ജിംനേഷ്യങ്ങളിലെ കസർത്തുകൾ മുതൽ നൃത്തക്ലാസ്സുകൾ വരെ, കായിക വ്യായാമങ്ങൾ എന്നും മനുഷ്യന്റെ ശരീരത്തിനും മനസ്സിനും ഉണർവേകുന്നതായി തെളിഞ്ഞിട്ടുണ്ട്. എന്നാൽ, ഇപ്പോൾ നിങ്ങളുടെ മനസ്സിന് ഉണർവുണ്ടാകാനായി ഗ്വേഷകർ പുതിയൊരു വഴി കണ്ടെത്തിയിരിക്കുകയാണ്, ശ്വാസം ആഞ്ഞുവലിച്ചുകൊണ്ടുള്ള ഒരു ഡീപ് ബ്രീത്തിങ് എക്സർസൈസിലൂടെ അത് നേടിയെടുക്കാം എന്നാണ് അവർ പറയുന്നത്.

ചുരുങ്ങിയത് ഒരു മാസക്കാലമെങ്കിലും, എല്ലാ ദിവസവും അഞ്ചു മിനിറ്റ് നേരം ഡീപ് ബ്രീത്തിങ് എക്സർസൈസ് ചെയ്യുന്നവർ അവരുടെ ഉത്കണ്ഠയും വിഷാദവും അകറ്റുന്നതായും മനോനില മെച്ചപ്പെടുത്തുന്നതായും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തി. ഈ പരീക്ഷണത്തിൽ പങ്കാളികളായ 108 പേരോട്, മൂന്ന് ബ്രീത്തിങ് എക്സർസൈസുകളിൽ ഏതെങ്കിലും ഒരെണ്ണമോ മൈൻഡ്ഫുൾനസ്സ് മെഡിറ്റേഷനോ 5 മിനിറ്റ് നേരത്തേക്ക് ദിവസേന പരിശീലിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ഇതിൽ, സൈക്ലിക് സൈയിങ് എന്ന ആദ്യത്തെ എക്സർസൈസ് 30 പേർ പരിശീലിച്ചു. അകത്തേക്ക് ശ്വാസം മെല്ലെ വലിച്ചെടുത്ത്, പിന്നീട് ശ്വാസകോശം നിറച്ച്, സാധ്യമായത്ര നേരമെടുത്ത് അത് പുറത്തേക്ക് വിടുന്നതാണ് ഈ എക്സർസൈസ്. 21 പേർ പരിശീലിക്കാൻ തയ്യാറായത് ബോക്സ് ബ്രീത്തിങ് എക്സർസൈസ് ആയിരുന്നു. അകത്തേക്ക് ശ്വാസം വലിച്ച് അത് അല്പനേരം പിടിച്ചു നിർത്തുക. പിന്നീട് പുറത്തേക്ക് വിട്ട് അല്പനേരം പിടിച്ചു നിൽക്കുക. ഇതാണ് ഈ എക്സർസൈസ്.

മൂന്നാമത്തെ എക്സർസൈസ് ആയ സൈക്ലിക് ഹൈപ്പർവെന്റിലേഷൻ പരിശീലിക്കാൻ 33 പേർ മുൻപോട്ടു വന്നു. ആഴത്തിൽ ശ്വാസം ഉള്ളിലേക്ക് എടുത്ത്, 30 തവണകളായി അൽപാൽപം അത് പുറത്തേക്ക് വിടുന്നതാണ് ഈ എക്സർസൈസ്.ബാക്കിയുള്ള 24 പെർ മൈൻഡ്ഫുൾനെസ്സ് മെഡിറ്റേഷൻ പരിശീലനം ആരംഭിച്ചു. എന്നാൽ അവർ ഏതെങ്കിലും തരത്തിലുള്ള ശ്വസന നിയന്ത്രണ മാർഗ്ഗങ്ങൾ പരിശീലിച്ചിരുന്നില്ല.

ഒരു മാസത്തിനു ശേഷം ഈ ഗവേഷണത്തിൽ പങ്കെടുത്തവരോട് രണ്ട് ചോദ്യാവലികൾ പൂരിപ്പിച്ചു നൽകാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് അവരുടേ മനോനിലയിലും, ഉത്കണ്ഠയിലും ഉണ്ടായ മാറ്റങ്ങൾ വിശകലനം ചെയ്തു. ഈ പരിശീലനം തുടങ്ങുന്നതിനു മുൻപ് ഇവർ പൂരിപ്പിച്ചു നൽകിയ രണ്ട് ചോദ്യാവലികളുമായി താരതമ്യം ചെയ്തായിരുന്നു പഠനം നടത്തിയത്.

ശ്വാസ നിയന്ത്രണ കായിക വ്യായാമം ചെയ്തവരിൽ ഫലം അത് ചെയ്യാതിരുന്നവരെക്കാൾ ഉയർന്നതായിരുന്നു എന്നാണ് ഗവേഷകർ പറയുന്നത്.