രണം കണ്ട് കൊറോണയ്ക്ക് മനം മടുത്തോ അതോ ആധുനിക ശാസ്ത്രത്തിനു മുൻപിൽ തോൽവി സമ്മതിച്ചൊ? കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം കോവിഡ് വ്യാപനത്തിൽ ഉണ്ടായിരിക്കുന്നത് 90 ശതമാനത്തിന്റെ ഇടിവാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുമ്പോൾ ഉയരുന്ന സംശയമാണ്. ഏതായാലും, ലോകം മഹാമാരിയുടെ പിടിയിൽ നിന്നും മുക്തമാകുന്നു എന്നതിന്റെ സൂചന തന്നെയാണിത്.

ആഗോളാടിസ്ഥാനത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ പ്രതിവാരം 75,000 മരണങ്ങൾ രേഖപ്പെടുത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ രേഖപ്പെടുത്തുന്നത് പ്രതിവാരം 9400 മരണങ്ങൾ മാത്രമാണ്. 2020 മാർച്ചിൽ കോവിഡ് ശക്തി പ്രാപിച്ചതിനു ശേഷമുള്ള ഏറ്റവും കുറവ് മരണനിരക്ക് കൂടിയാണിത്. കോവിഡ് ഭയത്തിൽ നിന്നും ലോകം ഏറെ മുൻപോട്ട് വന്നിരിക്കുന്നു എന്നും, ഈ കണക്കുകൾ പുതിയ പ്രത്യാശ നൽകുന്നു എന്നും കണക്കുകൾ രേഖപ്പെടുത്തിയ ലോകാരോഗ്യ സംഘടന പറയുന്നു.

അതേസമയം, നിലവിലെ മരണനിരക്കും വലുതു തന്നെയെന്നും, ഇപ്പോഴും കോവിഡ് ഒരു മഹമാരിയായി തുടരുന്നു എന്നും അവർ പറയുന്നു. ഇപ്പോൾ അമേരിക്കയിലാണ് ഏറ്റവുമധികം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പ്രതിവരം 2000 മരണങ്ങൾ വരെയാണ് അവിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ, രോഗവ്യാപന തോതും മരണനിരക്കും വളരെയേറെ കുറഞ്ഞിട്ടുണ്ട്. അമേരിക്കയിലാണ് ഏറ്റവും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതെങ്കിലും, കഴിഞ്ഞ സെപ്റ്റംബറിൽ, കോവിഡിനോടുള്ള യുദ്ധം അവസാനിച്ചു എന്ന് പറഞ്ഞ് നിയന്ത്രണങ്ങൾ എല്ലാം തന്നെ പ്രസിഡണ്ട് ജോ ബൈഡൻ പിൻവലിച്ചിരുന്നു.

ഇതിനെ എതിർത്ത് ഡോ. ആന്റണി ഫോസിയും നിരവധി ഇടതാഭിമുഖ്യമുള്ള ശാസ്ത്രജ്ഞരും അന്ന് രംഗത്ത് എത്തിയിരുന്നു. കോവിഡിനെതിരെയുള്ള യുദ്ധത്തിൽ ഇനിയും പൂർത്തീകരിക്കേണ്ട കാര്യങ്ങൾ ഉണ്ടെന്നായിരുന്നു അന്ന് അവർ പറഞ്ഞിരുന്നത്. കോവിഡിനെതിരെയുള്ള യുദ്ധത്തിൽ മനുഷ്യർ ഏറെ മുൻപോട്ട് പോയിരിക്കുന്നു എന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദനോം ഗെബ്രെയേസസ് പറയുമ്പോഴും നമ്മൾ ജാഗ്രത കൈവിടരുതെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.

ഇപ്പോഴും പ്രതിവാരം 10,000 പേരോളം മരണമടയുന്നുണ്ട്. ഒരു രോഗത്താൽ പതിനായിരത്തോളം പേർ മരിക്കുന്നു എന്നത് ആ രോഗത്തിന്റെ ശക്തിയേയാണ് കാണിക്കുന്നതെന്നും അത് പൂർണ്ണമായും തടയേണ്ടത് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് ഇപ്പോഴും ഒരു മഹാമാരിയായി തന്നെ തുടരുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കോവിഡ് വിഭാഗം ടെക്നിക്കൽ മേധാവിയായ മരിയ വാൻ കെർഖോവും പറയുന്നത്.

മരണനിരക്കിൽ 90 ശതമാനത്തിന്റെ കുറവ് ദൃശ്യമായപ്പോൾ വ്യാപക നിരക്കിൽ ആഗോളാടിസ്ഥാനത്തിൽ കണ്ടത് 88 ശതമാനത്തിന്റെ കുറവാണ്. ഫെബ്രുവരിയിൽ പ്രതിവാരം 18 മില്യൺ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നപ്പോൾ കഴിഞ്ഞയഴ്‌ച്ച റിപ്പോർട്ട് ചെയ്തത് 2.1 മില്യൺ കേസുകൾ മാത്രമായിരുന്നു. കോവിഡിനെ മഹാമാരി എന്ന പദവിയിൽ നിന്നും ഉടനെയൊന്നും നീക്കം ചെയ്യില്ല എന്നു തന്നെയാണ് പുറത്ത് വരുന്ന സൂചനകൾ. അതിനായി, രോഗികളുടെ എണ്ണം, മരണനിരക്ക്, വാക്സിനേഷൻ നിരക്ക് എന്നിവയ്ക്കൊപ്പം സാമൂഹിക രാഷ്ട്രീയ ഘടകങ്ങളും പരിഗണിച്ച് ഒരു പാനൽ തീരുമാനം എടുക്കേണ്ടതുണ്ട്.

ചൈനയിൽ ഇപ്പോഴും കോവിഡിനെ നിയന്ത്രിക്കാനായി കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നുണ്ട്. വൈറസിനൊത്ത് ജീവിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ ശീലിച്ചപ്പോഴും മറ്റു ചില രാജ്യങ്ങൾക്ക് അതുമായി ഒത്തുപോകാൻ ആകുന്നില്ല എന്നാണ് ഇത് തെളിയിക്കുന്നത്.