തിരുവനന്തപുരം: വർഷകാലം ആരംഭിക്കുന്നതിനു മുൻപു തന്നെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ ആരോഗ്യ പ്രവർത്തകർ ഫീൽഡുകളിൽ മിന്നൽ പരിശോധന നടത്തി. നഗരസഭ പ്രദേശങ്ങളിലെ ഫീൽഡ്തല പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായിരുന്നു പരിശോധന.

മാനവനഗർ, വലിയശാല എന്നിവിടങ്ങളിൽ പരിശോധന നടത്തുകയും മാനവ നഗറിൽ തിങ്ങി പാർക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് ബോധവത്കരണ ക്ലാസ്സുകൾ നൽകുകയും ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.പി. പ്രീത, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്നകുമാരി, നഗരസഭ ഹെൽത്ത് ഓഫീസർ ഡോ. ശശികുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ഉറവിടങ്ങൾ നശിപ്പിക്കുകയും വരും ദിവസങ്ങളിൽ തുടർച്ചയായ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞവർഷം ഡെങ്കിപ്പനി പടർന്നു പിടിച്ച സാഹചര്യം കണക്കിലെടുത്താണ് ഇത്തവണ കാലേകൂട്ടി പകർച്ചപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി ജനവരി 1 മുതൽ തന്നെ ആരോഗ്യ പ്രവർത്തകർ ഫീൽഡ്തല പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. വലിയശാലയിൽ കൂട്ടിയിട്ടിരുന്ന ടയറുകളിൽ കണ്ടെത്തിയ ഉറവിടങ്ങളെ നശിപ്പിക്കുകയും വസ്തു ഉടമസ്ഥനോട് ടയറുകൾ നീക്കം ചെയ്യുന്നതിനുള്ള കർശന നിർദ്ദേശം നൽകുകയും ചെയ്തു.
?