നെഞ്ചിനകത്ത് ഒരു മുഴ പോലെ വന്നാൽ അത് ബ്രെസ്റ്റ് കാൻസറിന്റെ ലക്ഷണമായിരിക്കും എന്നത് ഒട്ടുമിക്കവർക്കും അറിയാം. എന്നാൽ അത്രയധികം പരിചയമില്ലാത്ത ചില ലക്ഷണങ്ങളും ഈ രോഗത്തിനുണ്ട്. ഏറ്റവുമധികം ആശങ്കപ്പെടുത്തുന്ന കാര്യം ഒട്ടു മിക്ക ബ്രെസ്റ്റ് കാൻസർ കേസുകളിലും നെഞ്ചിലുണ്ടാകുന്ന മുഴ തൊട്ടറിയാൻ കഴിയില്ല എന്നതാണ്. അങ്ങനെ തിരിച്ചറിഞ്ഞാൽ തന്നെ അത് പെട്ടെന്ന് വളരുന്ന, അഡ്വാൻസ്ഡ് സ്റ്റേജിൽ എത്തിയിരിക്കും. അപ്പോൾ രോഗം ചികിത്സിച്ച് ഭേദമാക്കുക എന്നത് ക്ലേശകരവും ആകും.

ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കോമ്പ്രിഹെൻസീവ് കാൻസർ സെന്റർ നടത്തിയ പഠനത്തിൽ തെളിഞ്ഞത് മുതിർന്നവരിൽ പകുതിയിൽ താഴെ ആളുകൾക്ക് മാത്രമെ ബ്രെസ്റ്റ് കാൻസറിന്റെ മറ്റു ലക്ഷണങ്ങളെ കുറിച്ച് അറിവുള്ളു എന്നാണ്. യു കെയിൽ ഏറ്റവും വ്യാപകമായ കാൻസറുകളിൽ ഒന്നാണ് ബ്രെസ്റ്റ് കാൻസർ. ഓരോ 10 മിനിറ്റിലും ഒരു സ്ത്രീയിൽ വീതം രോഗം കണ്ടെത്തുന്നുണ്ട്. മാത്രമല്ല, ഇത് സ്ത്രീകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ഓരോ വർഷവും ചുരുങ്ങിയത് 400 പുരുഷന്മാരിലെങ്കിലും ബ്രെസ്റ്റ് കാൻസർ കണ്ടുപിടിക്കപ്പെടുന്നുണ്ട്.

ബ്രെസ്റ്റ് കാൻസറിന്റെ ലക്ഷണങ്ങൾ പെട്ടെന്ന് കണ്ടെത്താൻ ഒരാൾക്ക്, നെഞ്ചിന്റെ സാധാരണ രീതിയിലുള്ള ആകൃതിയെ കുറിച്ചും വലിപ്പത്തെ കുറിച്ചും ശരിയായ ധാരണഉണ്ടാകേണ്ടത് അത്യാവശ്യമാണ്. വളരെ നേരത്തെയും, ഫലപ്രദമായ ചികിത്സ നൽകാൻ കഴിയുകയും ചെയ്യുന്ന സ്റ്റേജിൽ തന്നെ കാൻസർ കണ്ടെത്താൻ ഏറ്റവും വിശ്വസനീയമായ മാർഗ്ഗം മാമോഗ്രാം ആനെന്ന് ഓൺകോളജിസ്റ്റ് ഡോ. ആഷ്ലി പാരിസർ പറയുന്നു. എന്നിരുന്നാലും ഒരാൾക്ക് സ്വന്തം നെഞ്ചിനെ കുറിച്ചുള്ള അവബോധം, നേരത്തേയുള്ള കാൻസർ കണ്ടെത്തലിന് സഹായകരമാകുമെന്നും അവർ പറയുന്നു.

ബ്രെസ്റ്റ് കാൻസറിന്റെ അധികം അറിയപ്പെടാത്ത അഞ്ച് ലക്ഷണങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അതിൽ പ്രധാനപ്പെട്ടത് മുലക്കണ്ണ് ദുർബലമാവുകയോ, അകത്തേക്ക് കുഴിഞ്ഞിരിക്കുകയോ അല്ലെങ്കിൽ താഴേക്ക് തിരിഞ്ഞിരിക്കുകയോ ആണ്. നെഞ്ചിൽ ചുളിവുകൾ പ്രത്യക്ഷപ്പെടുക, നെഞ്ചിന്റെ ചില ഭാഗങ്ങളിൽ സ്പർശനം അറിയാതിരിക്കുക, ബ്രെസ്റ്റിനു ചുറ്റുമായി ചർമ്മത്തിന് കനം കൂടുക, മുലക്കണ്ണിൽ നിന്നും പാലിന് സമാനമായതോ, തെളിനീരു പോലുള്ളതോ രക്തമോ സ്രവിക്കുക എന്നിവയാണ് മറ്റു ലക്ഷണങ്ങൾ.