- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾ എത്രകാലം ജീവിച്ചിരിക്കും ? നിങ്ങളുടെ ഹൃദയത്തിന് എത്ര വർഷത്തെ ആയുസ്സുണ്ട്? ഈ ഓൺലൈൻ കാൽക്കുലേറ്ററിലൂടെ മനസ്സിലാക്കുക; പാലൊഴിക്കാതെ കാപ്പി കുടിച്ചാൽ എന്തു സംഭവിക്കുമെന്നു കൂടി അറിയുക
ജീവിതം ഒരു പ്രഹേളികയാണെന്നത് എന്നോ കേട്ടുമറന്ന ഒരു നാടക ഡയലോഗാണ്. എന്നാൽ, ആ പ്രഹേളികയിലൂടെ കടന്നുപോകുന്ന ഓരോ മനുഷ്യനും ശ്രമിക്കുന്നത് ജീവിതം എന്തിന് എന്നുള്ളതിന്റെ ഉത്തരമല്ല, അത് എത്രനാൾ എന്നതിന്റെ ഉത്തരമാണ്. ഓരോ മനുഷ്യനും ജീവിക്കുന്നത് മരണത്തെ മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ്. മരണം എന്നത് ഒരു സത്യമാണെന്ന് മനസ്സിലാക്കുമ്പോഴും തനിക്കത് ഉണ്ടാകരുതെന്ന് ആഗ്രഹിക്കുകയും ചെയ്യും.
ഇനിയും എത്രനാൾ എന്നത് ജീവിക്കുന്ന ഓരോ മനുഷ്യനേയും വലക്കുന്ന ചോദ്യമാണ്. ഇപ്പോൾ അതിന് ഉത്തരം കണ്ടെത്തുവാൻ ഒരു കാൽക്കുലേറ്റർ എത്തിയിരിക്കുകയാണ്. ഇത് ജാലവിദ്യയോ അതീന്ദ്രീയ ജ്ഞാനമോ ഒന്നുമല്ല, തികച്ചും ശാസ്ത്രീയമായ ഒന്ന്. നിങ്ങൾ നൽകുന്ന വിവരങ്ങൾ ശാസ്ത്രീയമായി അപഗ്രഥിച്ച് നിങ്ങൾ എത്രനാൾ ജീവിക്കുമെന്ന് കണ്ടെത്തുന്ന ഒരു ഓൺലൈൻ കാൽകുലേറ്റർ.
നിങ്ങളുടെ വയ്സ്സ്, ഉയരം, രോഗങ്ങൾ ഉണ്ടെങ്കിൽ ആ വിവരം, ജനിതക വൈകല്യങ്ങൾ ഉണ്ടെങ്കിൽ അത് എന്നിവയ്ക്ക് പുറമെ വിദ്യാഭ്യാസം, വിവാഹിതനോ അല്ലയോ എന്നത്, വരുമാനം, വ്യായാമശീലം, തുടങ്ങി വർത്തമാനകാലത്തെ മറ്റു ഘടകങ്ങളും ഈ കാൽക്കുലേറ്ററിന് ഓൺലൈൻ വഴി നൽകണം. ഇതിനെയെല്ലാം വിശകലനം ചെയ്തായിരിക്കും കാൽക്കുലേറ്റർ, നിങ്ങൾ എത്ര വർഷം ജീവിച്ചിരിക്കും എന്ന് പറയുക.
അമേരിക്കയിലെ ബ്ലൂപ്രിന്റ് ഇൻകം വികസിപ്പിച്ചെടുത്ത ഈ കാൽക്കുലേറ്റർ നഷണൽ ഇൻസ്റ്റിറ്റിയുട്ട് ഓഫ് ഹെൽത്തിൽ നിന്നുള്ള 4 ലക്ഷത്തോളം പേരുടെ വിവരങ്ങൾ സംഭരിച്ച് പരീക്ഷിച്ചു വരികയാണ്. സമാനമായ മറ്റൊരു കാൽക്കുലേറ്റർ ആയ കാർഡിയോ സെക്യൂർ വഴി നിങ്ങൾക്ക് ഹൃദയാഘാതം വരുവാനുള്ള സാധ്യത ഉണ്ടോ എന്നും കണ്ടെത്താൻ ആകും.
ശാരീരിക വിവരങ്ങൾക്കൊപ്പം ഒരു വ്യക്തിയുടെ വരുമാനം, വിദ്യാഭ്യാസം, വിവാഹിതനാണോ അല്ലയോ എന്ന വിവരം തുടങ്ങിയവയും ഈ കാൽക്കുലേറ്റർ ആവശ്യപ്പെടുന്നത് ആ ഘടകങ്ങളും ഒരു മനുഷ്യന്റെ ആയുസ്സിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്നു എന്നതുകൊണ്ടാണ്. 2021-ൽ പ്രിൻസെടൺ യൂണിവേഴ്സിറ്റിയില ഗവേഷകർ പുറത്തുവിട്ട ഒരു പഠന റിപ്പോർട്ടിൽ പറയുന്നത് കോളേജ് ഡിഗ്രി ഉള്ളവർ മറ്റുള്ളവരേക്കാൾ 10 വർഷം കൂടുതൽ ജീവിച്ചിരിക്കുന്നു എന്നാണ്. 1990 കളിലായിരുന്നു ഇവർ ഈ പഠനം ആരംഭിച്ചത്. ആയുസ്സ് നിർണ്ണയിക്കുന്നതിൽ വിദ്യാഭ്യാസത്തിനു പങ്കുണ്ടോ എന്നതായിരുന്നു പാഠ്യ വിഷയം.
അതുപോലെ 2016 ൽ ഹാർവർഡ് യൂണിവേഴ്സിറ്റി പുറത്തുവിട്ട ഫലം പറയുന്നത് ധനികർക്ക് പൊതുവേ അയുസ്സ് കൂടുതലാണ് എന്നതാണ്. പഠനം നടത്തിയവരിൽ ഏറ്റവും ധനികരായവർ, ഏറ്റവും ദരിദ്രരായവരെക്കാൾ ശരാശരി 15 വർഷം കൂടുതൽ ജീവിച്ചിരുന്നതായി ആ റിപ്പോർട്ടിൽ പറയുന്നു. ഇതിന് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത് ധനികർക്ക് എല്ലാ വിധ പോഷകാഹാരങ്ങളും ലഭ്യമാകും എന്നതാണ്. അതുപോലെ വിവാഹിതർക്ക് അവിവിഹാതിരേക്കാൾ ആയുസ്സുകൂടുമെന്നും മറ്റൊരു പഠനം കണ്ടെത്തിയിട്ടുണ്ട്.
കട്ടൻ കാപ്പി കുടിക്കുന്നത് നല്ലതോ ?
അതിരാവിലെ ചൂടോടെ ഒരു കട്ടനടിച്ചാൽ അന്ന് മുഴുവൻ അതിന്റെ ഉഷാറ് നിലനിൽക്കും എന്നാണ് പണ്ടുള്ളവർ പറയുന്നത്. വലിയൊരു പരിധിവരെ അത് ശരിയാണെന്ന് ശാസ്ത്രലോകവും സമ്മതിക്കുന്നുണ്ട്. മാത്രമല്ല, അമിത ശരീരഭാരം ഉള്ളവർക്ക് അത് കുറയ്ക്കുന്നതിനും കട്ടൻ കാപ്പി നല്ലതാണെന്ന് പറയുന്നു. കൂടുതൽ കൊഴുപ്പും കലോറിയും ഒഴിവാക്കാൻ ശ്രമിക്കുന്നവർക്ക് പാലൊഴിച്ച കാപ്പിയേക്കാൾ നല്ലത് കട്ടൻ ആണു താനും.
എന്നാൽ അമിതമായി കട്ടൻ കുടിച്ചാൽ അത് ശരീരത്തെ പ്രതികൂലമായി ബാധിക്കും എന്ന് കണ്ടെത്തിയിരിക്കുന്നു. മനുഷ്യ ശരീരത്തിൽ ഉയർന്ന അളവിലുള്ള സ്ട്രെസ്സ് ഹോർമോണുകൾ രൂപപ്പെടുന്നതിന് ഇത് കാരണമകും. അതോടെ നിങ്ങൾക്ക് മാനസിക സമ്മർദ്ദം, ഉത്കണ്ഠ എന്നിവ വർദ്ധിക്കും. മാത്രമല്ല, സമാധാനത്തോടെയുള്ള ഉറക്കവും നഷ്ടപ്പെട്ടേക്കാം.
മറുനാടന്‍ മലയാളി ബ്യൂറോ