കുവൈറ്റ് സിറ്റി: ഫാമിലി വിസിറ്റിങ് വിസ മറ്റു വിസകളിലേക്ക് മാറ്റുന്നതിനെതിരേ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈറ്റ്. ഫാമിലി വിസിറ്റിങ് വിസയിൽ കുവൈറ്റിലെത്തുന്നവർക്ക് പിന്നീടത് തൊഴിൽ വിസയിലേക്കോ ആശ്രിത വിസയിലേക്കോ മാറ്റാൻ അനുവദിക്കരുതെന്ന് ആരോഗ്യമന്ത്രാലയം ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. അതാതു രാജ്യങ്ങളിൽ കുവൈറ്റ് സർക്കാർ അംഗീകരിച്ച മെഡിക്കൽ സെന്ററുകളിൽ വൈദ്യപരിശോധന നടത്തിയവർക്കു മാത്രമേ തൊഴിൽ വിസ, ആശ്രിത വിസ എന്നിവ നൽകാവൂ എന്ന നയത്തിന്റെ ഭാഗാമായാണ് പുതിയ നിർദ്ദേശം.

സന്ദർശക വിസയിൽ കുവൈറ്റിലേക്ക് വരുന്നതിന് മെഡിക്കൽ ടെസ്റ്റിന്റെ ആവശ്യം വരുന്നില്ല. എന്നാൽ ആശ്രിത വിസ, തൊഴിൽ വിസ തുടങ്ങിയവയിൽ കുവൈറ്റിൽ പ്രവേശിക്കണമെങ്കിൽ അതാതു രാജ്യങ്ങളിൽ, കുവൈറ്റ് സർക്കാർ അംഗീകരിച്ച മെഡിക്കൽ സെന്ററുകളിൽ നിന്നു തന്നെ വൈദ്യപരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. വിസിറ്റിങ് വിസയിൽ വൈദ്യപരിശോധനയില്ലാതെ എത്തുന്നവർ പിന്നീട് മറ്റു വിസകളിലേക്ക് മാറ്റുന്നതിനാണ് ആരോഗ്യമന്ത്രാലയം കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

മെഡിക്കൽ പരിശോധനകൾ ഇല്ലാതെ കുവൈറ്റിൽ പ്രവേശിക്കുന്നവർ നിശ്ചിത കാലാവധി കഴിഞ്ഞ് തിരികെ പോകേണ്ടതാണെന്നും അല്ലാത്ത പക്ഷം കുവൈറ്റിൽ ദീർഘനാൾ കഴിയുന്നത് ഇവിടെ ആരോഗ്യപരമായ പല പ്രശ്‌നങ്ങൾക്കും കാരണമാകുമെന്നും മന്ത്രാലയം വിശദീകരിക്കുന്നു. കുവൈറ്റിലെ ജനങ്ങളുടെ ആരോഗ്യത്തിന് മുന്തിയ പരിഗണന നൽകേണ്ടത് മന്ത്രാലയത്തിന്റെ ഉത്തരവാദിത്വമാണെന്നും അതിനാലാണ് ഇത്തരത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നും ആരോഗ്യവിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. മാജിദ അൽ ഖ്വത്താൻ വ്യക്തമാക്കി.