ദുബായ്: താമസക്കാർക്കെല്ലാം നിർബന്ധിതമായ ആരോഗ്യ ഇൻഷൂറൻസ് (ഇസ്ആദ്) എടുക്കാൻ ദുബൈ ഹെൽത്ത് അഥോറിറ്റി (ഡി.എച്ച്.എ) അനുവദിച്ച കാലാവധി അവസാനിക്കാൻ ഇനി 10 ദിവസം മാത്രം. 31 ന് ശേഷം ഹെൽത്ത് കാർഡിൽ അംഗങ്ങളാകാത്തവർ പിഴശിക്ഷ നേരിടേണ്ടിവരുമെന്ന് അധികൃതരുടെ മുന്നറിയിപ്പ് നല്കി.

ദുബായിൽനിന്നു താമസവീസ ലഭിച്ചവർക്കു പദ്ധതിയുടെ ഭാഗമാകാൻ നൽകിയ
സമയപരിധി ഡിസംബർ 31ന് അവസാനിക്കും. ഇൻഷുറൻസ് കാർഡില്ലാത്തവരിൽനിന്നു ജനുവരി മുതൽ പ്രതിമാസം 500 ദിർഹം പിഴ ഈടാക്കും. തൊഴിലാളികളാണു നിയമം ലംഘിച്ചതെങ്കിൽ സ്‌പോൺസർ പിഴ അടയ്‌ക്കേണ്ടിവരും. ദുബായിൽനിന്നു വീസ ലഭിച്ചവർ രാജ്യത്തിനു പുറത്താണെങ്കിലും പിഴ അടയ്‌ക്കേണ്ടിവരും. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വീസാ കാലാവധി തീരുന്നവർക്കും ഹെൽത്ത് കാർഡ് നിർബന്ധമാണ്.

സ്‌പോൺസറാണ് അനുയോജ്യ പോളിസി എടുത്തു തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കേണ്ടത്. തൊഴിലാളിയുടെ വീസ പുതുക്കാൻ തൊഴിലുടമയ്ക്കു താൽപര്യമില്ലെങ്കിൽ വീസ റദ്ദാക്കുന്ന സമയത്ത് രാജ്യത്തു താമസിച്ച കാലയളവ് കണക്കാക്കി പോളിസി തുക തിരിച്ചുതരും.പദ്ധതിയിൽ ഭാഗഭാക്കാകാത്ത തൊഴിലുടമകൾ തങ്ങളുടെ തൊഴിലാളികളുടെ മുഴുവൻ ചികിത്സാ ചെലവുകളും വഹിക്കാൻ ബാധ്യസ്ഥരാണ്. ഇതിൽ വീഴ്ച വരുത്തുന്നവരും പിഴ അടയ്‌ക്കേണ്ടിവരും.

നവജാത ശിശുവിനു ജനിച്ചു 30 ദിവസത്തിനകം ഹെൽത്ത് കാർഡ് എടുത്തിരിക്കണം. അപേക്ഷകരുടെ അവകാശങ്ങൾ ലംഘിക്കാതെയാണ് ഇൻഷുറൻസ് കമ്പനികൾ കരാറുകൾ രൂപപ്പെടുത്തേണ്ടത്. കമ്പനികളുടെ നിയമ ലംഘനങ്ങൾ നിരീക്ഷിക്കുകയും കുറ്റക്കാർക്കു കനത്ത പിഴ ചുമത്തുകയും ചെയ്യും. ഇൻഷുറൻസ് കാർഡിലോ രേഖയിലോ തിരിമറി നടത്തി പണം തട്ടിയാൽ പിഴ ചുമത്തുമെന്നും താക്കീതു ചെയ്തിട്ടുണ്ട്.

ഇതുവരെ 36 ലക്ഷം പേരാണ് പദ്ധതിയുടെ ഭാഗമായതെന്നാണു ഹെൽത്ത് അഥോറിറ്റിയുടെ കണക്ക്. 50 അംഗീകൃത ഇൻഷുറൻസ് കമ്പനികളാണു ദുബായിലുള്ളത്. നാലായിരം ദിർഹത്തിനു താഴെ വേതനമുള്ളവരെയും ആരോഗ്യ പരിരക്ഷയുടെ ഭാഗമാക്കാനുള്ള പ്രത്യേക പാക്കേജുകളുള്ള കമ്പനികളും ഇവയിലുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഇൻഷുറൻസ് പരിരക്ഷ ഉള്ളവർക്ക് ഡോക്ടർമാരുടെ ഫീസ്, ശസ്ത്രക്രിയ, പ്രസവ ശുശ്രൂഷ, അടിയന്തിര ചികിത്സകൾ തുടങ്ങിയ ആരോഗ്യ ആവശ്യങ്ങൾക്കെല്ലാം ഇൻഷൂറൻസ് കവറേജ് ലഭിക്കും.പുതുവർഷം മുതൽ താമസ കുടിയേറ്റ വകുപ്പുമായി ആരോഗ്യ ഇൻഷ്യൂറൻസ് ബന്ധിപ്പിക്കും. ഇൻഷൂറൻസ് ഇല്ലാത്തവർക്ക് വിസ പുതുക്കി നൽകില്ല.