കർച്ചവ്യാധികളുടെയും മഹാമാരികളുടെയും കാലമാണിത്. ഒന്നിനു പുറകെ ഒന്നായി ഇതുവരെ കേട്ടിട്ടില്ലാത്ത രോഗങ്ങൾവരെ മനുഷ്യകുലത്തെ നാശത്തിലേക്ക് തള്ളിവിടാൻ മത്സരിച്ചെത്തുന്ന കാലത്ത്, വളരെയധികം ശ്രദ്ധിച്ചു തന്നെ ജീവിച്ചില്ലെങ്കിൽ ഏത് സമയവും രോഗം ബാധിച്ചേക്കാം എന്ന അവസ്ഥയാണുള്ളത്.

ഈ കെട്ടകാലത്ത് ഇപ്പോൾ പുറത്തു വരുന്നത് ആരെയും ഞെട്ടിക്കുന്ന ഒരു കഥയാണ്, ഒരേ സമയം മൂന്ന് മാരകരോഗങ്ങൾക്ക് ഇരയായ ഒരു ഇറ്റാലിയൻ യുവാവിന്റെ കഥ. അറിയപ്പെടുന്നതിൽ, ഇത്തരത്തിലൊരു സംഭവം ഇതാദ്യമായിട്ടാണെന്നാണ് ശാസ്ത്രജ്ഞരും പറയുന്നത്. 2022 ജൂണിൽ 16 മുതൽ 20 വരെ അഞ്ചു ദിവസങ്ങൾ സ്പെയിനിൽ ചെലവഴിച്ച് തിരിച്ചെത്തിയ ഈ 36 കാരൻ ആദ്യം ചെറിയ തോതിലുള്ള ക്ഷീണവും പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടു.

സ്പെയിനിൽ നിന്നും തിരിച്ചെത്തി ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് ഇത് ഉണ്ടായത്. സ്പെയിനിൽ ചെലവഴിച്ച അഞ്ചു ദിവസങ്ങളിലും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായി ഇയാൾ സംഭവിച്ചിട്ടുണ്ട്. ലക്ഷണങ്ങൾ പ്രദർശിപ്പിച്ചതിനെ തുടർന്ന് ഇയാൾ പരിശോധനക്ക് വിധേയനായി. ജൂലായ് 2 ന് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു എന്നാണ് ജേർണൽ ഓഫ് ഇൻഫെക്ഷനിൽ പ്രസിദ്ധീകരിച്ച ഇയാളുടെ കേസ് സ്റ്റഡിയിൽ പറയുന്നത്.

അതേ ദിവസം ഉച്ചയോടെ അയാളുടെ ഇടതു കൈയിൽ ചുവന്ന നിറത്തിലുള്ള തണിർപ്പുകൾ പ്രത്യക്ഷപ്പെട്ടു. തൊട്ടടുത്ത ദിവസം ഉടലിന്റെ മറ്റു ഭാഗങ്ങളിലും കാലുകളിലും ഇത്തരത്തിലുള്ള തണിർപ്പുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. മാത്രമല്ല, ചെറിയതോതിൽ വേദനയും അനുഭവപ്പെടാൻ തുടങ്ങി. ജൂലായ് 5 ആയപ്പോഴേക്കും ഇയാളുടെ ദേഹത്താകെ കരപ്പൻ ചൊറിപോലുള്ള വ്രണങ്ങൾ ആയി. ഇതോടെ ഇറ്റലിയിലെ കാറ്റാനിയയിൽ ഉള്ള സാൻ മാർകോ യൂണിവേഴ്സിറ്റി ആശുപത്രിയുടെ അടിയന്തര വിഭാഗത്തിൽ ഇയാളെ പ്രവേശിപ്പിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾക്ക് മങ്കിപോക്സും ഉണ്ടെന്ന് സ്ഥിരീകരിച്ചു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ എർപ്പെട്ടെന്നു സമ്മതിച്ചതിനെ തുടർന്ന് ഇയാളെ മറ്റു ചില ലൈംഗിക രോഗങ്ങൾക്കുള്ള പരിശോധനകൾക്കും വിധേയമാക്കി. അതിലായിരുന്ന്യുയാൾക്ക് എച്ച് ഐ വി സ്ഥിരീകരിച്ചത്. സ്പെയിൻ യാത്രയിലായിരിക്കണം ഇതും ബാധിച്ചിട്ടുണ്ടാവുക എന്നാണ് ഡോക്ടർമാർ അനുമാനിക്കുന്നത്.

എന്തെന്നാൽ, 2021 സെപ്റ്റംബറിൽ ഇയാൽ എച്ച് ഐ വി പരിശോധന നടത്തിയിരുന്നു. അന്ന് നെഗറ്റീവ് ആയിരുന്നു ഫലം. മാത്രമല്ല ഇയാളുടെ സി ഡി4 കൗണ്ട് കൂടി കണക്കിലെടുത്താൽ, എച്ച് ഐ വി ബാധിച്ചിട്ട് അധികകാലമായിട്ടില്ലെന്ന് അനുമാനിക്കാം എന്നാണ് ഡോക്ടർമാർ പറയുന്നത്. കോവിഡും മങ്കി പോക്സും ഭേദപ്പെട്ടതിനെ തുടർന്ന് ഇയാളെ ജൂലായ് 11 ന് ആശുപത്രിയിൽ നിന്നും വിട്ടയച്ചു. ഇപ്പോൾ വീട്ടിൽ ഐസൊലേഷനിലാണ് ഈ യുവാവ്.