കോവിഡിനെ പൂർണ്ണമായും കീഴടക്കാനായില്ലെങ്കിലും, ആധുനിക ശാസ്ത്രത്തിന്റെ സഹായത്തോടെ ഈ മാരക രോഗത്തെ വരുതിയിലാക്കി പഴയ നിലയിൽ സാധാരണ ജീവിതത്തിലേക്ക് നീങ്ങുകയാണ് ലോകം. അതിനിടയിലാണ് പുതിയ ആശങ്കകൾ ഉയർത്തിക്കൊണ്ട് സിഡ്നിയിലെ ആരോഗ്യ പ്രവർത്തകയായ മെലേയ്ൻ ലെഫ്ലർ മരണമടയുന്നത്. തന്റെ പ്രിയപ്പെട്ടവർക്ക് ശുഭരാത്രി നേർന്ന് ഉറങ്ങാൻ പോയഅവർ പറഞ്ഞത് തന്റെ അവസാന വാക്കുകൾ ആയിരുന്നു എന്ന് പ്രിയപ്പെട്ടവർ അറിഞ്ഞില്ല.

ഇക്കഴിഞ്ഞ നവംബർ 19 നായിരുന്നുൻ മെലെയ്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. പരിശോധനാ ഫലം വന്ന് ഏതാനും മണിക്കൂറുകൾക്കകം ഉറങ്ങാൻ പോയ ഈ 39 കാരി പിന്നെ ഉറക്കമുണർന്നില്ല. മെലെയ്ന്റെ മരണകാരണം ഇനിയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അവരുടെ സഹോദരൻ ക്രിസ് ലെഫ്ലെർ പറയുന്നത് ഹൃദയ സംബന്ധമായ പ്രശ്നങ്ങളാലാണ് മെലെയ്ൻ മരണമടഞ്ഞതെന്നാണ്.

മരണ സമയത്ത് കോവിഡ് ഉണ്ടായിരുന്നു എന്നതുകൊണ്ട് അത് മരണത്തിനുള്ള കാരണം ആകണമെന്നില്ല. അതേസമയം കോവിഡിനു കാരണമാകുന്ന സാർസ് കോവ് 2 വൈറസിന് ഹൃദയത്തെയും ബാധിക്കാൻ ആകും എന്ന വസ്തുത കുറച്ചു കാണാനും കഴിയില്ല. വൈറസിന് നേരിട്ട് ശരീരത്തിൽ പ്രവേശിച്ച് വീക്കം ഉണ്ടാക്കുവാൻ കഴിയും. അതിന്റെ പ്രത്യാഘാതം ഹൃദയത്തിൽ ഉണ്ടാവുകയും മയോകാർഡിറ്റിസ്, പെരി കാർഡിറ്റിസ് എന്നിവക്ക് കാരണമാവുകയും ചെയ്യാം. ഹൃദയത്തിലെ മാംസപേശികളിലോ, ഹൃദയത്തിന്റെ ഉപരിതലത്തിലോ വീക്കം ഉണ്ടാകുന്ന അവസ്ഥയാണിത്.

ഇത്തരത്തിൽ ഉണ്ടാകുന്ന വീക്കം മൂലം രക്തം കട്ടപിടിക്കാനും ഹൃദയത്തിലേക്കുള്ള രക്തമൊഴുക്ക് തടസ്സപ്പെടുത്താനും കഴിയും. മസ്തിഷ്‌കത്തിലേക്കുൾല രക്തപ്രവാഹവും തടസ്സപ്പെട്ടേക്കാം. അതുമൂലാം ഹൃദയാഘാതമോ ഹൃദയ സ്തംഭനമോ സംഭവിച്ചേക്കാം. മാത്രമല്ല, താളം തെറ്റിയ ഹൃദയമിടിപ്പ്, കാലുകൾ, ശ്വാസകോശം എന്നിവിടങ്ങളിൽ രക്തം കട്ടപിടിക്കൽ തുടങ്ങിയവയ്ക്കും കോവിഡ് കാരണമായേക്കാം എന്ന് യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിലെ പ്രൊഫസർ ഗാരി ജെന്നിങ്സ് പറയുന്നു.

ആരോഗ്യ പ്രവർത്തകയായിരുന്ന മെലെയ്ൻ വാക്സിന്റെ മൂന്ന് ഡോസുകളും എടുത്തിരുന്നു എന്നതാണ് വസ്തുത. അതുകൊണ്ടു തന്നെ ഈ സംഭവം ശാസ്ത്രലോകത്തെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ പുറത്തു വന്നോ എന്നതാണ് ഇപ്പോഴത്തെ ആശങ്ക. മാരകമായ പ്രഹര ശേഷിയുള്ളതും, വാക്സിനെ പ്രതിരോധിക്കാൻ ശേഷിയുള്ളതുമായ പുതിയ വകഭേദം എത്തിയാൽ ലോകം പഴയ ഇരുണ്ട നാളുകളിലേക്ക് മടങ്ങിപ്പോവുക തന്നെ ചെയ്യും.