ചിക്കൻ പോക്സ് വന്നാൽ സാധാരണ യാതൊരു വിധത്തിലുമുള്ള മരുന്നുകളും കഴിക്കാതെ തന്നെ അത് ദിവസങ്ങൾക്കുള്ളിൽ സുഖപ്പെട്ട് കൊള്ളും. അങ്ങനെയിരിക്കെ ചിക്കൻ പോക്സ് വന്ന കുഞ്ഞിന് നിങ്ങൾ ഇബുപ്രൊഫെൻ കൊടുത്താൽ എന്തായിരിക്കും സ്ഥിതി? കടുത്ത റിയാക്ഷനുണ്ടായി കുഞ്ഞിന്റെ സ്ഥിതി പരിതാപകരമാവുമെന്നുറപ്പാണ്. സംശയമുണ്ടെങ്കിൽ ഈ ദുരവസ്ഥയ്ക്ക് വിധേയനായ ലെവിസ് എന്ന കുട്ടിയുടെ ദയനീയമായ ഈ ചിത്രങ്ങൾ കണ്ടാൽ മതിയാകും. ലെവിസിന്റെ അമ്മയായ ഹേലെ ലിയോൺസ് തന്നെയാണ് ഈ ചിത്രങ്ങൾ മറ്റ് മാതാപിതാക്കന്മാർക്കുള്ള മുന്നറിയിപ്പെന്ന നിലയിൽ പുറത്ത് വിട്ടിരിക്കുന്നത്. തന്റെ മകന് ചിക്കൻ പോക്സ് വന്നതിനെ തുടർന്ന് ഇബുപ്രൊഫെൻ നൽകിയതിന്റെ ഫലമായി അവന് കടുത്ത രക്തദൂഷ്യം ബാധിക്കുകയായിരുന്നുവെന്നും അതിനാൽ ആരും ഇത്തരത്തിലുള്ള പരീക്ഷണത്തിന് ഇറങ്ങരുതെന്നുമാണ് തന്റെ അനുഭത്തിലൂടെ ഹേലെ മുന്നറിയിപ്പേകുന്നത്.

ഫേസ്‌ബുക്കിൽ അവർ ഇതിനെക്കുറിച്ചിട്ട ചിത്രങ്ങളും പോസ്റ്റും 350,000 തവണയാണ് ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്. നിരവധി ഡോക്ടർമാർ കുട്ടികൾക്കുള്ള ഇബുപ്രൊഫെൻ മകന് നൽകാൻ നിർദേശിച്ചതിനെ തുടർന്നാണ് ഇതിന്റെ അപകടമറിയാതെ താനിത് നൽകിയതെന്ന് ഹേലെ വെളിപ്പെടുത്തുന്നു. ഈ മരുന്ന് നൽകിയ ശേഷം കുട്ടിയുടെ നില വഷളാവുകയും അവസാനം രകദൂഷ്യം വന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. കുട്ടിക്ക് ഒരിക്കലും ഇബുപ്രൊഫെൻ നൽകരുതായിരുന്നുവെന്നും അത് ചിക്കൻ പോക്സുമായി റിയാക്ട് ചെയ്യുകയും തൊലിയിലെ ടിഷ്യൂകൾക്ക് ദോഷം ചെയ്യുമെന്നുമാണ് കുട്ടിയെ അഡ്‌മിറ്റ് ചെയ്ത ആൽഡെർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ നിന്നും ഹേലെയ്ക്ക് ഉപദേശം ലഭിച്ചത്. അതിനാൽ ചിക്കൻപോക്സ് ബാധിച്ച കുട്ടികൾക്ക് ഒരിക്കലും ന്യൂറോഫെൻ അല്ലെങ്കിൽ ഇബുപ്രൊഫെൻ നൽകരുതെന്ന് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഹേലെ മറ്റുള്ള മാതാപിതാക്കന്മാരെ ഉപദേശിക്കുന്നു.

തങ്ങളുടെ ലോക്കൽ ഹോസ്പിറ്റലിലെ നാല് വ്യത്യസ്ത ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്നാണ് താൻ കുട്ടിക്ക് ഈ മരുന്ന് നൽകിയതെന്നാണ് ഈ അമ്മ പറയുന്നത്. ന്യൂറോഫെൻ വെബ്സൈറ്റിൽ ഇത് ചിക്കൻപോക്സിന് കഴിക്കരുതെന്ന് നിർദേശമുണ്ടെന്നും എന്നാൽ ഡോക്ടർമാർ തന്നെ ഇത് പ്രിസ്‌ക്രൈബ് ചെയ്താൽ പിന്നെ എന്താണ് ചെയ്യുകയെന്നും ഹേലെ ധാർമിക രോഷത്തോടെ ചോദിക്കുന്നു. മെഡിസിൻ പ്ലസ് വെബ്സൈറ്റിൽ ഡോക്ടർമാർ വെളിപ്പെടുത്തിയ വിവരമനുസരിച്ചും ഈ മെഡിസിൻ ചിക്കൻ പോക്സിന് കഴിക്കരുതെന്നാണ് നിർദേശിച്ചിരിക്കുന്നത്. ചിക്കൻപോക്സ് ബാധിച്ചവർക്ക് ആസ്പിരിൻ അല്ലെങ്കിൽ ഇബുപ്രൊഫെൻ നൽകരുതെന്നാണ് ഡോക്ടർമാർ ഇതിലൂടെ മുന്നറിയിപ്പേകിയിരിക്കുന്നത്.

ചിക്കൻ പോക്സ് ബാധിച്ചവർ ആസ്പിരിൻ കഴിച്ചാൽ റെയെസ് സിൻഡ്രോം എന്ന ഗുരുതരമായ അവസ്ഥയുണ്ടാകുമെന്നും ഇബുപ്രൊഫെൻ കഴിച്ചാൽ സെക്കൻഡറി ഇൻഫെക്ഷനുണ്ടാകുമെന്നും ഡോക്ടർമാർ മുന്നറിയിപ്പേകുുന്നു. ലെവിസിന് ഇപ്പോൾ പ്രശ്നമൊന്നുമില്ലെങ്കിലും 10 മാസത്തിന് ശേഷവും മുറിപ്പാടുകൾ കുട്ടിയുടെ ദേഹത്തിലുടനീളമുണ്ട്. ചിക്കൻപോക്സ് ബാധിച്ചാൽ മരുന്നൊന്നും വേണ്ടെന്നാണ് എൻഎച്ച്എസ് പറയുന്നത്. കുട്ടികൾക്ക് കടുത്ത വേദനയും ഉയർന്ന ടെംപറേച്ചറുമുണ്ടെങ്കിൽ പാരസെറ്റമോൾ പോലുള്ള ശക്തികുറഞ്ഞ വേദനാ സംഹാരികൾ നൽകാമെന്നാണ് എൻഎച്ച്എസ് നിർദേശിക്കുന്നത്.