സ്ത്രധാരണത്തെ ചൊല്ലിയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ വിവാദങ്ങൾ നടക്കുന്നത്. എന്ത് ധരിക്കണമെന്നത് വ്യക്തിപരമായ ഇഷ്ടമാണെന്നും തനിക്ക് കംഫർട്ട് എന്നു തോന്നുന്ന ഏത് വസ്ത്രവും ധരിക്കാമെന്നും പെൺകുട്ടികളിൽ ഏറെപ്പേരും കരുതുന്നു. പെൺകുട്ടികൾ ഇറുകിയ ജീൻസ് ധരിക്കുന്നതിനെതിരെ ഗായകൻ യേശുദാസിന്റെ അഭിപ്രായപ്രകടനം വലിയ വിവാദമായത് ഈ പശ്ചാത്തലത്തിലായിരുന്നു.

എന്നാൽ, യേശുദാസ് പറഞ്ഞതിൽ കാര്യമുണ്ടെന്ന് തെളിയിക്കുകയാണ് ഈ പഠന റിപ്പോർട്ട്. ഇറുകിയ ജീൻസ് കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഗവേഷകർ പറയുന്നു. ഇറുകിയ ജീൻസ് ഏറെ നേരം അണിയുന്നത് കാലുകളിലെ പേശികൾക്കും ഞരമ്പുകൾക്കും ദോഷകരമാണെന്നാണ് പഠനം തെളിയിക്കുന്നത്.

ഇറുകിയ ജീൻസിട്ട് ഒരുദിവസത്തിലേറെ ചെലവഴിക്കേണ്ടിവന്ന 35-കാരിയുടെ അനുഭവം പഠന വിഷയമാക്കിയാണ് ഗവേഷകർ വസ്ത്രധാരണത്തിലെ അപകടം കണ്ടെത്തിയത്. സൗത്ത് ഓസ്‌ട്രേലിയയിലെ അഡലെയ്ഡ് യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസ്സർ തോമസ് എഡ്മുണ്ട് കിംബെറിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഈ പഠന റിപ്പോർട്ട് ന്യൂറോളജി, ന്യൂറോ സർജറി, സൈക്യാട്രി ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

ഇറുകിയ ജീൻസ് ദീർഘനേരം അണിയുന്നത് പേശികൾക്ക് ക്ഷതമുണ്ടാകുമെന്ന് നേരത്തെതന്നെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, അത് നാഡികളെയും ബാധിക്കുമെന്ന് തിരിച്ചറിയുന്നത് ഇപ്പോഴാണെന്ന് തോമസ് എഡ്മുണ്ട് പറയുന്നു. ദിവസം മുഴുവൻ ഇറുകിയ ജീൻസിട്ട് ജോലി ചെയ്യേണ്ടിവന്ന 35-കാരിയുടെ കാലുകൾ മരവിച്ച് നിലത്ത് വീഴുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇരുകാലുകളിലും നീരുവച്ചതോടെ, ജീൻസ് മുറിച്ച് നീക്കേണ്ടിവരികയും ചെയ്തു. യുവതിയുടെ കാലിലെ പേശികൾക്കും ഞരമ്പുകൾക്കും ക്ഷതം സംഭവിച്ചിരുന്നതായും ഡോക്ടർമാർ കണ്ടെത്തി. മണിക്കൂറുകളോളം എഴുന്നേൽക്കാനാവാതെ കിടന്നശേഷമാണ് യുവതി സാധാരണനിലയിലേക്ക് തിരിച്ചെത്തിയത്.