വുഹാനിലെ മാംസ മാർക്കറ്റിൽ നിന്നായിരുന്നു ലോകത്തെ അടച്ചുപൂട്ടിയ കൊറോണയുടെ യാത്ര തുടങ്ങിയതെങ്കിൽ, അടുത്ത വില്ലൻ യാത്ര തുടങ്ങുന്നത് ബ്രിട്ടനിലെ കുളങ്ങളിൽ നിന്നും കോഴിക്കൂടുകളിൽ നിന്നുമായിരിക്കുമോ ? ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ സ്പാനിഷ് ഫ്ളൂവിനു ശേഷം കാലം ഒരുനൂറു വർഷങ്ങൾ മനസ്സമാധാനത്തോടെ ജീവിക്കാൻ മനുഷ്യർക്ക് അനുവദിച്ചു നൽകി. എന്നാൽ, കോവിഡിന് ശേഷം അത്രയും ഒരു നീണ്ട ഇടവേള ലഭിക്കുന്നതിനു മുൻപ് തന്നെ മറ്റൊരു മാഹാമാരി ആഞ്ഞടിക്കുമോ ?

കടുത്ത ആശങ്കയുയർത്തിക്കൊണ്ട് ചില ശാസ്ത്രജ്ഞന്മാർ രണ്ടു ചോദ്യങ്ങൾക്കും അതേ എന്ന ഉത്തരമാണ് നൽകുന്നത്. ലോകത്തെ കൂടുതൽ ദുരിതത്തിലാഴ്‌ത്താനുള്ള അടുത്ത ഊഴം പക്ഷിപ്പനിക്കാണെന്ന് ഇവർ പറയുന്നു. കൊറോണയെ പോലെ ദീർഘകാലം ഒളിച്ചിരിക്കാതെ, ഇതിനോടകം തന്നെ ഈ വില്ലൻ തന്റെ സാന്നിദ്ധ്യം പ്രകടിപ്പിച്ചും കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞവർഷം കാട്ടുപക്ഷികളിലും വളർത്തുപക്ഷികളിലുമായി നിരവധി കേസുകളായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്.

മൃഗങ്ങളിൽ ഈ രോഗം കൂടുതൽ വ്യാപകമാകുന്നതോടെ വൈറസിന് പരിണാമം സംഭവിച്ച് മനുഷ്യനേയും ബാധിക്കുന്ന തരത്തിലേക്ക് മാറിയേക്കാം എന്ന ആശങ്കയാണ് ഇപ്പോൾ ശാസ്ത്രലോകം പങ്കുവക്കുന്നത്. അങ്ങനെയെങ്കിൽ കോവിഡിനേക്കാൾ മാരകമായ ഒന്നായി അത് മാറിയേക്കാം എന്നും അവർ പറയുന്നു. ഇപ്പോൾ പക്ഷിപ്പനിക്ക് കാരണമാകുന്ന എച്ച് 5 എൻ 1 എന്ന വൈറസിനോട് സമാനമായ ഒന്നായിരുന്നു ഒരു നൂറ്റാണ്ടിനു മുൻപ് സ്പാനിഷ് ഫ്ളൂവിന് കാരണമായത് എന്നതാണ് ഈ ആശങ്കക്ക് കാരണം.

കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും, ഏകദേശം 50 മില്യൺ ആളുകൾ സ്പാനിഷ് ഫ്ളൂവിൽ കൊല്ലപ്പെട്ടു എന്നാണ് വിശ്വസിക്കുന്നത്. ഏതാണ്ട് അത്രയും മാരകമായ വൈറസാണ് പക്ഷിപ്പനിക്ക് പുറകിൽ ഉള്ളതും. 2021 സെപ്റ്റംബർമുതൽ ഇതുവരെ ലോകമാകമാനം 22 മില്യൺ പക്ഷികളിലാണ് ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തൊട്ടു മുൻപത്തെ വർഷത്തിന്റെ ഇരട്ടിയോളം വരും ഇത്. അതിവേഗം വ്യാപിക്കുന്നു എന്ന് മാത്രമല്ല, കൂടുതൽ ശക്തിയോടെ ബാധിച്ച പക്ഷികളെ ഇത്‌കൊല്ലുകയും ചെയ്യുന്നു എന്നതാണ് ഏറെ ഭീതികരം.

അടുത്ത കുറച്ച് നാളുകളായി തെക്ക് പടിഞ്ഞാറൻ മേഖലയിൽ ചത്തുവീഴുന്ന പക്ഷികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ ചത്തുകിടക്കുന്നതോ രോഗം ബാധിച്ചതോ ആയ കടല്പക്ഷികളിൽ നിന്നും അകലം പാലിക്കണം എന്ന് കോൺവാൾ വൈൽഡ് ലൈഫ് ട്രസ്റ്റ് ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു കാരണവശാലും അത്തരം പക്ഷികളെ സ്പർശിക്കരുത് എന്നും നിർദ്ദേശിക്കുന്നു.