- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2019ൽ വുഹാനിൽ റിപ്പോർട്ട് ചെയ്ത പോലെ കാരണമറിയാത്ത മൂന്ന് മരണങ്ങളിൽ നടുങ്ങി അർജന്റീന; കോവിഡിനെപ്പോലെ ന്യുമോണിയയുടെ അജ്ഞാത വകഭേദം ബാധിച്ചവരുടെ എണ്ണം ഒൻപതായി ഉയർന്നു; മറ്റൊരു മഹാമാരിക്ക് ലോകം കാതോർക്കുന്നുവോ ?
തികച്ചും ദുരൂഹമായ ഒരു തരം ന്യുമോണിയ ബാധിച്ച് മൂന്ന് പേർ മരിച്ചതോടെ അർജന്റീനയിൽ മറ്റൊരു വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടേക്കുമെന്ന ആശങ്ക ശക്തമായിരിക്കുന്നു. ലാറ്റിൻ അമേരിക്കൻ രാജ്യത്തെ ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത് മറ്റ് ആറുപേരിൽ കൂടി ഇതേ രോഗം കണ്ടെത്തിയിട്ടുണ്ട് എന്നാണ്. തലസ്ഥാന നഗരമായ ബ്യുണസ് അയേഴ്സിൽ നിന്നും 1200 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് മാറിയുള്ള ടുകുമാൻ മേഖലയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ എട്ട് ജീവനക്കാർക്കും ഒരു രോഗിക്കുമാണ് ഈ രോഗം ബാധിച്ചത്.
ആരോഗ്യ പ്രവർത്തകർക്ക് രോഗം ബധിച്ചതോടെയാണ് ഇത് ഒരു പകർച്ചവ്യാധിയാണെന്ന ആശങ്ക പടർന്നത്. 2019 ഡിസംബറിൽ, ചൈനയിലെ വുഹാനിൽ ഇത്തരത്തിൽ ദുരൂഹമായ ന്യുമോണിയ ബാധിച്ച രണ്ടര വർഷങ്ങൾക്ക് ശേഷമാണ് മറ്റൊരു ദുരൂഹമായ ന്യുമോണിയ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അന്നത്തെ ദുരൂഹ ന്യുമോണിയയായിരുന്നു പിന്നീട് കോവിഡ് ആയി രൂപാന്തരം പ്രാപിച്ച് മനുഷ്യ ജീവിതമാകെ തകിടം മറിച്ചത്.
ആദ്യ രണ്ട് രോഗികൾക്ക് ഓഗസ്റ്റ് 18 നും 22 നും ഇടയിലായിട്ടായിരുന്നു ന്യുമോണിയ ബാധിച്ചത്. പിന്നീട് ഈ രോഗം ബാധിച്ച മൂന്നുപേരിൽ രണ്ടു പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നു. ഈ രോഗികൾക്കെല്ലാം പൊതുവായുള്ള രോഗ ലക്ഷണം ശ്വാസ തടസ്സമാണെന്ന് മേഖലയുടെ അരോഗ്യ മന്ത്രി അറിയിച്ചു. മാത്രമല്ല, എക്സ് റേ ചിത്രങ്ങളിൽ കോവിഡിന് സമാനമായ ഘടകങ്ങൾ കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു.
കോവിഡ്, ജലദോഷം, ടൈപ്പ് എ, ബി ഇൻഫ്ളുവൻസകൾ എന്നിവയ്ക്കെല്ലാം രോഗികളെ പരിശോധനക്ക് വിധേയമാക്കിയെങ്കിലും എല്ലാത്തിലും നെഗറ്റീവ് ഫലമാണ് ലഭിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിക്കുന്നു. നാഷണൽ അഡ്‌മിനിസ്ട്രേഷൻ ഓഫ് ഹെല്ത്ത് ലാബിലേക്ക് സാമ്പിളുകൾ കൂടുതൽ പരിശോധനകൾക്കായി അയച്ചിട്ടുണ്ട്. ആശുപത്രി അടച്ചുപൂട്ടുകയും രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തി ഐസൊലേഷനിൽ ആക്കുകയും ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
എയർകണ്ടീഷനിങ് യൂണിറ്റുകളിൽ നിന്നുള്ള മലിന ജലം വഴി ഉണ്ടായ ബാക്ടീരിയ ബാധയാകാനുള്ള സാധ്യതയും അധികൃതർ പരിശോധിക്കുന്നുണ്ട്. അതേസമയം, ഈ രോഗത്തെ കുറിച്ച് ഇപ്പോൾ ആശങ്കപ്പെടേണ്ടതില്ല എന്നാണ് പാശ്ചാത്യ ലോകത്തെ ആരോഗ്യ പ്രമുഖർ പറയുന്നത്. യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് കണ്ട്രോളിലെ പകർച്ചവ്യാധി വിദഗ്ദ്ധരും ലോകാരോഗ്യ സംഘടനയും രോഗികളെ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.
മറുനാടന്‍ ഡെസ്‌ക്