വാഷിങ്ടൺ: മുൻപെങ്ങും ഇല്ലാത്ത തരത്തിൽ, ഇപ്പോൾ കോവിഡ് ബാധിച്ചു മരിക്കുന്നവരിൽ ഭൂരിഭാഗം പേരും വാക്സിൻ എടുത്തവരാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഓഗസ്റ്റിൽ കോവിഡ് ബാധിച്ചവരിൽ 58 ശതമാനം പേർ വാക്സിൻ എടുത്തവരാണെന്നാണ് വ്യക്തമാകുന്നത്. ഇതിൽ ബൂസ്റ്റർ ഡോസ് എടുത്തവരും ഉൾപ്പെടുന്നു.

ഭൂരിഭാഗം പേർക്കും കുറഞ്ഞത് രണ്ട് ഡോസ് വാക്സിനെങ്കിലും ലഭിച്ച സാഹചര്യത്തിൽ ഇത്തരമൊരു ഫലം പ്രതീക്ഷിച്ചിരുന്നതാണെന്ന് വിദഗ്ദ്ധർ പറയുന്നു. അതുപോലെ, കോവിഡ് വന്ന് മരണമടയാൻ കൂടുതൽ സാധ്യതയുള്ള വൃദ്ധർ, പ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർ ഒക്കെയും വാക്സിൻ എടുത്തവരുമാണ്. അതേസമയം, വാക്സിന്റെ പ്രഭാവം കുറയ്ക്കുന്ന രീതിയിൽ കോവിഡിന് മ്യുട്ടേഷൻ സംഭവിച്ചു എന്നത് മറ്റൊരു യാഥാർത്ഥ്യമാണ് താനും.

വാക്സിൻ എടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ ബൈവാലന്റ് കോവിഡ് ബൂസ്റ്റർ എടുക്കുന്ന അമേരിക്കക്കാർക്ക് വൈറ്റ്ഹൗസ് പലവ്യഞ്ജനങ്ങളിൽ കിഴിവ് നൽകുമെന്ന പ്രഖ്യാപനം നടത്തിയതിനു പിന്നാലെയാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്. ഇപ്പോഴും പ്രതിവാരം 2000 പേർ വീതം അമേരിക്കയിൽ കോവിഡ് ബാധിച്ചു മരണമടയുന്നു എന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞവർഷം ഇതേ സമയത്ത് പ്രതിവാരം 8000 പേർ വീതമായിരുന്നു മരണമടഞ്ഞിരുന്നത്.

വാഷിങ്ടൺ പോസ്റ്റായിരുന്നു പുതിയ വിശകലനം സംഘടിപ്പിച്ചത്. കൈസർ ഫാമിലി ഫൗണ്ടേഷൻ വൈസ് പ്രസിഡണ്ട് സിന്തിയ കോക്സിന്റെ നേതൃത്വത്തിലായിരുന്നു പഠനം നടന്നത്. ദേശീയ ആരോഗ്യ വിഷയങ്ങളിൽനയ വിശകലനം നടത്തുന്ന ഒരു സർക്കാരിതര സംഘടനയാണ് കൈസർ ഫാമിലി ഫൗണ്ടേഷൻ. ഈ ഫലത്തിൽ തീരെ അദ്ഭുതമില്ലെന്നും, വാക്സിൻ എടുക്കാത്തവരെ മാത്രം ബാധിക്കുന്ന ഒരു മഹാവ്യാധിയാണ് ഇതെന്ന് പറയാൻ കഴിയില്ലെന്നും കോക്സ് പറയുന്നു.