ലണ്ടൻ: നിങ്ങൾ നിങ്ങളുടെ നൂറാം ജന്മദിനം ആഘോഷിക്കുകയാണെങ്കിൽ അതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഉള്ളത്, ജനിതക ഘടന, ആരോഗ്യപരമായ ഭക്ഷണ ക്രമം പിന്നെ ഭാഗ്യം. ഇത് ആർക്കൊക്കെ കൃത്യമായി ലഭിക്കും എന്നത് മാത്രം പക്ഷെ ഒരു നിശ്ചയവുമില്ല. എന്നാൽ, ഈ അനിശ്ചിതത്വത്തിനിടയിലും നൂറ് വയസ്സ് എന്ന നാഴികക്കല്ല് താണ്ടിയ നിരവധി പേരാണ് ഇന്ന് ഇംഗ്ലണ്ടിലും വെയ്ൽസിലും ജീവിക്കുന്നത്. 2021-ൽ 100 വയസ്സ് തികഞ്ഞ 14,000 പേർ ഇംഗ്ലണ്ടിലും വെയ്ൽസിലുമായി ജീവിച്ചിരുന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വെളിപ്പെടുത്തുന്നു.

നൂറു തികഞ്ഞവർ ഇവിടെ തങ്ങളുടെ ആയുസ്സിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ ശരീരത്തി എപ്പോഴും സജീവമായി, പ്രവർത്തനക്ഷമമായി നിലനിർത്തുക എന്നതാണ്. ചിന്തകളൊഴിഞ്ഞ മനസ്സ് ചെകുത്താന്റെ പണിപ്പുരയാണെന്ന് പറയുന്നത് പോലെ, ചലിക്കാതെ അലസമായി ഇരിക്കുന്ന ശരീരം മരണത്തിന്റെ ഭക്ഷണമാണെന്നാണ് ഇവർ പറയുന്നത്. എപ്പോഴും, ശാരീരികമായി സജീവമായിരിക്കുന്നവർക്ക് വിഷാദരോഗം, ഡിമെൻഷ്യ, ഹൃദ്രോഗങ്ങൾ, ഹൃദയാഘാതം, പാർക്കിൻസൺസ് രോഗം, ചില തരം കാൻസറുകൾ എന്നിവ വരുവാനുള്ള സാധ്യത താരതമ്യേന കുറവാണെന്നതിന് തെളിവുണ്ടെന്നാണ് ഏജ് യു കെ യുടെ ചാരിറ്റി ഡയറക്ടറായ കരോലിൻ എബ്രഹാംസ് പറയുന്നത്.

എന്നാൽ, ശരീരം സജീവമായിരിക്കണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭാരോദ്വോഹനവും മാരത്തോൺ ഓട്ടവുമല്ല, ലളിതമായി പറഞ്ഞാൽ, ശരീരം കൂടുതൽ ചലിക്കാൻ അനുവദിക്കുക. ഏണിപ്പടികൾ കയറിയും, ഷോപ്പിങ് കൗണ്ടറുകളിൽ കറങ്ങിയുമൊക്കെ നിങ്ങൾക്ക് ഇത് സാധിക്കാനാവും. പുറംവാതിൽ വ്യായാമങ്ങൾ ഏറെ ഗുണം ചെയ്യുമെന്നാണ് കരോലിൻ അബ്രഹാംസ് പറയുന്നത്. ഏതെങ്കിലും വാക്കിങ് ഗ്രൂപ്പിൽ ചേർന്നോ, കടയിൽ സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ വാഹനം എടുക്കാതെ നടന്ന് പോയോ ഒക്കെ അത് സാധ്യമാക്കാവുന്നതാണ്.

കടലിലെ ഓളവും കരളിലെ മോഹവും അടങ്ങുകില്ല എന്നാണല്ലോ പ്രിയ കവി വയലാർ നമ്മെ പഠിപ്പിച്ചത്. കടൽത്തിരകൾക്ക് ആയുസ്സും അടങ്ങാതെ കാക്കാൻ ആകുമെന്ന് കണക്കുകൾ തെളിയിക്കുന്നു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ പ്രകാരം, നൂറുവയസ്സുകാരുടെ എണ്ണം ഏറ്റവുമധികം ഉള്ളത് തീര പ്രദേശങ്ങളിലാണ്. എന്നാൽ, ഇതിന്റെ കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കടൽത്തീരങ്ങളിൽ താമസിക്കാൻ ആയില്ലെങ്കിലും, തീര പ്രദേശ സന്ദർശനങ്ങൾ ഇടയ്ക്കൊക്കെ ചെയ്താൽ ആയുസ്സ് വർദ്ധിപ്പിക്കാം എന്ന് അവർ പറയുന്നു.

ഉറക്കമില്ലാത്ത രാത്രികൾ നമുക്ക് തരിക ശപിക്കപ്പെട്ട പകലുകളായിരിക്കും എന്നത് എല്ലാവരും അനുഭവിച്ചിട്ടുള്ള കാര്യമാണ്. അതുകൊണ്ടു തന്നെ ആയുസ്സോടെ ജീവിക്കാൻ നല്ല ഉറക്കം ഒരു ശീലമാക്കണം. എൻ എച്ച് എസിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രകാരം, പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് രാത്രിയിൽ ആറ് മുതൽ എട്ട് മണിക്കൂർ വരെ ഉറക്കം ലഭിക്കണം. രാത്രി മതിയായ ഉറക്കം ലഭിക്കുന്നില്ലെങ്കിൽ, പകൽ മയക്കങ്ങളിൽ ആ കുറവ് നികത്തണം.

പഠനം അഥവാ അറിവ് നേടൽ ഒരിക്കലും അവസാനിക്കാത്ത പ്രക്രിയയാണെന്നാണ് ചിന്തകർ പറയാറുള്ളത്. എപ്പോഴും എന്തെങ്കിലും പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുന്നത് നിങ്ങളുടെ മസ്തിഷ്‌കത്തിന്റെ ശേഷിയെ വർദ്ധിച്ച പ്രായത്തിലും മൂർച്ഛയുള്ളതാക്കി നിലനിർത്തുവാൻ സഹായിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നത്. ഇതിനായി ഏറെ ക്ലേശിക്കേണ്ടതില്ല., ഏതെങ്കിലും പുതിയ സംഗീതോപകരണങ്ങൾ, അല്ലെങ്കിൽ പുതിയ ഭാഷ, അതുമല്ലെങ്കിൽ, ആധുനിക കാലത്തിന് യോജിച്ചവണ്ണം ഒരു പുതിയ സാങ്കേതിക വിദ്യ പഠിക്കാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ മസ്തിഷ്‌ക കോശങ്ങളെ ഉത്തേജിപ്പിക്കുകയും മൊത്തത്തിലുള്ള ശാരീരികാരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യും.

സാമൂഹിക ജീവിതത്തിൽ അധികമായി ഇടപെടലുകൾ നടത്തുന്നതും ദീർഘകാലം ജീവിക്കാൻ സഹായിക്കും. സ്വയം തീർത്ത നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങാതെ, പുറത്തെ ലോകത്തിറങ്ങി അവിടെയുള്ളവരുമായി ഇടപഴകി ജീവിക്കുക. ഇത് ശാരീരിക വ്യായാമം ലഭ്യമാക്കാനും സഹായിക്കും. ഒപ്പം മാനസിക സമ്മർദ്ദത്തെ ഏറെ കുറയ്ക്കുകയും ചെയ്യും.

ആരോഗ്യകരമായ ഭക്ഷണ ക്രമം പാലിക്കുക, ശരീരത്തിന് നിർജ്ജലീകരണം സംഭവിക്കാതെ സൂക്ഷിക്കുക തുടങ്ങിയവയാണ് ദീർഘനാൾ ജീവിക്കാൻ സഹായിക്കുന്ന മറ്റു ഘടകങ്ങൾ. ശരീരത്തിന് ആവശ്യമായ പോഷക ഘടകങ്ങൾ എല്ലാം നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെട്ടിരിക്കുന്നു എന്ന് ഉറപ്പു വരുത്തുക. അതേസമയം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന കൊഴുപ്പ് പോലെയുള്ളവ നിയന്ത്രിക്കപ്പെടുകയും വേണം. ഇവയെല്ലാത്തിനുമൊപ്പം കൃത്യമായ ഇടവേളകളിൽ വൈദ്യ പരിശോധന നടത്തുകയും വേണം.