- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് മൂലം മരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിച്ച് ആരോഗ്യവകുപ്പ്; പട്ടികയിൽ ജില്ലാ തലത്തിൽ ഇന്ന് സ്ഥിരീകരിച്ച 135 പേരുടെ വിവരങ്ങൾ; ഡിസംബറിന് ശേഷം ഇതാദ്യം
തിരുവനന്തപുരം: ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ച 135 പേരുടെ പേരുകൾ ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചു. മരിച്ചവരുടെ പേരടക്കമുള്ള വിവരങ്ങൾ ഇന്ന് മുതൽ ജില്ലാതലത്തിലാണ് പ്രസിദ്ധീകരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,640 ആയി.
കഴിഞ്ഞ വർഷം ഡിസംബർ മുതൽ നിർത്തിവെച്ച നടപടിയാണ് സുതാര്യതാ വിവാദമുയർന്നതോടെ തിരുത്തുന്നത്.കോവിഡ് മരണങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് ചർച്ചയായതോടെ 2020 ഡിസംബറിലാണ് പേരും വിവരങ്ങളും നൽകുന്നത് സർക്കാർ നിർത്തിയത്. ഇതോടെ മരണങ്ങൾ ഒത്തുനോക്കാനും ഒഴിവായത് കണ്ടെത്താനും കഴിയാതെയായി. കോവിഡ് മരണങ്ങളിൽ നഷ്ടപരിഹാരത്തിന് സുപ്രിം കോടതി നിർദ്ദേശം വന്നതോടെ ഇത് വീണ്ടും ചർച്ചയായി. പേരുകൾ തുടർന്നും പ്രസിദ്ധീകരിക്കുന്നത് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം ഔദ്യോഗിക പട്ടികയിൽ നിന്ന് വിട്ടുപോയ കോവിഡ് മരണങ്ങൾ കണ്ടെത്താനുള്ള നടപടിക്ക് സർക്കാർ നിർദ്ദേശം നൽകി. സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്ന കണക്കുകളും ജില്ലാതലത്തിൽ കളക്ടർമാർ പുറത്തുവിട്ടിരുന്ന കണക്കും തമ്മിലുണ്ടായിരുന്നത് വലിയ വൈരുധ്യമാണ്. വിവാദം തുടർക്കഥയായതോടെ കളക്ടർമാർ മരണ വിവരം പറയുന്നത് നിർത്തി.
ഇപ്പോൾ സർക്കാർ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച മരണക്കണക്കുകളിൽ നിന്ന് വിട്ടുപോയവ കണ്ടെത്താനാണ് നിർദ്ദേശം. സർക്കാർ പട്ടികയിലുണ്ടായിട്ടും താഴേത്തട്ടിൽ രജിസ്റ്റർ ചെയ്യപ്പെടാത്ത മരണങ്ങളാണ് കണ്ടെത്തുന്നത്. ഡിഎംഒമാർക്കാണ് നിർദ്ദേശം.
കോവിഡ് ബാധിച്ച് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിക്കുമെന്ന ഉത്തരവിനോട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ പ്രതികരിച്ചിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവങ്ങൾ ഇതുവരെ എന്തിനാണ് ഒളിപ്പിച്ചു വച്ചതെന്ന് വി ഡി സതീശൻ ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ പേരുൾപ്പെടെയുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിലുള്ള ബുള്ളറ്റിനിലൂടെ ജില്ലയും വയസും മരണ തീയതിയും വച്ച് പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. ഇനിമുതൽ പേരും വയസും സ്ഥലവും വച്ച് പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ പ്രതികരണവുമായാണ് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ