ദുബായ്: അടുത്ത വർഷം മുതൽ യുഎഇയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ഹെൽത്ത് ഇൻഷ്വറൻസ് കാർഡുകൾ സ്വീകരിക്കുമെന്ന് റിപ്പോർട്ട്. മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾക്ക് പുതിയ പ്രഖ്യാപനം ഗുണകരമാകും. നിലവിൽ മിനിസ്ട്രി ഓഫ് ഹെൽത്തിന്റെ കീഴിലുള്ള ആശുപത്രികളിൽ എമിറേറ്റികളുടെ ഹെൽത്ത് ഇൻഷ്വറൻസ് കാർഡുകൾ മാത്രമേ സ്വീകരിച്ചിരുന്നുള്ളൂ.

എന്നാൽ 2017 മുതൽ എല്ലാ സർക്കാർ ആശുപത്രികളിലും ആരോഗ്യ ഇൻഷ്വറൻസ് കാർഡ് സ്വീകാര്യമാക്കും. ഇതോടെ മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ചികിത്സാ ചെലവിനത്തിൽ വൻ തുകയുടെ ലാഭമാണ് ഉണ്ടാകാൻ പോകുന്നത്. തുടക്കമെന്ന നിലയിൽ ദുബായ്, ഫുജൈറ എമിറേറ്റുകളിലെ പതിനഞ്ചോളം ആശുപത്രികളിൽ സൗജന്യ ചികിത്സ നടപ്പാക്കും. പിന്നീട് എല്ലാ ആശുപത്രികളിലേക്കും ഇതുവ്യാപിപ്പിക്കും.

പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി അഞ്ഞൂറിലേറെ ജീവനക്കാർക്ക് പരിശീലനം നൽകി വരുന്നുണ്ട്. ആശുപത്രികളിൽ സജ്ജമാക്കുന്ന ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് ഇൻഷുറൻസ് കാർഡുകൾ സ്വീകരിക്കുക. രോഗികളെക്കുറിച്ച എല്ലാ വിവരങ്ങളും ലഭ്യമാകുന്ന അൽ വരീദ് സംവിധാനവുമായ ഇൻഷുറൻസ് കമ്പനികളെ ബന്ധിപ്പിക്കും. ഇതോടെ ചികിത്സക്ക് ചെലവാകുന്ന തുക കമ്പനികൾക്ക് നേരിട്ട് ആശുപത്രികൾക്ക് കൈമാറാൻ സാധിക്കും.

നിലവിൽ ദുബായിൽ കമ്പനികളിൽ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ആരോഗ്യ ഇൻഷ്വറൻസ് നിർബന്ധമാക്കിയിരിക്കുകയാണ്. അബുദാബിയിൽ നേരത്തെ തന്നെ ഇതു നടപ്പാക്കിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ കൂടി വിദേശികളുടെ ഹെൽത്ത് ഇൻഷ്വറൻസ് കാർഡുകൾ സ്വീകരിക്കുന്ന സാഹചര്യം വരുന്നതോടെ ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.