- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ഒന്നാം ഡോസ് വാക്സീനേഷൻ 90 ശതമാനം പിന്നിട്ടു; കോവിഡ് രണ്ടാം തരംഗം തീവ്രത കടന്നു:പുതിയ ഡെങ്കി വകഭേദമില്ല; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ ജോർജ്ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ഡെങ്കി വകഭേദമല്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനിയുടെ ഡെൻവ് 2 വൈറസ് വകഭേദം 2017ൽ റിപ്പോർട്ട് ചെയ്തതാണ്. പുതിയതാണെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും മന്ത്രി വ്യക്തമാക്കി.
ഡെങ്കി പനി സംബന്ധിച്ച് ചില തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഡെങ്കി പനിക്ക് നാല് വകഭേദങ്ങളാണ് ഉള്ളത്. ഇതിൽ രണ്ടാം വകഭേദം പുതിയതായി ഉണ്ടായ ഒന്നാണെന്ന തരത്തിൽ ചില പ്രചാരണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അത് തെറ്റാണെന്നും 2017ൽ രാജ്യത്ത് കേരളം ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ഈ വകഭേദം റിപ്പോർട്ട് ചെയ്തിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡെങ്കിയുടെ നാല് വകഭേദങ്ങളിൽ ഏറ്റവും അപകടകരമായത് രണ്ടാമത്തേതാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ നടത്തിയ കോവിഡ് സിറോ സർവേ ഫലം ഉടൻ ലഭിക്കും. സർവേ ഫലം അടിസ്ഥാനമാക്കി സ്കൂൾ തുറക്കാനുള്ള മാർഗനിർദേശങ്ങൾ തയാറാക്കും.
സംസ്ഥാനത്ത് ആദ്യ ഡോസ് കോവിഡ് വാക്സിനേഷൻ 90 ശതമാനമെത്തിയെന്ന് മന്ത്രി അറിയിച്ചു. അഞ്ചു ജില്ലകളിൽ 100 ശതമാനത്തിനടുത്താണ് വാക്സിനേഷൻ. ഞായറാഴ്ച വരെ വാക്സീൻ എടുക്കേണ്ട ജനസംഖ്യയുടെ 89.74 ശതമാനം പേർക്ക് ആദ്യ ഡോസും (2,39,67,563), 37.29 ശതമാനം പേർക്ക് രണ്ടാം ഡോസും (99,60,619) നൽകി.
രാജ്യത്ത് ഏറ്റവും കൂടുതൽ വാക്സിനേഷൻ/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (9,47,773). 45 വയസ്സിൽ കൂടുതൽ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകൾക്ക് ഒരു ഡോസും 55 ശതമാനം പേർക്ക് രണ്ട് ഡോസും നൽകി. സെപ്റ്റംബർ 12 മുതൽ 18 വരെ, ശരാശരി 1,96,657 പേർ ചികിത്സയിലുണ്ടായിരുന്നതിൽ 2 ശതമാനം പേർക്ക് ഓക്സിജൻ കിടക്കകളും ഒരു ശതമാനം പേർക്ക് ഐസിയുവും ആവശ്യമായി വന്നു. പുതിയ കേസുകളുടെ നിരക്കിൽ മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ 23 ശതമാനം കുറവുണ്ടായി.
ആശുപത്രികൾ, ഐസിയു, വെന്റിലേറ്റർ, ഓക്സിജൻ കിടക്കകൾ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ആഴ്ചയിൽ യഥാക്രമം 8, 6, 4, 7 ശതമാനം കുറഞ്ഞു. ചികിത്സയിലുള്ളവരുടെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്നുണ്ട്. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കോവിഡ് ബാധിതരായവരിൽ 6 ശതമാനം പേർ ഒരു ഡോസും 3.6 ശതമാനം പേർ രണ്ട് ഡോസും വാക്സീനെടുത്തു.
വാക്സിനെടുക്കാൻ വിമുഖത പാടില്ലെന്നും മരണസംഖ്യ കൂടുതലും വാക്സിനെടുക്കാത്തവരിലാണെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് ജാഗ്രതയിൽ ഒരു വിട്ടുവീഴ്ചയും വരുത്തരുതെന്നും മന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നതുൾപ്പെടെയുള്ള പ്രതിരോധം പാലിച്ചാൽ മാത്രമേ ഇപ്പോഴുള്ള ഇളവുകൾ തുടരാൻ കഴിയുകയുള്ളൂവെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
മറുനാടന് മലയാളി ബ്യൂറോ