ലണ്ടൻ: കോവിഡ് വൈറസിന്റെ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പുതിയ വകഭെദമായ പിരോള യു കെയിൽ വ്യാപിക്കാൻ തുടങ്ങിയതോടെ വരുന്ന ശൈത്യകാലത്ത് എന്ത് സംഭവിക്കുമെന്ന ആശങ്കയും ശക്തമായിരിക്കുന്നു. പ്രമുഖ ശാസ്ത്രജ്ഞന്മാർ ഒക്കെയും പറയുന്നത് പുതിയ വകഭേദത്തെ കുറിച്ച് ഏറെ കാര്യങ്ങൾ അറിയില്ല എന്നാണ്. കഴിഞ്ഞ കുറച്ച് ആഴ്‌ച്ചകളായി, ദിവസങ്ങൾക്കുള്ളിൽ പോസിറ്റീവ് കേസുകൾ ഇരട്ടിയാകുന്ന സാഹചര്യവും നിലനിൽക്കുന്നു.

അതിവേഗം പടർന്ന് പിടിക്കുന്ന ഈ ഇനം ഇപ്പോൾ പുതിയ കോവിഡ് രോഗികളിൽ ഏറ്റവുമധികം കണ്ടുവരുന്ന ഇനമായി മാറിയിരിക്കുകയാണ്. മുപ്പതോളം വ്യത്യസ്ത ഉൽപരിവർത്തനങ്ങൾക്ക് വിധേയമായ ഈ ഇനത്തെ ഇപ്പോൾ ലോകാരോഗ്യ സംഘടന, കരുതൽ എടുക്കേണ്ടുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്രയധികം ഉൽപരിവർത്തനങ്ങൾ നടന്നതിനാൽ, ഇതിന്റെ യഥാർത്ഥ സ്വഭാവവും ശക്തിയും ദൗർബല്യവുമെല്ലാം കണ്ടെത്താൻ ശാസ്ത്രലോകത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

രാജ്യം ശരത്ക്കാലത്തിലേക്ക് കടക്കുന്നതോടെ ബി എ 2.86 എന്ന് ഔദ്യോഗികമായി നാമകരണം ചെയ്തിട്ടുള്ള പിരോള കൂടുതൽ ശക്തിയായി വ്യാപിക്കും എന്നാൺ്യൂ് പൊതുവെ വിലയിരുത്തപ്പെടുന്നത്. കോവിഡ് കാലത്ത് 2020 ലും 2021 ലും കണ്ടതുപോലുള്ള ഒരു തരംഗം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. തണുത്ത കാലാവസ്ഥ വരുന്നതോടെ കോവിഡ് പരിശോധനയും സാമൂഹ്യ നിരീക്ഷണവും കൂടുതൽ വിപുലപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ.

അതിനിടയിലാണ് യൂണിവേഴ്സിറ്റി ഓഫ് റീഡിംഗിലെ മൈക്രോബയോളജിസ്റ്റ് ഡോ. സൈമൺ ക്ലാർക്ക്, വരുന്ന ശൈത്യകാലത്ത് സർക്കാരിന് ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടുന്ന സാഹചര്യം ഉടലെടുത്തേക്കാം എന്ന മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. എങ്കിലും അതിനുള്ള സാധ്യത വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിലേതു പോലെ വ്യാപകമായ രീതിയിൽ കോവിഡ് തരംഗം ഉണ്ടാകുന്ന സാഹചര്യത്തിൽ മാത്രമെ ലോക്ക്ഡൗണിനെ കുറിച്ച് ചിന്തിക്കേണ്ടതുള്ളു എന്നും അദ്ദേഹം പറഞ്ഞു.