ബ്രിട്ടനിൽ കോവിഡ് കേസുകൾ ഒരാഴ്‌ച്ച കൊണ്ട് വർദ്ധിച്ചത് 9 ശതമാനം. ഇതുവരെ 12 ലക്ഷത്തോളം പേർക്ക് കോവിഡ് ബാധിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഏതെങ്കിലും വിധത്തിലുള്ള കോവിഡ് ലക്ഷണങ്ങൾ പ്രദർശിപ്പിച്ചാലോ, സംശയങ്ങൾ തോന്നിയാലോ ഈ ഉത്സവകാലത്ത് പ്രിയപ്പെട്ടവരുമായി അടുത്തിടപഴകരുതെന്ന് യു കെ ഹെൽത്ത് സെക്യുരിറ്റി ഏജൻസി അധികൃതർ നിർദ്ദേശിക്കുന്നു.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒ എൻ എസ്) കണക്കുകൾ പ്രകാരം 12 ലക്ഷം പേരാണ് ഡിസംബർ 9 വരെയുള്ള ആഴ്‌ച്ചയിൽഉണ്ടായിരുന്നത്. ഇത് ഇംഗ്ലണ്ടിലെ മാത്രം കണക്കാണ്. നാല് ദിവസം മുൻപ് ഏകദേശം 11 ലക്ഷം പേർക്ക് കോവിഡ് ബാധ ഉണ്ടായിരുന്നതായും കണക്കാക്കിയിട്ടുണ്ട്. തണുത്ത കാലാവസ്ഥ തുടരുന്നതിനാലും, ഉത്സവ കാലമയതിനാലും, മുറികൾക്കുള്ളിൽ ആളുകൾ ഇടപഴകുന്നത് കൂടുതലാകുമെന്നതിനാൽ വരും ദിവസങ്ങളിൽ കോവിഡ് വ്യാപനം വർദ്ധിക്കും എന്നാണ് വിദഗ്ദ്ധർ പറയുന്നത്.

രോഗവ്യാപനം ഇപ്പോഴുമുണ്ടെന്നും, അതിന്റെ നിരക്ക് വർദ്ധിക്കുക തന്നെയാണെന്നും യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയിലെ പൊതുജനാരോഗ്യ വിദഗ്ധൻ പ്രൊഫസർ പോൾ ഹണ്ടർ പറയുന്നു. എന്നാൽ, മുൻകാല തരംഗങ്ങളുടെ അത്ര വേഗതയിൽ വർദ്ധിക്കുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇംഗ്ലണ്ട്, സ്‌കോട്ട്ലാൻഡ്, വെയ്ൽസ് എന്നിവിടങ്ങളിൽ കോവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചു വരുന്നു എന്നാണ് മറ്റൊരു രേഖ കാണിക്കുന്നത്.

ഫ്ളൂ വ്യാപനവും ശക്തമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ബ്രിട്ടനിൽ കോവിഡിന്റെ നാലാം തരംഗം അരങ്ങേറുന്നത് എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ഫ്ളൂ ബാധിച്ച്ആശുപത്രികളിൽ ചികിത്സതേടിയെത്തുന്നവരുടെ എണ്ണം ഈ വർഷം കഴിഞ്ഞ വർഷത്തിന്റെ 60 മടങ്ങായിരുന്നു എന്ന് ഒരു റിപ്പോർട്ടിൽ പറയുന്നു. സ്‌കോട്ട്ലാൻഡിൽ കഴിഞ്ഞ ഒരാഴ്‌ച്ചകൊണ്ട് കോവിഡ് വ്യാപനതോതിൽ 30 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായതായി ഒ എൻ എസിന്റെ മറ്റൊരു റിപ്പോർട്ടിൽ പറയുന്നു.

കോവിഡ് തരംഗത്തിൽ ആടിയുലഞ്ഞ് ചൈന

ഈ ഡിസംബറിലെ ആദ്യ 20 നാളുകളിൽ മാത്രം 250 ദശലക്ഷം പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ചൈനയുടെ ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തുന്നു. മൊത്തംജനസംഖ്യയിൽ 18 ശതമാനം പേർക്ക് കോവിഡ് ബാധിച്ചതായി ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ റിപ്പോർട്ടിൽ പറയുന്നു. സീറോ കോവിഡ് നയത്തിന്റെ ഭാഗമായി നടപ്പിലാക്കിയിരുന്ന കർശന നിയന്ത്രണങ്ങൾ പിൻവലിച്ചതിനു തൊട്ടുപിന്നലെയാണ് രോഗവ്യാപനതോത് കുതിച്ചുയരാൻ തുടങ്ങിയത്.

ആശുപത്രികളിൽ പ്രവേശിപ്പിക്കാൻ സാധിക്കുന്നതിലും കൂടുതൽ രോഗികൾ എത്തിക്കഴിഞ്ഞു. മോർച്ചറികളിൽ മൃതദേഹങ്ങൾ സൂക്ഷിക്കാൻ ഇടമില്ലാതായിരിക്കുന്നു. അതേസമയം, പരിശോധനകളുടെ എണ്ണം കുറച്ചതോടെ ഇപ്പോൾ രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. കുറഞ്ഞ വാക്സിനേഷൻ നിരക്കും, കാര്യക്ഷമത കുറഞ്ഞ വാക്സിനേഷനും മൂലമുണ്ടായ കുറഞ്ഞ പ്രതിരോധ ശേഷിയാണ് ഇപ്പോൾ ഈ കുതിച്ചു ചാട്ടത്തിന് കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. വരുന്ന മാസങ്ങളിൽ, ചൈനയിൽ മാത്രം കോവിഡ് ബാധിച്ച് പത്ത് ലക്ഷത്തോളം പേർ മരണമടയുമെന്നാണ് ഒരു വിലയിരുത്തൽ.

മഹാമാരി ഭൂമുഖം വിട്ടൊഴിഞ്ഞിട്ടില്ല എന്നാണ് ചൈനയിലെ സാഹചര്യം തെളിയിക്കുന്നത് എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച്ച മാത്രം 37 മില്യൺ ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തിന്റെ ജനസംഖ്യയിലെ 2.6 ശതമാനം വരും ഇത്.