- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോഗ്യ വകുപ്പിലെ കാര്യങ്ങളെല്ലാം മന്ത്രി വീണാ ജോർജ് മാത്രം പുറത്തു പറഞ്ഞാൽ മതിയോ? ഡിഎംഒമാരും സർക്കാർ ഡോക്ടർമാരും മാധ്യമങ്ങളോട് പരസ്യമായി മിണ്ടരുതെന്ന് കുറിപ്പ്; ആരോഗ്യ വകുപ്പിൽ ഇനി ഇരുമ്പുമറ.... രഹസ്യമായി പറയാൻ അനുവാദവും! ഡയറക്ടറുടേത് അതിവിചിത്ര നിർദ്ദേശം
തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ കാര്യങ്ങളെല്ലാം ഇനി മന്ത്രി വീണാ ജോർജ് മാത്രം പുറത്തു പറഞ്ഞാൽ മതി. മാധ്യമങ്ങളോട് മിണ്ടരുത് - ഡിഎംഒ മാരും സർക്കാർ ഡോക്ടർമാരും! ആരോഗ്യ വകുപ്പിൽ ഇനി ഇരുമ്പുമറ!-ഇതാണ് സോഷ്യൽ മീഡിയയിൽ ആരോഗ്യ വകുപ്പിന്റെ അതിവിചിത്ര ഉത്തരവിലെ ചർച്ച. രസകരമായ പലതും ഈ ഉത്തരവിലുണ്ട്. കുറിപ്പ് എന്ന അടിക്കുറുപ്പോടെ ഉത്തരവിന്റെ സ്വഭാവമുള്ള ഈ നിർദ്ദേശം പുറത്തുവരുന്നത്.
ആരോഗ്യ വകുപ്പ് പത്രസമ്മേളനങ്ങൾ നടത്തുന്നത്/ മാധ്യമങ്ങൾക്ക വിവരങ്ങൾ നൽകുന്നത് സംബന്ധിച്ച നിർദ്ദേശം-എന്ന വിഷയ തലക്കെട്ടുമായി ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ വി ആർ രാജുവാണ് ഉത്തരവ് ഇറക്കുന്നത്. ഡിഎംഒമാരും ഡോക്ടർമാരും മാധ്യമങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിനെ വിലക്കുന്നതാണ് ഈ ഉത്തരവ്. കോവിഡ് പ്രതിരോധത്തിൽ അടക്കം പറ്റിയ വീഴ്ചകളിൽ പല ഡോക്ടർമാർക്കും പരാതിയുണ്ട്. ഇത് വാർത്തയാകുന്ന സാഹചര്യത്തിലാണ് വിലക്ക് ഉത്തരവ്.
ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ചും വകുപ്പ് കൈകാര്യം ചെയ്യുന്ന പ്രധാന വിഷയങ്ങളെ സംബന്ധിച്ചും മാധ്യമങ്ങളിൽ നിരവധി വാർത്തകൾ പ്രസിദ്ധീകരിച്ച് പോരുന്നുണ്ട്. എന്നാൽ പലപ്പോഴും ഇത്തരം വാർത്തകൾ ആധികാരികമായല്ല പൊതുജനങ്ങൾക്ക് ലഭിക്കുന്നത് എന്ന വസ്തുതയും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം ആധികാരികമല്ലാത്ത വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് വകുപ്പിന്റെ പ്രവർത്തനം സംബന്ധിച്ച് പൊതുജനങ്ങൾക്ക് തെറ്റിധാരണ ജനിപ്പിക്കുവാനും രോഗ വ്യാപനം സംബന്ധിച്ച് അനാവശ്യ ഭീതി ഉണ്ടാവുവാനും ഇടയാവുന്നതാണെന്ന് ഉത്തരവിൽ ആമുഖമായി പറയുന്നു.
കൂടാതെ വകുപ്പിന്റെ യശസിന് കളങ്കം വരുത്താനും ഇത്തരം ആധികാരികമല്ലാത്ത വാർത്തകൾ കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ പസ്യമായി വിവരങ്ങൾ നൽകുന്നതിൽ എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരും ജീവനക്കാരും ജാഗ്രത പാലിക്കേണ്ടതും മുൻകൂർ അനുമതി വാങ്ങിയ ശേഷം മാത്രം പരസ്യമായി വിവരങ്ങൾ കൈമാറേണ്ടതുമാണെന്ന് ഉത്തരവിൽ പറയുന്നു. അതായത് രഹസ്യമായി നൽകാമെന്ന് പറഞ്ഞു വയ്ക്കുകയാണ് ഉത്തരവെന്ന പരിഹാസവും ഉണ്ട്. ഈ വാചകങ്ങളിലൂടെ പോയാൽ രഹസ്യമായി ആർക്കും എന്തും പറയാം. പരസ്യമായി പറയരുതെന്ന് മാത്രം. ഫലത്തിൽ വാർത്താ സമ്മേളനം മന്ത്രിമാത്രം നടത്തിയാൽ മതിയെന്ന് പറയാതെ പറയുകയാണ് ഈ ഉത്തരവ്.
യാതൊരു കാരണവശാലും മുൻകൂർ അനുമതി ഇല്ലാതെ ഇത്തരം പ്രവർത്തകൾ നടത്താൻ പാടില്ലാത്തതും ഏതെങ്കിലും നിർണ്ണായകമോ സുപ്രധാനമോ ആയ വിഷയം സംബന്ധിച്ച് പൊതുവായ വിവരങ്ങൾ നൽക്കേണ്ടി വരുന്ന പക്ഷം അതിന്റെ ആധികാരികത ഉറപ്പു വരുത്തിയും വകുപ്പിന്റെ മുൻകൂർ അനുമതി വാങ്ങിയ ശേഷം മാത്രം വിവരങ്ങൾ വെളിപ്പെടുത്തേണ്ടതാണ്. എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരും ജീവനക്കാരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടതും തങ്ങളുടെ കീഴിലുള്ള എല്ലാ ഉദ്യോഗസ്ഥരും മേൽനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുമാണ്-ഉത്തരവ് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ