ന്യൂഡൽഹി: അരുൺ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് വാരിക്കോരി സഹായം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചികിത്സാ പദ്ദതിയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. 10 കോടി ദരിദ്ര കുടുംബങ്ങൾക്ക് പ്രത്യേക ആരോഗ്യ സംരക്ഷണ പദ്ധതി നടപ്പിലാക്കുമെന്ന് ബജറ്റിൽ ജയ്റ്റ്‌ലി. 50 കോടി ആളുകൾക്ക് പ്രയോജനം ലഭിക്കത്തക്ക വിധത്തിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നതെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.

10 കോടി ദരിദ്ര കുടുംബങ്ങൾക്കായി പ്രത്യേക ആരോഗ്യരക്ഷാ പദ്ധതിയാണ് സർക്കാർ പദ്ധതിയിടുന്നത്. ഇതനുസരിച്ച് ചികിൽസയ്ക്കായി ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ സഹായം ലഭിക്കും. ലോകത്തെ ഏറ്റവും വലിയ ആരോഗ്യസുരക്ഷാ പദ്ധതിയാകുമിതെന്ന് അരുൺ ജയ്റ്റ്‌ലി പറഞ്ഞു.

ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായി രണ്ടു പുതിയ പദ്ധതികളാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. ഒന്നര ലക്ഷം ആരോഗ്യകേന്ദ്രങ്ങൾ പുതുതായി ആരംഭിക്കും. ക്ഷയരോഗികൾക്കു പോഷകാഹാരത്തിന് 600 കോടി അനുവദിക്കും. ആരോഗ്യ/ആരോഗ്യരക്ഷാ കേന്ദ്രങ്ങൾക്ക് 1200 കോടി രൂപ അനുവദിക്കുമെന്നും ജയ്റ്റ്‌ലി അറിയിച്ചു.

രാജ്യത്തെ മൂന്നു ലോക്‌സഭാ മണ്ഡലങ്ങൾക്ക് ഒന്ന് എന്ന നിലയിൽ മെഡിക്കൽ കോളജുകൾ വരും. ജില്ലാ ആശുപത്രികൾ വികസിപ്പിച്ച് യുപിയിൽ പുതിയതായി 24 മെഡിക്കൽ കോളജുകൾ നിർമ്മിക്കുമെന്നും ജയ്റ്റ്‌ലി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു.