ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില കൂടുതൽ വഷളായി. ശസ്ത്രക്രിയയെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഇന്നലെ മുതൽ മോശമായി തുടരുകയാണ്. ഡൽഹി ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിലാണ് പ്രണബ് മുഖർജി ചികിത്സയിൽ കഴിയുന്നത്.

ശ്വാസകോശ അണുബാധയെ തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായെന്ന് മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു. അണുബാധയെ തുടർന്ന് രക്തസമ്മർദം ക്രമാതീതമായി താഴുക, വൃക്കക്കളുടെ പ്രവർത്തനം തടസ്സപ്പെടുക അടക്കമുള്ള സ്ഥിതിവിശേഷമായ സെപ്റ്റിക് ഷോക്ക് എന്ന അവസ്ഥയിലാണ് പ്രണബ് മുഖർജി. മുൻ രാഷ്ട്രപതി ആഴമേറിയ അബോധാവസ്ഥയിൽ (ഡീപ് കോമ) തുടരുകയാണ്.

വെന്റിലേറ്റർ സാഹയത്തിലാണ് അദ്ദേഹം കഴിയുന്നതെന്നും ആശുപത്രി അറിയിച്ചു. ശ്വാസകോശത്തിലെ അണുബാധയ്ക്കു ചികിത്സ തുടരുകയാണെന്നും വിദഗ്ധരുടെ സംഘമാണ് അദ്ദേഹത്തെ പരിചരിക്കുന്നതെന്നും ആശുപത്രി അധികൃതർ പറഞ്ഞു. തലച്ചോറിൽ ശസ്ത്രക്രിയയെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയിൽ അധികമായി ഇതേ അവസ്ഥയിലാണ് പ്രണബ് മുഖർജി. ശസ്ത്രക്രിയക്കു മുന്നോടിയായി നടത്തിയ പരിശോധനയിൽ അദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിച്ചിരുന്നു.