ദോഹ: ഫേസ്‌ബുക്ക്, ട്വിറ്റർ, വാട്ട്‌സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ വഴി വ്യാജ മരുന്നുകൾ വിറ്റഴിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ഡോക്ടർമാരുടെയും ആരോഗ്യവിദഗ്ദ്ധരുടെയും മുന്നറിയിപ്പ്.വ്യാജ പരസ്യം നൽകി വിൽക്കപ്പെടുന്ന ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉപയോഗിക്കുന്നതിനെതിരെയാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

വ്യാജ മരുന്നുകൾ മാർക്കറ്റിൽ വിറ്റഴിക്കാൻ ശ്രമിക്കുന്നവരെ പിടികൂടി കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു. അന്താരാഷ്ട്ര അംഗീകാരമോ ബന്ധപ്പെട്ട അധികൃതരുടെ സർട്ടിഫിക്കേഷനോ ഇല്ലാത്ത, മുൻപരിചയമോ കേട്ടുകേൾവിയോ ഇല്ലാത്ത മരുന്നുകൾ ഉപയോഗിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്കു കാരണമാകും.ഇത്തരം മരുന്നുകൾ പ്രതിവിധിയേക്കാൾ കൊടുംവിഷത്തിന്റെ ഫലമായിരിക്കും ചെയ്യുകയെന്നും ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

വിവിധ അസുഖങ്ങൾക്കു പരിഹാരമെന്ന നിലയിൽ ഹ്രസ്വചിത്രങ്ങളുടെയും വീഡിയോകളുടെയും അകമ്പടിയോടെയാണ്
സോഷ്യൽ മീഡിയകൾ കേന്ദ്രീകരിച്ച് മരുന്നുകളുടെ പ്രമോഷൻ നടക്കുന്നത്. ക്യാൻസർ, പ്രമേഹം, രക്ത സമ്മർദ്ധം വന്ധ്യത തുടങ്ങി ദീർഘകാലം മരുന്നു കഴിക്കുന്നവരാണ് കൂടുതലായി ഇത്തരം തട്ടിപ്പുകളിൽ ഇരയാകപ്പെടുന്നത്.