- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഫ്രിക്കൻ കുരങ്ങുകളിൽ നിന്നും മനുഷ്യനിലേക്ക് പകരാൻ ഒരു മാരകരോഗം ഒരുങ്ങുന്നുവെന്ന് അമേരിക്കൻ ഗവേഷകർ; എബോളയെപ്പോലെ ആന്തരികാവയവങ്ങളെ കാർന്നു തിന്നുന്ന മഹാമാരിയാവും അടുത്ത പകർച്ചവ്യാധിയെന്ന ആശങ്ക ശക്തം
ഒരു കോവിഡിൽ തകർന്നടിഞ്ഞ ലോകത്തെ കാത്തിരിക്കുന്നത് അതിലും ഭീകരമായ രോഗങ്ങൾ ആണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ആഫ്രിക്കൻ കുരങ്ങുകളിൽ ജീവിക്കുന്ന ഒരു തരം വൈറസുകളാണ് ഇനി മനുഷ്യന്റെ സ്വസ്ഥത കെടുത്താനായി ഇറങ്ങുക എന്ന് ഒരുകൂട്ടം ശാസ്ത്രജ്ഞന്മാർ പറയുന്നു. സിമിയൻ ഹെമൊറേജ് ഫീവർ വൈറസ് (എസ് എച്ച് എഫ് വി) എന്ന വൈറസ് എബോളയുടേതിന് സമാനമായ രോഗ ലക്ഷണങ്ങളായിരിക്കും മനുഷ്യരിൽ ഉണ്ടാക്കുക. ആന്തരിക രക്തസ്രാവത്തിനു വരെ കാരണമായേക്കാവുന്ന ഈ വൈറസ് അത് ബാധിക്കുന്നവരിൽ എല്ലാവരെയും കൊന്നുകളയും എന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
മനുഷ്യനെ ബാധിച്ചാൽ ഈ വൈറസ് ,മനുഷ്യനിലെ സ്വയം പ്രതിരോധ സംവിധാനത്തെ പിടിയിലൊതുക്കും. ഒപ്പം, പ്രധാനപ്പെട്ട പ്രതിരോധ സംവിധാനങ്ങളെയെല്ലാം നിശ്ചലമാക്കുകയും ചെയ്യും. കോശങ്ങൾ തോറും പടർന്ന് പിടിച്ച് ഇത് ശരീരത്തെ അപ്പാടെ തകർക്കും. ഇതുവരെ ഈ വൈറസിന്റെ സാന്നിദ്ധ്യം മനുഷ്യരിൽ കണ്ടെത്തിയിട്ടില്ലെങ്കിലും, ഏത് സമയവും ഉടലെടുത്തേക്കാവുന്ന ഒരു ഭീഷണിയായി നിലനിൽക്കുന്നു എന്നാണ് അമേരിക്കൻ ശാസ്ത്രജ്ഞർ പറയുന്നത്.
ഇത് ബാധിച്ചോ എന്ന് കണ്ടെത്താനുള്ള പരിശോധനാ സംവിധാനങ്ങൾ വികസിപ്പിച്ചു അതോടൊപ്പം ഈ വൈറസിന്റെ ഗതിവിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചും ലോക ആരോഗ്യ സംവിധാനങ്ങൾക്ക് മറ്റൊരു മഹാവ്യാധി പടർന്നു പിടിക്കാനുള്ള സാധ്യത ഒഴിവാക്കാൻ കഴിയുമെന്നും അവർ പറയുന്നു. മനുഷ്യ ശരീരം എസ് എച്ച് എഫ് വി വൈറസിന് അനുയോജ്യമായ ഒരു പാർപ്പിടകേന്ദ്രമായി മാറാൻ യോഗ്യതയുള്ളതാണ് എന്നതുകൊണ്ടാണ് ഈ ആശങ്ക എന്നും യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ബോൾഡറിലെ ശാസ്ത്രജ്ഞർ പറയുന്നു.
മനുഷ്യ സ്വീകരണി (റിസപ്റ്റർ) കളിലേക്ക് ഈ വൈറസിന് അനായാസം കടന്നെത്താമെന്നും അവിടെ പെറ്റുപെരുകാമെന്നുമാണ് ലബോറട്ടറി പരീക്ഷണങ്ങളിൽ കണ്ടെത്തിയത്. മനുഷ്യനെ ഇത്തരം വൈറസുകളിൽ നിന്നും സരക്ഷിക്കുന്ന മനുഷ്യ പ്രതിരോധ സംവിധാനത്തിലെ പല പ്രധാന ഘടകങ്ങളേയും നിർജ്ജീവമാക്കാനും ഇതിനു കഴിവുണ്ടെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. സാറാ സ്വേയർ പറയുന്നു. ഇത് വളരെ വിരളമായ ഒരു കാര്യമാണ് അതുകൊണ്ടു തന്നെ ഇതിനെ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
ആഫ്രിക്കയിൽ കണ്ടു വരുന്ന മകാക്ക് ഇനം കുരങ്ങുകളിലാണ് ഈ വൈറസ് കണ്ടുവരുന്നത്. കുരങ്ങുകളിൽ ഇത് പനി, ശരീരകലകളിൽ സ്രവങ്ങൾ കെട്ടിക്കിടക്കുക. ആന്തരിക രക്തസ്രാവം തുടങ്ങിയവയ്ക്ക് കാരണമാകുന്നുണ്ട്. മാത്രമല്ല, ഈ വൈറസ് ബാധിച്ച കുരങ്ങുകൾ ഏതാണ്ട് എല്ലാം തന്നെ രോഗം ബാധിച്ച് രണ്ടാഴ്‌ച്ചകൾക്കുള്ളിൽ തന്നെ മരണപ്പെടുകയുമാണ്. എച്ച് ഐ വി വൈറസ് ബാധിക്കുന്നതിനോട് സമാനമായ രീതിയിലാണ് ഈ വൈറസും പ്രതിരോധ സംവിധാനത്തെ ബാധിക്കുന്നത്.
മറുനാടന്‍ മലയാളി ബ്യൂറോ