- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
സന്ദർശകവിസക്കാർക്ക് ഉൾപ്പെടെ ഖത്തറിലെ എല്ലാ പ്രവാസികൾക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയേക്കും; കരട് നിയമം ശുറാ കൗൺസിലിൽ ചർച്ചയ്ക്ക്
ദോഹ: ഖത്തറിൽ എല്ലാപ്രവാസികൾക്കും സന്ദർശകവിസയിൽ അടക്കം എത്തുന്നവർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു. ഇത് സംബന്ധിച്ച കരട് നിയമം ശൂറ കൗൺസിൽ ചർച്ച ചെയ്തു. വിസ പുതുക്കുക, പുതിയ വിസകൾ അനുവദിക്കുക, സന്ദർശകവിസ, രാജ്യത്തേക്കുള്ള മറ്റ് യാത്രകൾ എന്നിവക്കൊക്കെ ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കുകയാണ് നിയമത്തിലൂടെ ചെയ്യുന്നത്.
രാജ്യത്തെത്തുന്ന എല്ലാ പ്രവാസികൾക്കും ചികിത്സക്കുള്ള അടിസ്ഥാനരേഖയായി ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കും. ഇൻഷുറൻസ് ഇല്ലാതെ വിസകൾ അനുവദിക്കുയോ പുതുക്കുകയോ ചെയ്യില്ല. സന്ദർശകവിസയിൽ എത്തുന്നവർക്കും നിർബന്ധമാകും. ആരോഗ്യ ഇൻഷുറൻസ് എടുത്തതിന്റെ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ വിസകൾ പുതുക്കിനൽകില്ല. അടിയന്തരഘട്ടത്തിൽ പണച്ചെലവില്ലാതെ എല്ലാവർക്കും ചികിത്സ സാധ്യമാക്കുകയാണ് ഇൻഷുറൻസിന്റെ ലക്ഷ്യം.
ഇൻഷുറൻസ് നൽകുന്ന കമ്പനിയുടേയും ഇൻഷുറൻസ് പോളിസി എടുക്കുന്നയാളുടെയും പ്രവാസി ജോലിചെയ്യുന്ന കമ്പനിയുടെയും ഉത്തരവാദിത്തവും ചുമതലയും കരട് നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. കരടുനിയമം വിശദമായ പഠനത്തിനും വിലയിരുത്തലിനും ശൂറ കൗൺസിലിന്റെ പബ്ലിക് സർവിസസ് ആൻഡ് യൂട്ടിലിറ്റീസ് കമ്മിറ്റിക്ക് കൈമാറി. നേരത്തേ കരടുനിയമത്തിന് മന്ത്രസഭ അംഗീകാരം നൽകിയിരുന്നു. രാജ്യത്തെ മുഴുവൻ ആളുകൾക്കും ഉയർന്ന നിലവാരത്തിലുള്ളതും കാര്യക്ഷമവുമായ സമഗ്രവും സുസ്ഥിരവുമായ ആരോഗ്യസേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രിസഭ അറിയിച്ചിരുന്നു.
സർക്കാർ, സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളിൽ മികവുറ്റ ആരോഗ്യസേവനം ഉറപ്പുവരുത്തുന്നതിനുള്ള നയവും പദ്ധതികളും നടപടികളും തയാറാക്കുക, ആരോഗ്യസേവനങ്ങൾ ലഭിക്കുന്നതിന് രോഗികൾക്കുള്ള ചുമതലകളും അവകാശങ്ങളും നിർണയിക്കുക, സ്വദേശികൾക്ക് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ പൂർണമായും സൗജന്യ ചികിത്സ നൽകുക, മുഴുവൻ താമസക്കാർക്കും സന്ദർശകർക്കും അടിസ്ഥാന ആരോഗ്യസേവനങ്ങൾ ലഭിക്കുന്നതിനായി ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കാനാണ് കരടുനിയമം വ്യവസ്ഥ ചെയ്യുന്നത്.