ദുബായിൽ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ എടുക്കുവാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ മൂന്നാം ഘട്ടമാണ് ഇന്ന് അവസാനിക്കുന്നത്. ഇൻഷൂറൻസ് എടുക്കാത്തവർക്ക് ജൂലൈ ഒന്ന് മുതൽ പിഴ ചുമത്തും.

അതേസമയം, കുടുംബാംഗങ്ങൾക്കും വീട്ടുജോലിക്കാർക്കും ഇൻഷുറൻസ് പരിരക്ഷ എടുക്കുവാനുള്ള സമയം ഈ വർഷം അവസാനം വരെയുണ്ട്. മൂന്ന് ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതിയിൽ തൊഴിലാളികളുടെ ഇൻഷുറൻസ് പ്രീമിയം തുക കമ്പനികളും തൊഴിലുടമകളുമാണ് നൽകേണ്ടത്. ആദ്യഘട്ടത്തിൽ 1000ന് മുകളിൽ തൊഴിലാളികളുള്ള കമ്പനികൾക്കാണ് ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കിയത്. രണ്ടാം ഘട്ടത്തിൽ 999 മുതൽ 100 വരെ തൊഴിലാളികളും മൂന്നാം ഘട്ടത്തിൽ 100ൽ താഴെ തൊഴിലാളികളുമുള്ള കമ്പനികളെയാണ് ലക്ഷ്യമിട്ടത്.

എന്നാൽ തൊഴിലാളികളുടെ കുടുംബാംഗങ്ങളുടേയും വീട്ടുജോലിക്കാരുടേതും ഇൻഷൂറൻസ് തുക സ്‌പോൺസറായ കുടുംബനാഥനാണ് നൽകേണ്ടത്. 550 മുതൽ 700 ദിർഹം വരെയാണ് അടിസ്ഥാന ഇൻഷുറൻസ് പ്രീമിയം. ഒന്നര ലക്ഷം ദിർഹം വരെയുള്ള ചികിത്സക്ക് അർഹതയുണ്ടാകും.

നിലവിൽ ദുബായിലെ മൊത്തം ജനസംഖ്യയുടെ 75 ശതമാനമാണ് ഇൻഷുറൻസ് പരിധിയിലുള്ളത്. ഇപ്പോൾ നടക്കുന്ന അവസാനഘട്ടം കൂടി പൂർത്തിയാകുന്നതോടെ 95 ശതമാനം പേർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാനും. ഇൻഷുറൻസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ http://www.isahd.ae/ എന്ന വെബ്‌സൈറ്റിൽ ലഭിക്കും. താമസ- കുടിയേറ്റ വകുപ്പുമായി ഇൻഷുറൻസ് സേവനം ബന്ധപ്പെടുത്തുന്നതിനാൽ പോളിസി ഇല്ലാത്തവർക്ക് പുതിയ വിസ അനുവദിക്കുകയോ പുതുക്കുകയോ ചെയ്യില്ല.