മെൽബൺ: രാജ്യത്ത് വർധിച്ചു വരുന്ന ആവശ്യം പരിഗണിച്ച് വിദേശത്തു നിന്ന് കൂടുതൽ ഹെൽത്ത് പ്രൊഷണലുകളെ ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്‌ക്കരിച്ച് ഓസ്‌ട്രേലിയ. സ്‌കിൽഡ് ഹെൽത്ത് കെയർ പ്രൊഫഷണലുകളുടെ കുടിയേറ്റം സംബന്ധിച്ച് സർക്കാർ അതിന്റെ നയങ്ങളിലും കാതലായ മാറ്റങ്ങളാണ് നിലവിൽ വരുത്തിയിരിക്കുന്നത്. മെഡിക്കൽ രംഗത്ത് വേണ്ടത്ര തോതിൽ പ്രൊഫഷണലുകളുടെ സാന്നിധ്യം ഉറപ്പാക്കുന്ന തരത്തിലാണ് കുടിയേറ്റ നയങ്ങൾ സർക്കാർ പുതുതായി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ഈ വർഷം ഓസ്‌ട്രേലിയൻ ഇമിഗ്രേഷൻ ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് (DIBP) രജിസ്റ്റേർഡ് നഴ്‌സുമാർക്കായി 13,872 പൊസിഷനുകളും ജനറൽ മെഡിക്കൽ പ്രാക്ടീഷണർമാർക്കുള്ള നഴ്‌സുമാർക്ക് 3558 പൊസിഷനുകളും അനസ്തറ്റിക്‌സ്, സർജൻ തുടങ്ങിയ മെഡിക്കൽ സ്‌പെഷ്യലിസ്റ്റുകൾക്ക് ആറായിരത്തോളം പൊസിഷനുകളുമാണ് മാറ്റിവച്ചിട്ടുള്ളത്. ഓസ്‌ട്രേലിയയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന മെഡിക്കൽ പ്രൊഫഷണലുകൾക്ക് നഴ്‌സിങ് ആൻഡ് മിഡ് വൈഫറി അക്രഡിറ്റേഷൻ കൗൺസിൽ ഓഫ് ഓസ്‌ട്രേലിയയോ ഓസ്‌ട്രേലിയൻ മെഡിക്കൽ ബോർഡോ നടത്തുന്ന സ്‌കിൽ അസസ്‌മെന്റ് പൂർത്തിയാക്കണമെന്നു മാത്രം.

ഓസ്‌ട്രേലിയൻ മെഡിക്കൽ രംഗത്ത് ജോലി ചെയ്യാൻ പ്രാപ്തരാണോ വിദേശത്തു നിന്ന് കുടിയേറുന്ന പ്രൊഫഷണലുകൾ എന്ന് ഉറപ്പാക്കുന്നതിനും അതനുസരിച്ച് യോഗ്യതയുള്ളവരെ തെരഞ്ഞെടുക്കുന്നതിനുമാണ് സ്‌കിൽ അസസ്‌മെന്റ് നടത്തുന്നത്. ഇതിന്റെ ഭാഗമായി യോഗ്യത, ഇംഗ്ലീഷിലുള്ള പരിജ്ഞാനം, പ്രവർത്തനപരിചയം, ടൈപ്പ് ആൻഡ് ലെവൽ ഓഫ് രജിസ്‌ട്രേഷൻ തുടങ്ങിയവ പരിശോധിക്കുന്നതാണ്. മിക്ക കേസുകളിലും അപേക്ഷകർ എഴുത്ത് പരീക്ഷയ്‌ക്കോ വാചിക പരീക്ഷയ്‌ക്കോ ഹാജരാകേണ്ടി വരും. സ്‌കിൽ അസസ്‌മെന്റ് പൂർത്തിയാകാൻ ചിലപ്പോൾ മാസങ്ങളെടുത്തേക്കാം.

ഓസ്‌ട്രേലിയയിലെ എംപ്ലോയർമാർ വിദേശത്ത് നിന്നുള്ള മെഡിക്കൽ പ്രഫഷണലുകളെ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ പ്രഫഷണലുകൾക്ക് കർക്കശമായ സ്‌കിൽസ് അസെസ്‌മെന്റുകളിലൂടെ കടന്ന് പോകേണ്ടെന്ന സൗജന്യം ഡിഐബിപി അനുവദിക്കുന്നുണ്ട്.