- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാരങ്ങ മുറിച്ചിട്ട ചൂടുവെള്ളം കുടിച്ച് ദിവസം ആരംഭിക്കുക; ചെരിപ്പിടാതെ എന്നും അൽപം നടക്കുക; അത്താഴം മുടങ്ങിയാലും ബ്രേക്ക്ഫാസ്റ്റ് മുടങ്ങരുത്; നിങ്ങളുടെ ആയുസ്സ് കൂട്ടാൻ 50 എളുപ്പവഴികൾ അറിയുക
ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ആരോഗ്യമാണ് മറ്റെന്തിനേക്കാളും പ്രധാനം. കോടിക്കണക്കിന് പണമുണ്ടായാലും വേണ്ടത്ര ആരോഗ്യമില്ലെങ്കിൽ അതു കൊണ്ട് പ്രയോജനമുണ്ടാവില്ല. ജോലി, കുടുംബപ്രശ്‌നങ്ങൾ, സാമൂഹിക ബന്ധങ്ങൾ, തുടങ്ങിയവ കാരണം പലർക്കും ആരോഗ്യ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധിക്കാൻ സാധിക്കാറില്ലെന്നതാണ് വാസ്തവം. ചെറുപ്പത്തിന്റെ ചുറുചുറുക
ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ആരോഗ്യമാണ് മറ്റെന്തിനേക്കാളും പ്രധാനം. കോടിക്കണക്കിന് പണമുണ്ടായാലും വേണ്ടത്ര ആരോഗ്യമില്ലെങ്കിൽ അതു കൊണ്ട് പ്രയോജനമുണ്ടാവില്ല. ജോലി, കുടുംബപ്രശ്‌നങ്ങൾ, സാമൂഹിക ബന്ധങ്ങൾ, തുടങ്ങിയവ കാരണം പലർക്കും ആരോഗ്യ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധിക്കാൻ സാധിക്കാറില്ലെന്നതാണ് വാസ്തവം. ചെറുപ്പത്തിന്റെ ചുറുചുറുക്കിൽ ഇതിന്റെ പ്രത്യാഘാതങ്ങൾ നാം അനുഭവിക്കില്ലെങ്കിലും പ്രായമാകുന്തോറും ഇത് നമ്മെ ബാധിക്കാൻ തുടങ്ങും. അതിനാൽ തിരക്ക് പിടിച്ച് നെട്ടോട്ടമോടുന്നതിനിടയിൽ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കാനും അൽപം സമയം കണ്ടെത്തിയാൽ ദീർഘായുസോടും ആരോഗ്യത്തോടും കൂടി ജീവിക്കാൻ സാധിക്കും. ഇന്നത്തെ ജീവിതശൈലിയുടെ ഭാഗമായി ആരോഗ്യത്തിനുണ്ടാകുന്ന പ്രശ്‌നങ്ങൾ ചില ലളിതമായ ജീവിതരീതിയിലൂടെയും ഭക്ഷണരീതിയിലൂടെയും നമുക്ക് പരിഹരിക്കാനും ആരോഗ്യം വീണ്ടെടുക്കാനും സാധിക്കുമെന്നാണ് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്. ആരോഗ്യത്തിനും ആയുസിനുമായി സൗത്ത് കെൻസിങ്ടണിലെ ഇവോൾവ് വെൽനെസ് സെന്ററിലെ ഒരു സംഘം ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന ഏതാനും കാര്യങ്ങളാണ് ഇവിടെ പരാമർശിക്കുന്നത്. നാരങ്ങ മുറിച്ചിട്ട ചൂടുവെള്ളം കുടിച്ച് ദിവസം ആരംഭിക്കുക, ചെരിപ്പിടാതെ എന്നും അൽപം നടക്കുക, അത്താഴം മുടങ്ങിയാലും ബ്രേക്ക്ഫാസ്റ്റ് മുടങ്ങരുത് തുടങ്ങിയ നിങ്ങളുടെ ആയുസ്സ് കൂട്ടാനുള്ള 50 എളുപ്പവഴികളാണിവിടെ പരാമർശിക്കുന്നത്.
ജീവിതത്തോട് പോസിറ്റീവ് മനേഭാവം പുലർത്തണമെന്നാണ് ഇതിലെ ആദ്യ നിർദ്ദേശം. അതിനായി ഓരോ ദിവസവും ഇനി പറയുന്ന ചോദ്യങ്ങൾ സ്വയം ചോദിക്കേണ്ടതാണ്. എന്റെ ശരീരത്തിന് വേണ്ടി എന്ത് ചെയ്തു..?, ആരോഗ്യകരമായ എന്തെല്ലാം ഭക്ഷണം കഴിച്ചുവെന്നും വേണ്ടത്ര വ്യായാമം ചെയ്തുവോ എന്നും ഈ അവസരത്തിൽ അവലോകനം ചെയ്യേണ്ടതാണ്. മനസിന് വേണ്ടി എന്ത് ചെയ്തു..? എന്ന ചോദ്യവും ചോദിക്കേണ്ടതാണ്. മനസിന് വേണ്ടി എന്ത് വായിച്ചുവെന്ന് ചിന്തിക്കണം. ആത്മാവിന് വേണ്ടി എന്തു ചെയ്തുവെന്നാണ് ഇനി സ്വയം ചോദിക്കേണ്ടത്. അതിനായി ധ്യാനത്തിൽ ഏർപ്പെട്ടുവോ അല്ലെങ്കിൽ കൂട്ടുകാരോടൊപ്പം ചിരിച്ചുല്ലസിച്ചുവോ എന്നും അവലോകനം ചെയ്യണം. ജീവിതത്തിൽ സന്തോഷം നിറയ്ക്കുന്ന അവസരങ്ങൾ കണ്ടെത്തേണ്ടതാണ്. ഇതിനായി ഡയറിയിൽ ഫൺ ആക്ടിവിറ്റികൾ ഷെഡ്യൂൾ ചെയ്യണം. ജീവിതത്തിലെ തിരക്കുകൾക്കിടയിലും സന്തോഷം കണ്ടെത്തുകയെന്നത് ഒരു ശീലമാണ്. പരിശീലനത്തിലൂടെ ഒരാൾക്ക് ഇത് ആർജിക്കെടുക്കാവുന്നതാണ്. സ്വയം സഹായിക്കുന്ന പുസ്തകങ്ങൾ വായിക്കുന്നതിന് പകരം മഹാന്മാരുടെ ജീവചരിത്രങ്ങൾ വായിക്കണം. നിങ്ങൾ ആരാധിക്കുന്ന മഹാന്മാർ അവരുടെ ജീവിതം എങ്ങനെയാണ് ജീവിച്ചതെന്ന് ഇതിലൂടെ മനസിലാക്കാം. അതിൽ നിന്നും സ്വീകാര്യമായവ ജീവിതത്തിൽ പകർത്തുകയും ചെയ്യാം. ജീവിതത്തിലെ കപടതകൾക്കും നാട്യങ്ങൾക്കും അടിമപ്പെടുന്നതിനിടയിൽ ഒരു തുറന്ന ഹൃദയം കാത്ത് സൂക്ഷിക്കാൻ ശ്രമിക്കണം. എല്ലാത്തിലുംസന്തോഷം കണ്ടെത്തുകയും പഠിക്കാനുള്ള അവസരമായി കാണുകയും വേണം.
ആരോഗ്യകരമായ ഭക്ഷണശീലങ്ങളും ജീവിത ചര്യകളുമാണ് നമുക്ക് ആരോഗ്യവും ആയുസും പ്രദാനം ചെയ്യുന്നത്.ഇതിനായി നാരങ്ങ മുറിച്ചിട്ട ചൂടുവെള്ളം കുടിച്ച് ദിവസം ആരംഭിച്ചാൽ നന്നായിരിക്കും. ഇതിലൂടെ നല്ല ദഹനവ്യവസ്ഥ ഉണ്ടാക്കാൻ സാധിക്കും. ഇതിന് പുറമെ ബ്ലാഡർ സ്റ്റോൺ, യൂറിനറി ഇൻഫെക്ഷൻ എന്നിവ തടയാനും അസിഡിറ്റി കുറയ്ക്കാനും സാധിക്കും. ദിവസത്തിൽ ഒരു മണിക്കൂറെങ്കിലും നിങ്ങളുടെ ഫോണുകൾ, ലാപ് ടോപ്പ് , മറ്റ് ഡിവൈസുകൾ തുടങ്ങിയ ഓഫ് ചെയ്ത് സമാധാനമുള്ള സ്ഥലത്ത് സ്വതന്ത്രമായി ഇരിക്കേണ്ടതാണ്. ഈ സമയത്ത് നല്ല പുസ്തകങ്ങൾ വായിക്കുകയോ പ്രകൃതിയുടെ സംഗീതം കേൾക്കുകയോ ചെയ്യാവുന്നതാണ്. എത്ര തിരക്കുണ്ടെങ്കിലും അൽപനേരം നടക്കാനുള്ള സമയം കണ്ടെത്തണം. ഇന്നത്തെ ജീവിതശൈലിയനുസരിച്ച് മിക്കവരും മണിക്കൂറുകളോളം ടിവി, കമ്പ്യൂട്ടർ എന്നിവയ്ക്ക് മുമ്പിൽ മണിക്കൂറുകളോളം കുത്തിരിയിരിക്കുകയാണ് ചെയ്യുന്നത്. അതിനാൽ ചെറുപ്രായത്തിൽ തന്നെ രോഗങ്ങൾക്ക് അടിപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇതിനെ പ്രതിരോധിക്കാൻ അൽപനേരം നടക്കുന്നതിലൂടെ സാധിക്കും. അതിനാൽ ശരീരത്തിന് ആയാസമുണ്ടാക്കാനും രക്തചംക്രമണം വർധിപ്പിക്കാനും ദിവസത്തിൽ ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും നടക്കേണ്ടതാണ്. പ്രാതലിന് നമ്മുടെ ആരോഗ്യത്തിൽ നിർണായകമായ സ്ഥാനമുണ്ട്. മസ്തിഷ്‌കത്തിന്റെ ഭക്ഷണം എന്നാണിത് അറിയപ്പെടുന്നത്. അതിനാൽ അത്താഴം മുടങ്ങിയാലും പ്രാതൽ മുടക്കരുതെന്നാണ് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്. ബ്രേക്ക്ഫാസ്റ്റ് രാജാവെന്നും ലഞ്ച് രാജകുമാരനെന്നും ഡിന്നർ ഭിക്ഷുവെന്നുമാണ് അറിയപ്പെടുന്നത്. അതായത് പ്രാതലും ഉച്ചഭക്ഷണവും നമ്മുടെ പ്രധാന ഭക്ഷണമാണെന്ന് സാരം. അതിനാൽ ഇവയിൽ ശുദ്ധമായ പഴങ്ങൾ, പച്ചക്കറികൾ, പയറുവർഗങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി സമ്പുഷ്ടമാക്കേണ്ടതാണ്.
വീട്ടിൽ വച്ച് തന്നെ അൽപം യോഗ പരിശീലിക്കാൻ സമയം കണ്ടെത്തേണ്ടതാണ്. വിപരീത കരണി എന്ന ആസനം ശരീരത്തിന് ആയാസമേകുന്നതിന് സഹായിക്കുന്ന ഒരു വഴിയാണ്. ഇതിലൂടെ മനസിനെ തണുപ്പിക്കാനും സെൻട്രൽ നെർവസ് സിസ്റ്റത്തെ സാന്ത്വനിപ്പിക്കാനും സാധിക്കുന്നു. ഇതിന് പുറമെ പലവിധ ആരോഗ്യമാനസിക പ്രശ്‌നങ്ങളെ പരിഹരിക്കാനും യോഗയിലെ വിവിധ ആസനങ്ങളിലൂടെ സാധിക്കും. ധ്യാനത്തിന് മനസിനും ശരീരത്തിനും ആശ്വാസമേകുന്നതിൽ പരമപ്രധാനമായ സ്ഥാനമുണ്ട്. ഇതിന് പുറമെ പ്രചോദനപരമായ ഏതെങ്കിലുമൊരു ഗ്രന്ഥത്തിലെ ഒരു പേജെങ്കിലും വായിച്ചു കൊണ്ട് ദിവസം ആരംഭിക്കുന്നത് നന്നായിരിക്കും. ഇതിന് പുറമെ ശ്വസന വ്യായാമങ്ങളും ചെയ്യുന്നത് ഗുണമേകും. മറ്റുള്ളവരുമായി ഇടപെടുന്നതിന് നമ്മുടെ ജീവിതത്തിൽ നിർണായകമായ സ്ഥാനമുണ്ട്. അതിനാൽ മറ്റുള്ളവരെ കണ്ടാൽ അവർക്ക് ഹൃദയം നിറഞ്ഞ ഒരു ചിരി സമ്മാനിച്ച് ദിവസം ആരംഭിക്കേണ്ടതാണ്. ഇതിലൂടെ എല്ലാ കാര്യങ്ങളും നമുക്കും മറ്റുള്ളവർക്കും മികച്ചതായിത്തീരുന്നതാണ്. ദിവസത്തിൽ അൽപനേരമെങ്കിലും നഗ്‌നപാദരായി പ്രകൃതിയിലേക്ക് നടക്കാൻ ശ്രമിക്കണം. ഇതിന് പുറമെ ധാരാളം വെള്ളം കുടിക്കുകയും വേണം. ആസ്ത്മ പോലുള്ള ശരീരത്തിലെ മിക്ക അസ്വസ്ഥതകളും വെള്ളം കുടിക്കുന്നതിലൂടെ ഇല്ലാതാക്കാം. വൈഫൈ, മൊബൈൽ ഫോണുകൾ തുടങ്ങിയ ഇലക്ട്രോ മാഗ്‌നറ്റിക് ഫീൽഡിൽ നിന്നുള്ള ഒരു മോചനമായിരിക്കും പ്രകൃതിയുമായുള്ള ഈ അടുത്തിടപഴകൽ നിങ്ങൾക്കേകുന്നത്. സ്‌നേഹവും സന്തോഷവും കണ്ടെത്തുന്ന കാര്യങ്ങളേതെങ്കിലും പതിവായി ചെയ്യണം. സ്പാ ഡേറ്റ്, പൂക്കൾ വിൽക്കുന്ന കട സന്ദർശിക്കൽ, പൂന്തൊട്ടപരിപാലനം തുടങ്ങിയ നിങ്ങൾക്ക് സന്തോഷം നൽകുന്ന എന്തും ഇതിനായി അനുവർത്തിക്കാം. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിനനുസൃതമായ മൂഡ് നിങ്ങൾക്കുണ്ടാകും. നിങ്ങളുടെ ശരീരം ഇഷ്ടപ്പെടുന്ന ഭക്ഷണമേതെന്ന് കണ്ടെത്തുക. അത് ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ തിരിച്ചറിയുക.
ശുദ്ധമായ ശീതജലത്തിൽ കുളിക്കുകയെന്നതിന് ആരോഗ്യത്തെ സംബന്ധിച്ച് പ്രധാന സ്ഥാനമുണ്ട്. അതിനാൽ കഴിയുമെങ്കിൽ എല്ലാദിവസവും രാവിലെ തണുത്ത വെള്ളത്തിൽ കുളിക്കണമെന്നാണ് യോഗ തെറാപ്പിസ്റ്റായ മൈക്ക് ക്രീഫ്റ്റൻബെർഗ് നിർദ്ദേശിക്കുന്നത്. ഇതിലൂടെ എനർജി ലെവൽ, രക്തചംക്രമണം, പ്രതിരോധം തുടങ്ങിയവ വർധിപ്പിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നിങ്ങളുടെ മനസ് സ്വയം നിറയ്ക്കാനുള്ള പ്രക്രിയകൾ അനുവർത്തിക്കണമെന്നും അദ്ദേഹം പറയുന്നു. ധ്യാനം ഇതിന് പ റ്റിയ ഏറ്റവും നല്ല മാർഗമാണ്. ഉജ്ജി പ്രാണായാമ പോലുള്ള ദീർഘനിശ്വാസ വ്യായാമങ്ങൾ ചെയ്യുന്നത് നല്ലതാണെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. ഇത് ഊർജനിലവാരം വർധിപ്പിക്കുകയും മനസ് ശാന്തമാക്കുകയുംചെയ്യും. സൂര്യനമസ്‌കാരവും മറ്റും എല്ലാ ദിവസവും പ്രഭാതത്തിൽ പരിശീലിക്കുന്നത് നന്നായിരിക്കും.
വ്യായാമം, വിശ്രമം, നല്ല പോഷകാഹാരം, പോസിറ്റീവ് മനോഭാവം, ആത്മീയമോ ധ്യാനപരമോ ആയ പരിശീലനം തുടങ്ങിയവയിലൂടെ മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യം നിലനിർത്തി ദീർഘായുസോടെ ജീവിക്കാമെന്നാണ് മാക് ടിമോണി ചിരോപ്രാക്ടറായ ആർതി ഷാ നിർദ്ദേശിക്കുന്നത്. നിവർന്നിരിക്കുന്നതിന് നമ്മുടെ ആരോഗ്യവുമായി അടുത്ത ബന്ധമുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. നിങ്ങളുടെ പോരായ്മകൾ മനസിലാക്കുകയും അത് പരിഹരിക്കാനുള്ള മാർഗങ്ങൾ അനുവർത്തിക്കുകയും ചെയ്താൽ ജീവിതം നല്ല രീതിയിലാകുമെന്നും ആർതി നിർദ്ദേശിക്കുന്നു. ജീവിതത്തെ തുലനം ചെയ്തുകൊണ്ടുപോവുകയും വേണം. വേണ്ടത്ര അളവിലും സമയത്തിലും വിശ്രമിക്കുകയെന്നത് ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമാണെന്ന് അവർ പറയുന്നു. വിശ്രമിക്കുന്നത് സമയം വെറുതെയാക്കുകയാണെന്ന ധാരണ തെറ്റാണ്. അത് ശരീരത്തെ പുനരുജ്ജീവിപ്പിക്കുകയും പ്രവൃത്തി ചെയ്യാൻ കൂടുതൽ കരുത്തേകുകയുമാണ് ചെയ്യുന്നതെന്നറിയുക.
കാലുകളാണ് ശരീരത്തിന്റെ അടിത്തറയെന്നും അതിനാൽ അൽപനേരമെങ്കിലും നഗ്‌നപാദരായി നടക്കണമെന്നുമാണ് പോസ്റ്റുറൽ അലൈന്മെന്റ് സ്‌പെഷ്യലിസ്റ്റായ അമീത്ത് ഭക്ത പറയുന്നത്. പാദരക്ഷകളില്ലാതെ നടക്കുന്നതിലൂടെ നിങ്ങളുടെ ബാലൻസ്, ശക്തി, രക്തചംക്രമണം, തുടങ്ങിയവ മെച്ചപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്നത്തെ ജീവിത ശൈലിയാൽ മിക്കവരും മണിക്കൂറുകളോളം ഒരേ ഇരുപ്പിരുന്ന് ജോലി ചെയ്യുന്നത് പതിവാണ്. ഇത് നിരവധി രോഗങ്ങളും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാക്കും. എന്നാൽ അരമണിക്കൂർ കൂടുമ്പോഴെങ്കിലും എഴുന്നേറ്റ് നിൽക്കണമെന്ന് അമീത്ത് ഭക്ത നിർദ്ദേശിക്കുന്നു. ഇതിലൂടെ നട്ടെല്ലിനും മറ്റ് സന്ധികൾക്കും ആയാസം ലഭിക്കുന്നു. കൂടുതൽ പ്രാണവായു ഉള്ളിലേക്കെത്തുന്നു. ആരോഗ്യത്തിനായി ചില പ്രത്യേക ചലനങ്ങൾ നിത്യവും പരിശീലിക്കേണ്ടതാണ്. അതിനായി വാഹനത്തിൽ പോകുന്നതിന് പകരം അൽപനേരമെങ്കിലും നടക്കണം. എസ്‌കലേറ്റർ ഉപയോഗിക്കുന്നതിന് പകരം പടിക്കെട്ടുകൾ നടന്ന് കയറണം. നൃത്തം പോലുള്ള ചലനങ്ങൾ നിത്യേന ചെയ്യുന്നതും നല്ലതാണ്. ആരോഗ്യം നിലനിർത്താൻ ദിവസവും വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യുന്നത് നന്നായിരിക്കും. നിത്യേന വ്യത്യസ്തമായ ഷൂ ധരിക്കുക, വ്യത്യസ്തമായ കായിക ഇനങ്ങൾ കളിക്കുക, ജിംനേഷ്യത്തിൽ പോയി വൈവിധ്യമാർന്ന ഇനങ്ങൾ പ്രാക്ടീസ് ചെയ്യുക തുടങ്ങിയവ ഇതിനായി അനുവർത്തിക്കാം. കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുമ്പോൾ വിവിധ പൊസിഷനുകൾ അനുവർത്തിക്കാവുന്നതാണ്. നിങ്ങളുടെ ശരീരത്തിന്റെ അലൈന്മെന്റിനും ആരോഗ്യത്തിനും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. സ്വാഭാവികമായ അലൈന്മെന്റ് തെറ്റിയാൽ പലവിധ ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാകും.
ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് ദിവസത്തിൽ അഞ്ചുമിനിറ്റെങ്കിലും യോഗ പരിശീലിക്കണമെന്നാണ് യോഗ ടീച്ചറായ എമിലി റീഡ് നിർദ്ദേശിക്കുന്നത്. ഇതിന് പുറമെ നൃത്തം, ഓട്ടം, ടെന്നീസ്, ഫുട്‌ബോൾ തുടങ്ങിയവയും ആരോഗ്യത്തിന് ഗുണം ചെയ്യും. ദിവസത്തിൽ 20 മിനുറ്റെങ്കിലും വ്യായാമം ചെയ്യണമെന്നും എമിലി നിർദ്ദേശിക്കുന്നു. ഉച്ചത്തിൽ ചിരിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ദിവസത്തിൽ കുറച്ച് സമയമെങ്കിലും ഉച്ചത്തിൽ ചിരിക്കുക. മനസിലെ നെഗറ്റീവ് ചിന്തകളെ ഇതിലൂടെ ഇല്ലാതാക്കാനാകും. ഉത്കണ്ഠകളുണ്ടാകുമ്പോൾ സ്വയം ചിരിക്കുന്നത് നന്നായിരിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. സുഹൃത്തുക്കൾ, പ്രണയിതാക്കൾ, കുടുംബാംഗങ്ങൾ തുടങ്ങിയവർക്കായി അൽപം സമയം കണ്ടെത്തുകയും വേണം. പ്രഭാതത്തിൽ കാണുന്നവരോടെല്ലാം ചിരിച്ച് കൊണ്ട് ഗുഡ്‌മോണിങ് പറയണം.
നല്ലൊരു ദിവസത്തിനായി പ്രഭാതത്തിൽ തന്നെ ഒരു കൃത്യമായ സമയക്രമം അനുവർത്തിക്കണമെന്നാണ് ഇവോൾവ് വെൽനെസ് സെന്ററിന്റെ സ്ഥാപകരായ ആഡ്രിയാനും കോറിനെ കൗവാലും നിർദ്ദേശിക്കുന്നത്.എട്ട്മണിക്കൂർ നേരത്തെ ഉറക്കത്തിന് ശേഷം നേരത്തെയതുണരണം. ആദ്യം ഒരു ഗ്ലാസ് വെള്ളം കുടിക്കണം. തുടർന്ന് കുറച്ച് സമയം ധ്യാനത്തിലിരിക്കണം, യോഗ പോലുള്ളവ ചെയ്യണം, തുടർന്ന് നല്ലൊരു പ്രാതൽ കഴിക്കണം, എന്നിങ്ങനെയാണ് അവരുടെ നിർദ്ദേശങ്ങൾ. ഡിവൈസുകൾ ഓഫ് ചെയ്ത് അൽപനേരം പ്രകൃതിയൊടൊത്ത് കഴിയണമെന്നും അവർ പറയുന്നു. തിരക്ക് പിടിച്ച ജീവിതത്തിനിടെ ലൈംഗിക ബന്ധത്തിലേർപ്പെടാൻ പോലും നമുക്ക് സാധിക്കുന്നില്ല. അതിനാൽ ശരീരത്തിനും മനസിനും ആയാസമേകാൻ പങ്കാളിയുമായി സ്‌നേഹസുരഭിലമായ ലൈംഗികബന്ധം പുലർത്തണമെന്നും അവർ നിർദ്ദേശിക്കുന്നു. ജീവിതത്തെ അത്യധികമായ ഗൗരവത്തോടെ കാണുകയുമരുത്. അമിത ടെൻഷൻ ഒഴിവാക്കാൻ ഇത് സഹായിക്കും.
നാം എടുക്കുന്ന ചെറിയ തീരുമാനങ്ങൾ പോലും നമ്മുടെ ഭാവിജീവിതത്തെ കാര്യമായി സ്വാധീനിക്കുമെന്നാണ് ക്രാനിയോ സാക്രൽ തെറാപ്പിസ്റ്റായ സൈമൺ ബെർക്കൊവിറ്റ്‌സ് പറയുന്നത്. അതിനാൽ നാം ആഗ്രഹിക്കുന്ന ഭാവിയുണ്ടാകുന്ന തരത്തിലുള്ള തീരുമാനങ്ങളാണ് ജീവിതത്തിൽ എടുക്കേണ്ടത്. ആവശ്യമായ സന്ദർഭത്തിൽ നോ എന്നു പറയാനുള്ള മാനസികാവസ്ഥ വളർത്തിയെടുക്കണം. നല്ലൊരു ജീവിതം കെട്ടിപ്പടുക്കാൻ ഇത് അത്യാവശ്യമാണ്. എന്നാൽ നല്ല കാര്യങ്ങൾക്കായി യെസ് എന്ന് പറയാനുള്ള മനോഭാവവും വളർത്തിയെടുക്കണം. നാം എത്തിച്ചേരാൻ ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലെത്താൻ വേണ്ട രീതിയിൽ ഏകാഗ്രതയോടെ പ്രവർത്തിക്കുകയും വേണം. സംഗീതം കേട്ടു കൊണ്ട് ദിവസം ആരംഭിക്കണമെന്നാണ് ലോ ഓഫ് അട്രാക്ഷന്റെ വേൾഡ് ലീഡിങ് അഥോറിറ്റിയായ ട്രാസി ഫ്രന്റ് നിർദ്ദേശിക്കുന്നത്. അതുപോലെ തന്നെ നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ മുൻഗണന നൽകുകയും വേണം. നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കണം. നിങ്ങളുടെ മനസിനെ വിശ്വസിക്കണം. നിങ്ങളെ സ്വയം പ്രശംസിക്കുകയും വേണം.