും ഉടൻ യാഥാർഥ്യമാകാൻ പോകുന്നു. ലോകത്തിലെ ആദ്യത്തെ തല മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുകയാണ് ഇറ്റാലിയൻ-ചൈനീസ് മെഡിക്കൽ സംഘം. ചൈനയിലായിരിക്കും ശസ്ത്രക്രിയ നടക്കുകയെന്ന് സംഘത്തിലെ ഒരു സർജൻ പറഞ്ഞു.  

ടെസ്റ്റുകളും റിസേർച്ചുകളും പദ്ധതിക്കനുസരിച്ച് നടക്കുകയാണെങ്കിൽ രണ്ടു വർഷത്തിനുള്ളിൽ ശസ്ത്രക്രിയ നടത്താൻ സാധിക്കുമെന്ന് റെൻ സിയാഓപ്പിങ്ങ് കനാവെറോ എന്നീ സർജന്മാർ വ്യക്തമാക്കി. തങ്ങൾ 2017ഓടെ സർജറി നടത്തുമെന്ന് മാദ്ധ്യമങ്ങളിലൂടെ വ്യാപകമായ പ്രചരണമാണ് നടക്കുന്നത്. എന്നാൽ തയ്യാറെടുപ്പുകളെല്ലാം കൃത്യമായി നടന്നാൽ മാത്രമേ ഇത് യാഥാർത്ഥ്യമാവുകയുള്ളുവെന്ന് സർജന്മാർ വ്യക്തമാക്കി. 2013ൽ തന്നെ കനാവോ ഈ ഐഡിയയുമായി രംഗത്തെത്തിയിരുന്നു.അതിനു വേണ്ട സജ്ജീകരണങ്ങൾ ഇത്രയും നാളായി നടത്തിവരികയായിരുന്നു.

തലമാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തയ്യാറായി റഷ്യൻ സ്വദേശിയായ യുവാവ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. സ്‌പൈനൽ മസ്‌കുലാർ അട്രോഫി എന്ന അസുഖ ബാധിതനായ വലേറി സ്പിരിഡോനോവ് എന്ന യുവാവാണ് തന്റെ തല മാറ്റി വയ്ക്കാൻ തയ്യാറാണെന്ന് അറിയച്ചത്.

ചൈനയിലെ ഹാർബിൻ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ വച്ചായിരിക്കും സർജറി നടക്കുകയെന്ന് റെൻ പറഞ്ഞു. എന്നാൽ അവയവ ദാതാവിനെ സംബന്ധിക്കുന്ന വിവരങ്ങളൊന്നും അദ്ദേഹം പുറത്തു വിട്ടിട്ടില്ല.