മസ്‌ക്കറ്റ്: രാജ്യത്തെ എല്ലാ തൊഴിലാളികൾക്കും ഹെൽത്ത് ഇൻഷ്വറൻസ് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവായി. 2018-ഓടെ സ്വകാര്യമേഖലയിലെ എല്ലാ തൊഴിലാളികൾക്കും ഇൻഷ്വറൻസ് ലഭ്യമായിരിക്കണമെന്ന് കമ്പനി ഉടമസ്ഥർക്ക് ചേംബർ ഓഫ് കൊമേഴ്‌സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയാണ് രാജ്യത്തെ സ്വകാര്യമേഖലയിലുള്ള എല്ലാ തൊഴിലാളികൾക്കും ഹെൽത്ത് ഇൻഷ്വറൻസ് ഉറപ്പുവരുത്താൻ പദ്ധതി നടപ്പാക്കുന്നത്.

എല്ലാ തൊഴിലാളികൾക്കും ഇൻഷ്വറൻസ് ഉറപ്പാക്കാൻ ഉടൻ തന്നെ പദ്ധതികൾ തയാറാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അടുത്തകാലത്തായി തൊഴിലാളികളുടെ ഹെൽത്ത് കവർ ആനുകൂല്യങ്ങൾ കമ്പനിയുടമസ്ഥർ തട്ടിയെടുക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ചേംബർ ഓഫ് കൊമേഴ്‌സ് നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഹെൽത്ത് ഇൻഷ്വറൻസ് നിഷേധിച്ച തൊഴിലാളികൾക്ക് ചികിത്സയ്ക്കായി ഏറെ പണം ചെലവഴിക്കേണ്ട അവസ്ഥയാണ് ഉണ്ടാകുന്നത്.

തൊഴിലാളികൾക്ക് ഹെൽത്ത് ഇൻഷ്വറൻസ് പൂർണമായും നടപ്പാക്കാൻ നിരവധി ഘട്ടങ്ങൾ വേണ്ടിവരുമെന്നും 2018-ഓടെ ഇതു പൂർണതോതിൽ നടപ്പാകുമെന്നും ചേംബർ ഓഫ് കൊമേഴ്‌സ് അധികൃതർ വെളിപ്പെടുത്തി. തുടക്കത്തിൽ 100 ജീവനക്കാരുള്ള കമ്പനികളുമായി കൺസൾട്ടേഷൻ നടത്തും. വൻകിട കമ്പനികൾ നിലവിൽ ഇതു നടപ്പാക്കുന്നുണ്ടെന്നും ഒസിസിഐ വ്യക്തമാക്കി. എന്നാൽ ചെറുകിട കമ്പനികൾ ഇതിൽ നിന്നും ഒഴിവായി തൊഴിലാളികൾക്ക് ഈ ആനുകൂല്യം നിഷേധിക്കുകയായിരുന്നുവെന്നും ഇത്തരക്കാരെ ലക്ഷ്യമിട്ടുകൊണ്ട് പദ്ധതി തയാറാക്കിയിരിക്കുന്നതെന്നം അഹമ്മദ് അൽ ഹൂതി ചൂണ്ടിക്കാട്ടി.