ലണ്ടൻ: ബാധിക്കുന്നവരിൽ പകുതിയിലേറെ പേരെ മരണത്തിലേക്ക് വലിച്ചെറിയാൻ പോന്ന മാരകരോഗം യു കെയിലെക്കെത്തുന്നു എന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. കാലാവസ്ഥ വ്യതിയാനമാണ് ഇതിന് പ്രധാന കാരണമെന്നും അവർ പറയുന്നു. അതിനൊപ്പം സിക്കയും ബ്രിട്ടനിൽ പടർന്ന് പിടിക്കാൻ സാധ്യതയുണ്ടെന്നും അവർ പറയുന്നു. ബ്രിട്ടനിലെ ശരാശരി താപനില വർദ്ധിച്ചു വരുന്നത് രോഗങ്ങൾ പടർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന കൊതുക്, മൂട്ട എന്നിവക്ക് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് ശാസ്ത്രജ്ഞർ എം പി മാരോട് പറഞ്ഞു.

വരുമെന്ന് ഭയക്കുന്ന രോഗങ്ങളിൽ ഏറ്റവുമധികം ഭയമുണർത്തുനന്ത് ക്രീമിയൻ- കോംഗോ ഹെമറോജിക് ഫീവർ (സി സി എച്ച് എഫ്) എന്ന രോഗമാണ്. ശരശരി 40 ശതമാനമാണ് ഈ രോഗം പിടിപെട്ടാലുള്ള മരണ നിരക്ക്. മറ്റൊരു ഭീഷണി ആയേക്കാവുന്ന റിഫ്റ്റ് വാലി ഫീവർ ഇതിലും ഭീകരമായ രോഗമാണ്. എൻ എച്ച് എസ് ജീവനക്കാർക്ക് വിദേശ രോഗകാരികൾ അപരിചിതമായതിനാൽ, ആരംഭത്തിൽ ഈ രോഗം ശ്രദ്ധിക്കാതെ പോയേക്കാം എന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

ലോകാരോഗ്യ സംഘടനയുടെ ഒൻപത് മുൻഗണനാ രോഗങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള സി സി എച്ച് എഫ് ഇതിനോടകം തന്നെ ഫ്രാൻസിൽ എത്തിയതായി ലോകാരോഗ്യ സംഘടന തന്നെ വെളിപ്പെടുത്തിയിരുന്നു. ഇത് യു കെയിലെക്കും എത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ വെറ്റിനറി മെഡിസിൻ വിഭാഗം മേധാവിയായ പ്രൊഫസർ ജെയിംസ് വുഡ്, എം പി മാരുടെ സയൻസ്, ഇന്നോവേഷൻ ആൻഡ് റ്റെക്നോളജി കമ്മിറ്റിക്ക് മുൻപാകെ പറഞ്ഞത്.

ചിലയിനം ചെള്ളുകളാണ് ഈ രോഗത്തിന്റെ രോഗകാരികളെ വഹിക്കുന്നത്. അത്തരം ചെള്ളുകൾ വഴി ഇവ യു കെയിലും പടർന്നേക്കാം. അതുപോലെ , ബാധിച്ചവരിൽ പകുതിയിലേറെ പേരെ കൊന്നൊടുക്കിയ റിഫ്റ്റ് വാലി ഫീവർ (ആർ വി എഫ്) എന്ന രോഗവും അധികം താമസിയാതെ ബ്രിട്ടനിലെക്ക് എത്തിയേക്കാം. കൊതുകുകൾ വഴിയാണ് ഈ രോഗം പകരുന്നത്. ഇത്തരം അപരിചിത രോഗങ്ങൾ കണ്ടെത്താനുള്ള പരിശീലനം ലഭിക്കാത്തതിനാൽ, എൻ എച്ച് എസ് ജീവനക്കാർ ആരംഭത്തിൽ ഇവയെ കണ്ടെത്താൻ ഇടയില്ലെന്നും അദ്ദേഹം പറഞ്ഞു.