ദുബൈയിൽ ആരോഗ്യ ഇൻഷ്വറൻസ് ഇല്ലാത്തവർക്ക് ഉടൻ പിഴ ഈടാക്കി തുടങ്ങിയേക്കും. ദുബൈ നിവാസികൾക്ക് നിർബന്ധിത ആരോഗ്യ ഇൻഷൂറൻസ് എടുക്കാൻ അനുവദിച്ച കാലപരിധിയിലെ അവസാനഘട്ട ഇളവ് ഉടൻ പിൻവലിക്കുമെന്ന് ദുബൈ ഹെൽത്ത് അഥോറിറ്റിയാണ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കകം ആരോഗ്യ ഇൻഷൂറൻസ് ഇല്ലാത്തവർക്ക് പിഴ ഇടാക്കി തുടങ്ങുമെന്ന് അധികൃതർ വ്യക്തമാക്കി.

2016 ഡിസംബർ 31 വരെയാണ് ദുബൈയിലെ മുഴുവൻ പേർക്കും ആരോഗ്യ ഇൻഷൂറൻസ് ഉറപ്പാക്കാൻ ദുബൈ ഹെൽത്ത് അഥോറിറ്റി കാലപരിധി നിശ്ചയിച്ചത്. എന്നാൽ, ഇൻഷൂറൻസ് കമ്പനികളിലെ തിരക്ക് പരിഗണിച്ച് കാലപരിധിയിൽ അവസാനഘട്ട ഇളവ് അനുവദിക്കുകയായിരുന്നു. എന്നാൽ എത്രകാലത്തേക്കാണ് നീട്ടിയതെന്ന് വ്യക്തമാക്കിയി രുന്നില്ല. അവസാനഘട്ട ഇളവ് ദിവസങ്ങൾക്കകം അവസാനിക്കുമെന്ന് ഹെൽത്ത് ഫണ്ടിങ് വിഭാഗം ഡയറക്ടർ ഡോ. ഹൈദർ അൽ യൂസുഫ് പറഞ്ഞു.

ഇനി രണ്ടുശതമാനം ദുബൈ നിവാസികൾ മാത്രമാണ് ഹെൽത്ത് ഇൻഷൂറൻസ് എടുക്കാൻ ബാക്കിയുള്ളത്. ഉടൻ പോളിസി എടുത്തില്ലെങ്കിൽ ഇവർ പിഴ നൽകേണ്ടി വരും. ഇൻഷൂറൻസില്ലാത്തവരുടെ വിസ പുതുക്കാനും അനുവദിക്കില്ല. വിസ ഇല്ലാത്ത ഓരോരുത്തർക്കും മാസം 500 ദിർഹം വീതമാണ് പിഴ ഈടാക്കുക. ഇനയ, സാദാ എന്നീ രണ്ട് തരം ഇൻഷ്വറൻസ് സംവിധാനമാണ് നിലവിലുള്ളത്. രണ്ട് ശതമാനത്തിൽ താഴെ താമസക്കാർ മാത്രമാണ് ഇതുവരെ ഇൻഷ്വറൻസ് പരിധിയിൽ ആയിട്ടുള്ളത്.