- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബ്ലൗസിനു മേലെ കൂടെ സിറിഞ്ച് പുഷ് പോലും ചെയ്യാതെ ഇഞ്ചക്ഷൻ എടുക്കാൻ ഉള്ള ടെക്നോളജി നിങ്ങടെ കയ്യിൽ ഉണ്ടായിരുന്നിട്ടാണോ? 'ആശാന് അടുപ്പിലുമാകാം': ആരോഗ്യമന്ത്രി വാക്സിൻ എടുക്കുന്ന ചിത്രം കണ്ട് വിമർശിച്ചവർക്ക് വിശദീകരണം; സ്ത്രീയാണെന്ന പരിഗണന കൊടുക്കണ്ടേ? ഇത്ര മണ്ടന്മാരുണ്ടോ എന്ന് ചോദിച്ച് ഡോ. മുഹമ്മദ് അഷീൽ
തിരുവനന്തപുരം: ആരോഗ്യമന്ത്രി മന്ത്രി കെ.കെ.ശൈലജ ഇന്ന് കോവിഡ് വാക്സിൻ എടുത്ത ശേഷം ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിൽ തുണിക്ക് മുകളിലൂടെ കുത്തിവെപ്പ് എടുക്കുന്നതായാണ് ദൃശ്യമാവുക. ഇതിനെതിരെ ഒരുവിഭാഗം ആരോപണങ്ങളുമായി രംഗത്തെത്തിമന്ത്രിയുടെ പോസ്റ്റിന് താഴെ ഇതുമായി ബന്ധപ്പെട്ട് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. 'തുണിക്ക് മുകളിലൂടെ കോവിഡ് വാക്്സിനേഷൻ എടുത്താൽ പെട്ടെന്ന് പ്രതിരോധം ഉണ്ടാകും എന്ന് പറഞ്ഞത് ശെരിയാണോ'യെന്ന് ഒരാൾ ചോദിക്കുമ്പോൾ, 'ആശാന് അടുപ്പിലുമാകാം' എന്നാണ് മറ്റൊരു കമന്റ്.
'ഇങ്ങനെ ബ്ലൗസിനു മേലെ കൂടെ സിറിഞ്ച് പുഷ് പോലും ചെയ്യാതെ ഇഞ്ചക്ഷൻ എടുക്കാൻ ഉള്ള ടെക്നോളജി നിങ്ങടെ കയ്യിൽ ഉണ്ടായിരുന്നിട്ടാണോ ഞങ്ങളോട് ഇന്നോളം സൂചി കുത്താൻ വേണ്ടി ഷർട്ടിന്റെ കൈ പൊക്കാനും നാണമില്ലാതെ ട്രൗസർ താഴ്ത്താനും വരെ പറഞ്ഞോണ്ടിരുന്നത്? അരുതായിരുന്നു മോഡേൺ മെഡിസിനേ... അരുതരുതായിരുന്നു' എന്ന് മറ്റൊരാൾ കമന്റ് ചെയ്യുന്നു. ഏതായാലും ഇക്കാര്യത്തിൽ ഇപ്പോൾ ആരോഗ്യ വകുപ്പിന്റെ വിശദീകരണം എത്തി.
ആരോഗ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന ഫോട്ടോ മാധ്യമപ്രവർത്തകർ വാർത്താ ചിത്രം ആവശ്യപ്പെട്ടത് പ്രകാരം പോസ് ചെയ്ത് എടുത്തതാണെന്ന് സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ പറഞ്ഞു. ചിത്രമെടുത്തതിന് ശേഷം മാധ്യമപ്രവർത്തകർ പുറത്തിറങ്ങുകയും മന്ത്രി വസ്ത്രം മാറ്റി വാക്സിനേഷൻ കുത്തിവെയ്പ് എടുക്കുകയും ചെയ്തെന്നും മുഹമ്മദ് അഷീൽ വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കോവിഡ്-19 വാക്സിനേഷൻ കേന്ദ്രത്തിൽ നിന്നുമാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ കോവിഡ് വാക്സിനേഷൻ സ്വീകരിച്ചത്.
ഡോ. മുഹമ്മദ് അഷീൽ പറഞ്ഞത്
''അത് വാക്സിനേഷൻ എടുത്തതല്ല. വസ്ത്രം മാറ്റിയിട്ട് വേണ്ടേ ടീച്ചർക്ക് വാക്സിനേഷൻ എടുക്കാൻ. ക്യാമറകൾക്ക് മുന്നിൽ വസ്ത്രം മാറ്റണമായിരുന്നോ? മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും ഇ ചന്ദ്രശേഖരനും കുത്തിവെയ്പ് എടുക്കുന്നതിന്റെ വീഡിയോ ഉണ്ടല്ലോ. ശൈലജ ടീച്ചർക്ക് അതുപോലെ ചെയ്യാൻ പറ്റുമോ? അത് പ്രായോഗികമാണോ. മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടത് പ്രകാരം ഒരു വാർത്താ ചിത്രത്തിന് വേണ്ടി പോസ് ചെയ്തത് തന്നെയാണ്. അതിൽ സംശയമില്ല. അതിന് ശേഷം വസ്ത്രം മാറ്റി ടീച്ചർ കുത്തിവെയ്പ് എടുത്തു.
മാധ്യമപ്രവർത്തകർ അവിടെയുണ്ടായിരുന്നു. അവർ മണ്ടന്മാരാണോ? കുത്തിവെയ്ക്കുന്നില്ലാ എന്നത് കണ്ടു നിന്നവർക്ക് അറിയാമല്ലോ. മാധ്യമപ്രവർത്തകർ മാറിയതിന് ശേഷമാണ് കുത്തിവെയ്പ് എടുത്തത്. സ്ത്രീയാണെന്ന പരിഗണന കൊടുക്കണ്ടേ? ആ ചിത്രത്തിന്റെ പേരിൽ വിമർശനം ഉന്നയിക്കുന്നവർക്ക് ബുദ്ധിയില്ലേ എന്നാണ് ഞാൻ ആലോചിക്കുന്നത്. കുത്തിവെയ്പ് എടുക്കുകയല്ല എന്നത് ചുറ്റും നിക്കുന്ന എല്ലാവർക്കുമറിയാം. എന്തൊരു അസംബന്ധമാണ് അത്തരം കമന്റുകൾ.''
ആരോഗ്യമന്ത്രിയുടെ കുറിപ്പ്
ഞാൻ കോവിഡ് വാക്സിനേഷൻ എടുത്തതിനെ പരിഹസിച്ചുകൊണ്ട് ചിലർ പോസ്റ്റ് ഇടുന്നതായി കണ്ടു.അത്തരക്കാരോട് പ്രതികരിക്കേണ്ടതില്ലെന്ന് അറിയാം.എങ്കിലും ഒരു മഹാമാരിക്കെതിരായ പ്രതിരോധപ്രവർത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങൾ തിരിച്ചറിയണം.ബ്ളൗസ് മുതുകിൽ നിന്ന് താഴ്ത്തി ഇഞ്ചക്ഷൻ എടുക്കുമ്പോൾ സാരി കൊണ്ട് മറയും എന്ന് അറിയായ്കയല്ല .കിട്ടിയത് ആയുധമാക്കാമോ എന്ന് നോക്കിയതാണ്.വാക്സിൻ എടുക്കാൻ ആർക്കെങ്കിലും മടിയുണ്ടെങ്കിൽ അവരെ പ്രേരിപ്പിക്കുന്നതിനാണ് മന്ത്രിമാരും മറ്റും വാക്സിൻഎടുക്കുന്ന വാർത്ത കൊടുക്കുന്നത്.ഏതു നല്ലകാര്യത്തെയും പരിഹസിക്കാൻ ചുമതലയെടുത്തവരോട് സഹതാപമേയുള്ളു
മറുനാടന് മലയാളി ബ്യൂറോ