രാജ്യത്തെ പ്രവാസി താമസക്കാർക്കും സന്ദർശകർക്കും ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കി കൊണ്ടുള്ള കരട് നിയമത്തിന്ശൂറ കൗൺസിലിന്റെ അംഗീകാരം. ശുപാർശകളോടെ കരട് നിയമം മന്ത്രിസഭയ്ക്ക് കൈമാറി. അമീറിന്റെ അംഗീകാരം കൂടി ലഭിക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും. താമസക്കാർക്കും സന്ദർശകർക്കും ഉൾപ്പെടെ മുഴുവൻ വിസാ നടപടിക്രമങ്ങൾക്കും ഹെൽത്ത് ഇൻഷൂറൻസ് നിർബന്ധമാകും.

നേരത്തെ മന്ത്രിസഭ അംഗീകാരം നൽകിയ നിർബന്ധിത ഹെൽത്ത് ഇൻഷൂറൻസ് നിയമത്തിന്റെ കരടാണ് ഷൂറാ കൗൺസിലും ചർച്ചക്കെടുത്തത്. വിശദമായ പരിശോധനകൾക്ക് ശേഷം ഷൂറാ കൗൺസിലും കരട് നിയമത്തിന് അംഗീകാരം നൽകി. ഇനി അമീറിന്റെ അംഗീകാരവും തുടർന്ന് ഗസറ്റിൽ വിജ്ഞാപനവും വരുന്നതോടെ നിയമം പ്രാബല്യത്തിലാകും.

രാജ്യത്തെത്തുന്ന എല്ലാ തരം ജനങ്ങളുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഖത്തർ നിർബന്ധിത ഹെൽത്ത് ഇൻഷൂറൻസ് നിയമം നടപ്പാക്കുന്നത്. ഇതോടെ പുതിയ വിസയെടുക്കുന്നതിനും ഐഡി പുതുക്കുന്നതിനും റീ എൻട്രികൾക്കും എല്ലാ തരം സന്ദർശക വിസകൾക്കും ഹെൽത്ത് ഇൻഷൂറൻസ് നിർബന്ധമാക്കും. അടിയന്തിര സാഹചര്യങ്ങളിൽ ഗുണഭോക്താക്കൾക്ക് ആരോഗ്യ പരിരക്ഷാ സേവനങ്ങൾ നൽകുന്നതിന് കരട് നിയമം വ്യവസ്ഥ ചെയ്യുന്നു.

ആരോഗ്യ പരിരക്ഷാ സേവനങ്ങൾ ലഭിക്കുമ്പോൾ ഉറപ്പുവരുത്തേണ്ട രോഗികളുടെ അവകാശങ്ങളും കടമകളും കരട് നിയമം പ്രതിപാദിക്കുന്നുണ്ട്. ഒപ്പം ദാതാവും ഇൻഷൂറൻസ് കമ്പനിയുമായുള്ള കരാറിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കുള്ള പിഴകളെ കുറിച്ചും കരടിൽ നിർദേശങ്ങളുണ്ട്. ഖത്തറിന്റെ സർവതോന്മുഖ വികസനം ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച വിഷൻ 2030ന്റെ ഭാഗമായാണ് ഹെൽത്ത് ഇൻഷൂറൻസ് നിയമം നടപ്പാക്കുന്നത്.