കുവൈറ്റ് സിറ്റി: സന്ദർശന വിസയിൽ കുവൈറ്റിലെത്തുന്ന എല്ലാവരേയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ പെടുത്തണമെന്ന നിർദേശത്തിന് സർക്കാർ തത്വത്തിൽ അംഗീകാരം നൽകി. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിന്റെ തുടക്കത്തിലാണ് എംപി ഖലീൽ അൽ സാലെ ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ ഈ നിർദേശത്തോട് ആരോഗ്യമന്ത്രാലയം ആദ്യം വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു. എന്നാൽ പിന്നീട് വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അധികൃതർ നിർദേശത്തിന് അംഗീകാരം നൽകുകയായിരുന്നു.

കുവൈറ്റിൽ സന്ദർശന വിസയിൽ എത്തുന്നവരിൽ നിന്ന് ആരോഗ്യസേവനത്തിന് ഇനി മുതൽ ഫീസ് ഈടാക്കാനാണ് നിർദ്ദേശം. വിദേശികൾക്കു വേണ്ടി സന്ദർശന വിസയ്ക്കായി അപേക്ഷിക്കുന്ന സ്‌പോൺസർ രാജ്യത്തെ അംഗീകൃത ഇൻഷ്വറൻസ് കമ്പനിയിൽ നിന്നുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ചേർക്കുന്നതിനുള്ള അപേക്ഷയും സമർപ്പിക്കണം. ഇത്തരത്തിൽ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കി രാജ്യത്ത് എത്തുന്ന വിദേശികൾക്ക് സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭ്യമാക്കും.

പകർച്ചവ്യാധികൾ തടയുന്നതിനും രോഗങ്ങളിൽ നിന്നും രാജ്യം മുക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് രാജ്യത്ത് വന്നുപോകുന്നവർക്ക് മെഡിക്കൽ പരിശോധന നിർബന്ധമാക്കുന്നതെന്ന് എംപി വ്യക്തമാക്കി. കൂടാതെ സർക്കാർ ആശുപത്രികളിലെ തിരക്ക് ഒഴിവാക്കുന്നതിനും മരുന്നിനും മറ്റുമുള്ള അനാവശ്യ ചെലവുകൾ കുറയ്ക്കാനും പുതിയ സംവിധാനം പ്രയോജനപ്പെടുമെന്നും വിലയിരുത്തുന്നു.